കുന്ദമംഗലം: ഒന്നിടവിട്ട ദിവസങ്ങളിലെ ഡയാലിസിസ്, വിടാതെ പിന്തുടരുന്ന രോഗപീഡകൾ... രോഗം നൽകിയ അവശതക്കിടയിലും ഗംഗാധരൻ മാസ്റ്റർ വായന വിട്ടിട്ടില്ല. ചാത്തമംഗലം എടത്തോലത്ത് വീട്ടിൽ എ. ഗംഗാധരൻ നായർ എന്ന ഗംഗാധരൻ മാസ്റ്റർ ഇപ്പോഴും വായനയുടെ ലോകത്തുതന്നെയാണ്.
അടിയന്തരാവസ്ഥ മുതൽ സംഭവബഹുലമായ പൊതുജീവിതത്തിലൂടെ കടന്നുവന്ന ഗംഗാധരൻ മാസ്റ്റർ ഒരു വർഷം മുമ്പ് വരെ കർമനിരതനായിരുന്നു. ചാത്തമംഗലം പൊതുജന വായനശാലയിലൂടെ ആരംഭിച്ച ഗ്രന്ഥശാല പ്രവർത്തനം സംസ്ഥാനം വരെ വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1958ൽ വായനശാലയിൽ കമ്മിറ്റി അംഗമായ അദ്ദേഹം ഇന്നും വായനശാലയുടെ അവിഭാജ്യ ഘടകമാണ്.
എ പ്ലസ് ഗ്രേഡ് ലൈബ്രറിയായ ചാത്തമംഗലം പൊതുജന വായനശാലയെ ജില്ലയിലെ മികച്ച ഗ്രന്ഥശാലകളിൽ ഒന്നാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1965 മുതൽ കോഴിക്കോട് താലൂക്ക് ഗ്രന്ഥശാല യൂനിയൻ അംഗമായ അദ്ദേഹം 2000ത്തിൽ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ജോ. സെക്രട്ടറിയായി. 2005 മുതൽ 2015 വരെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായും 2015 മുതൽ 2020 വരെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗമായും പ്രവർത്തിച്ചു. വായനയോടുള്ള അടങ്ങാത്ത ദാഹം കാരണം അദ്ദേഹം വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ വിവിധ ഗ്രന്ഥശാലകൾക്ക് നൽകുകയാണ് പതിവ്.
പുതുതലമുറക്ക് വായനയോട് താൽപര്യം കൂടിവരുന്നുണ്ട് എന്നതിൽ അദ്ദേഹം ഏറെ സന്തുഷ്ടനാണ്. വായന തനതായ വ്യക്തിത്വം രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. 1939 ജനിച്ച ഗംഗാധരൻ മാസ്റ്റർ 1958ൽ ചാത്തമംഗലം പഞ്ചായത്തിൽ ക്ലർക്ക് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964ൽ മലയമ്മ എ.യു.പി സ്കൂളിൽ അധ്യാപകനായി. 1994ൽ പ്രധാനാധ്യാപകനായി റിട്ടയർ ചെയ്തശേഷം പൊതുപ്രവർത്തന രംഗത്ത് കർമനിരതനായി. ചാത്തമംഗലത്തെ സാംസ്കാരിക സംഘടനകളായിരുന്ന കൈരളി തിയറ്റേഴ്സ്, സ്നേഹലത തിയറ്റേഴ്സ്, നവചേതന എന്നിവയുടെയെല്ലാം മുൻനിരയിലുണ്ടായിരുന്നു. ഭാര്യ: ജാനു. മക്കൾ: എ.ജി. അനിത, എ.ജി. സുനിത (ഇരുവരും അംഗൻവാടി അധ്യാപകർ), എ.ജി. അജീഷ് (ക്ലർക്ക്, സഹകരണ ആശുപത്രി കോഴിക്കോട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.