റിയാദ്: സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ബഹിരാകാശത്ത് പട്ടം പറത്തൽ പരീക്ഷണം നടത്തി സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് രാജ്യത്തെ 47 സ്കൂളുകളിലെ 12,000 മിഡിൽ ക്ലാസ് വിദ്യാർഥികളാണ് വാനലോകത്തെ പട്ടം പറത്തൽ പരീക്ഷണം ലൈവായി കണ്ടത്. തത്സമയ വിഡിയോ ഫീഡിലൂടെ ബഹിരാകാശയാത്രികരുമായി വിദ്യാർഥികൾ നേരിട്ട് ആശയവിനിമയം നടത്തി.
ഇരു ബഹിരാകാശസഞ്ചാരികളോടും വിദ്യാർഥികൾ സംശയങ്ങൾ ചോദിക്കുകയും പരീക്ഷണഫലങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ബഹിരാകാശ പരിസ്ഥിതിയിലും ഭൂഗുരുത്വാകർഷണ പരിധിക്കുള്ളിലും പറക്കുന്ന പട്ടങ്ങളുടെ സ്വഭാവം താരതമ്യം ചെയ്യാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി. നിറമുള്ള ദ്രാവകങ്ങളുടെ ഭൂമിയിലും ബഹിരാകാശത്തുമുള്ള വ്യത്യസ്ത സ്വഭാവങ്ങൾ അവർ വിദ്യാർഥികൾക്ക് വിശദീകരിച്ചുകൊടുത്തു.
കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി കമീഷൻ, വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ, റിയാദ് മിസ്ക് സ്കൂളുകൾ എന്നിവയുമായി സഹകരിച്ച് സൗദി സ്പേസ് കമീഷനാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്. സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി വിദ്യാർഥി സമൂഹത്തിൽനിന്ന് പുതിയ ഗവേഷകരെയും ശാസ്ത്രജ്ഞരെയും കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന നയത്തിന്റെ ഭാഗമായാണ് പരീക്ഷണം സംഘടിപ്പിച്ചത്.
ബഹിരാകാശ മേഖല വികസിപ്പിക്കുന്നതിൽ രാജ്യത്തിന്റെ പങ്ക് വർധിപ്പിക്കാനും ആഗോള ബഹിരാകാശ ശാസ്ത്ര ഗവേഷണ സമൂഹത്തിൽ സൗദിയുടെ സ്ഥാനം ഉയർത്താനും ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളാണ് വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.