എവറസ്റ്റ്, മക്കിൻലി, കിളിമൻജാരോ, എൽബ്രസ് തുടങ്ങി 246കൊടുമുടികളുടെ ഉച്ചിയിലേക്ക് പിന്തിരിഞ്ഞു നോക്കാതെ കയറുകയാണൊരാൾ. അഞ്ചുവർഷത്തിനിടയിലാണ് ഇത്രയും പർവ്വതങ്ങൾ കീഴടക്കാൻ തീരുമാനിച്ചുറച്ചിരിക്കുന്നത്. 67പർവ്വതങ്ങളുടെ ഉയരങ്ങളിൽ അയാൾ കൊടിനാട്ടിക്കഴിഞ്ഞു. ബാക്കിയുള്ള ഓരോ കൊടുമുടികളും അടുത്ത വർഷങ്ങളിൽ നാൽപത് പിന്നിട്ട ഈ സാഹസികൻ കയറിത്തീർക്കും. സമാധാനത്തിെൻറ സന്ദേശവുമായാണ് സഈദ് അൽ മമാരി എന്ന ആഗോളതലത്തിൽ അറിയപ്പെട്ട ഇമാറാത്തി പർവ്വതാരോഹകൻ അതിസാഹസികമായ ഈ ദൗത്യത്തിനിറങ്ങിയിരിക്കുന്നത്.
എല്ലാ മനുഷ്യരും ആദ്യമായും അവസാനമായും തേടുന്നത് സമാധാനമാണെന്നും, ആ സന്ദേശം പ്രചരിപ്പിക്കാൻ കഴിയുന്നത് സന്തോഷകരമാണെന്ന് അൽ മമാരി 'ഗൾഫ് മാധ്യമ'ത്തോട് തെൻറ ഉദ്യമത്തെ കുറിച്ച് പങ്കുവെച്ചു. ''സഹിഷ്ണുതയുടെയും സ്നേഹത്തിെൻറയും മഹത്തായ മാതൃകകള്‍ സമ്മാനിച്ച യു.എ.ഇയിൽ നിന്നും ലോകത്തിലെ ഉന്നത പര്‍വതങ്ങള്‍ കീഴടക്കി ശാന്തിയുടെയും സഹവര്‍ത്തിത്വത്തിെൻറയും സന്ദേശം പകരാനാണ് 'ദി പീക് ഫോര്‍ പീസ് മിഷന്'വഴി ലക്ഷ്യമിടുന്നത്. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അൽശര്‍ഖി ഈ സംരംഭത്തിന് പിന്തുണ നൽകുന്നു'' -അദ്ദേഹം തെൻറ മിഷനെ കുറിച്ച് വിശദീകരിച്ചു.
എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇമാറാത്തി, രണ്ടു തവണ കെ2 പര്‍വതശൃംഗം തൊട്ട ആദ്യ യു.എ.ഇക്കാരന്‍ എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയ ഇദ്ദേഹം ഫുജൈറ അഡ്വഞ്ചേഴ്സ് സ്ഥാപകന്‍ കൂടിയാണ്. വലിയ നേട്ടങ്ങള്‍ക്കിടയിലും സാധാരണമായ ജീവിതം നയിക്കുകയും ജനങ്ങൾക്കിടയിൽ സേവനപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുകയും ചെയ്യുന്ന വ്യക്തിത്വമാണ്. ലോകത്ത് മുസ്ലിംകളെ കുറിച്ചുള്ള നിഷേധാത്മക ചിന്തകള്‍ മാറ്റുകയും എല്ലാ ഭാഗങ്ങളിലേക്കും സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുകയുമാണ് പീക് ഫോര്‍ പീസ് ദൗത്യം ലക്ഷ്യമിടുന്നത്.
ആഗോള അംഗീകൃത പര്യവേക്ഷകരുടെ പട്ടികയിൽ ഉള്‍പ്പെട്ട ആദ്യ ഇമാറാത്തി സാഹസികനാണ് സാഹസികതയും വെല്ലുവിളികളും ഇഷ്ടപ്പെടുന്നവരുടെ ഹീറോയായ അൽമമാരി. 'എക്സ്പ്ലോറര്‍ ഗ്രാന്‍ഡ് സ്ലാം'എന്ന പദവിയും നേടിയിട്ടുണ്ട്. ഹിമാലയത്തിലേക്കുള്ള ആദ്യ യാത്രയോടെയാണ് പര്‍വതാരോഹണത്തോട് ഗാഢപ്രണയത്തിലാകുന്നത്. പിന്നീട് 2012ൽ എവറസ്റ്റ് കൊടുമുടി കയറാനും യു.എ.ഇ പതാക ഉയര്‍ത്താനുമുള്ള ദൗത്യം സാക്ഷാത്കരിച്ചു.
ശേഷം തുടരെത്തുടരെ ലോകമെമ്പാടുമുള്ള ഏഴ് വമ്പന്‍ കൊടുമുടികള്‍ കീഴടക്കി. ലോകത്തിലെ ഏറ്റവും അപകടമേറിയ കൊടുമുടിയായ കെ2 2018ലും 2021ലും കയറിയിറങ്ങി. കാരകോറം മേഖലയിലെ ഹിമാലയ പര്‍വതത്തിനുള്ളിൽ 8,611 മീറ്റര്‍ ഉയരത്തിൽ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ കെ2 ഇന്ത്യക്കും പാകിസ്താനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അക്കോണ്‍കാഗുവ പര്‍വത ശിഖരത്തിൽ 2015ലാണ് അൽമമാരി കയറിയത്. അര്‍ജൻറീനയിലെ ആന്‍ഡീസ് പര്‍വത നിരകള്‍ക്കിടയിൽ 6,962 മീറ്റര്‍ ഉയരത്തിലാണിത്.
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള മൗണ്ട് മക്കിന്‍ലി 2013ലാണ് കയറിയത്. 6,194 മീറ്റര്‍ ഉയരത്തിൽ, അമേരിക്കയിലെ അലാസ്ക പര്‍വത നിരകളിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയിൽ 2011ലാണ് കയറാന്‍ സാധിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ കൊടുമുടിയായ കിളിമഞ്ചാരോ 5,895 മീറ്റര്‍ ഉയരത്തിൽ, ടാന്‍സാനിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിൽ എൽബ്രസ്, വിന്‍സണ്‍ മാസിഫ്, കാർസ്റ്റന്‍സ് തുടങ്ങിയ കൊടുമുടികളും കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.