ചെറുവത്തൂർ: പതിനാലാം വയസ്സിൽ തുടങ്ങിയ അധ്വാനം 94ലും തുടരുന്ന രാമൻ പറയുന്നത് ഒറ്റക്കാര്യംമാത്രം.‘ വിശ്രമിക്കാനായില്ലെന്ന്’. കൊടക്കാട് കുഞ്ഞിപ്പാറയിലെ കല്ലംചിറ രാമൻ എന്ന നാട്ടുകാരുടെ രാമാട്ടനാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ ഈ പ്രായത്തിലും കാർഷികവൃത്തിയിൽ കർമനിരതനാവുന്നത്. മണ്ണിനെ അത്രത്തോളം സ്നേഹിക്കുന്ന രാമന് മണ്ണ് ചതിക്കില്ലെന്നതാണ് അനുഭവപാഠം. ജൈവകൃഷി മാത്രമേ ഈ കാലത്തോളം ചെയ്തിട്ടുള്ളൂ.
രാവിലെ 6 മണിക്ക് മണ്ണിലേക്കിറങ്ങുന്നതാണ് ദിനചര്യ. സ്വന്തം കൃഷിയിടത്തിൽ വെയിൽ കടുക്കുംവരെ രാമേട്ടൻ സജീവമാകും. ഇടയിളക്കൽ, കിളക്കൽ, തടം കോരൽ എന്നിവയാണ് പ്രധാനമായും ചെയ്യുന്ന തൊഴിൽ. ഇപ്പോൾ കുരുമുളക് പറിക്കലിലും സജീവമാണ്. വലിയ മരത്തിന് മേൽ ഏണി ചാരിവെച്ചാണ് മുളക് പറിക്കുന്നത്.
അറുപത് വയസ്സുവരെ നാട്ടിലെ നാടൻപണികളിൽ പ്രധാനിയായിരുന്നു രാമൻ. പിന്നീട് തന്റെ ഒരേക്കർ കൃഷിഭൂമിയിൽ പൊന്ന് വിളയിക്കുകയായിരുന്നു. ഭാര്യ, മകൾ, പേരക്കുട്ടി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഈ മനുഷ്യൻ. അന്നം മുടങ്ങരുതല്ലോ; അതുകൊണ്ടാണ് രാമേട്ടൻ പറയുന്നത് 'വിശ്രമിക്കാനായില്ലെന്ന് '.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.