പയ്യന്നൂർ: കണ്ടും തൊട്ടും ചെയ്തും പഠിക്കുമ്പോഴാണ് പഠനം കൂടുതൽ രസകരവും വിജ്ഞാനപ്രദവും ആസ്വാദ്യകരവുമാവുക. ഇക്കാര്യം വർഷങ്ങളായി മലയാളിയെ ഓർമപ്പെടുത്തുന്ന ദിനേഷ് കുമാർ മാഷ് വിരമിച്ചശേഷവും വിദ്യാലയങ്ങളിൽ സജീവം. മാഷിന്റെ ശാസ്ത്രപരീക്ഷണ ക്ലാസ് ഇനി കേരളം മുഴുവൻ ആസ്വദിക്കും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ച കേരളയാത്രയാണ് ശാസ്ത്രബോധനത്തിൽ പുതുചരിതം രചിക്കുന്നത്. ശാസ്ത്രപരീക്ഷണ കളരി 2800ലധികം വേദികൾ പിന്നിട്ടുകഴിഞ്ഞു.
മന്ത്രം ചൊല്ലി തീ കത്തിക്കാൻ കഴിയില്ലെന്നും ഏത് കാര്യത്തിന് പിന്നിലും ഒരു കാരണമുണ്ടെന്നും ആ കാര്യം അന്വേഷിച്ചാൽ എത്തിച്ചേരുന്നത് ഏതെങ്കിലും ഒരു ശാസ്ത്രാശയത്തിലായിരിക്കുമെന്നും ഓരോ ശാസ്ത്രപരീക്ഷണ ക്ലാസിലൂടെയും ഇദ്ദേഹം വ്യക്തമാക്കുന്നു. മതേതരത്വവും ശാസ്ത്രബോധവും മാനവികതയും ചേർന്നുപോകുന്ന ഈ വർത്തമാന കാലത്ത് ചിന്തയുടെ വെള്ളിവെളിച്ചത്തിലേക്ക് കേരളത്തെ നയിക്കാനാണ് ശാസ്ത്രത്തിന്റെ കൈത്തിരി ഉയർത്തിപ്പിടിച്ച് ദിനേഷ് കുമാർ തെക്കുമ്പാടെന്ന ശാസ്ത്രാധ്യാപകന്റെ ജൈത്രയാത്ര. യാത്ര നവംബർ 14ന് തിരുവനന്തപുരത്ത് സമാപിക്കും. 14ന് ലഘു പരീക്ഷണങ്ങൾ, ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്, ശാസ്ത്ര മാജിക്, ദിവ്യാത്ഭുത അനാവരണം എന്നിവ അടങ്ങിയ 75 പരീക്ഷണങ്ങൾ പതിനായിരങ്ങളെ സാക്ഷിയാക്കി 12 മണിക്കൂർ തുടർച്ചയായി കാണിക്കുമെന്ന് ദിനേഷ് കുമാർ പറഞ്ഞു.
കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ തെക്കുമ്പാട് സ്വദേശിയായ ഇദ്ദേഹം 12 മണിക്കൂർ തുടർച്ചയായി ശാസ്ത്രപരീക്ഷണ ക്ലാസ് നടത്തി യുനൈറ്റഡ് റെക്കോഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയിട്ടുണ്ട്. 10 കൊല്ലം തുടർച്ചായി സംസ്ഥാന ശാസ്ത്രമേളയിൽ അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട് മത്സരം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. മൂന്നു തവണ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്തു. മുംബൈ, കൊൽക്കത്ത ബംഗളൂരു എന്നിവിടങ്ങളിൽ ശാസ്ത്ര ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മുംബൈയിൽനിന്ന് ഗ്ലോബൽ ടീച്ചേഴ്സ് അവാർഡും നിരവധി സംസ്ഥാന-ദേശീയ പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.