മഞ്ചേരി: കാൽപന്തുകളിയുടെ ലോക മാമാങ്കത്തിന് ഖത്തറിൽ വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാടെങ്ങും ആവേശത്തിൽ. കട്ടൗട്ടുകളും ഫ്ലക്സുകളും സ്ഥാപിച്ചും കൊടിതോരണങ്ങൾ നിറച്ചും നാട് ഫുട്ബാൾ ലഹരിയിലേക്ക് കടന്നു. എന്നാൽ, ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ ഉൾപ്പെടെ പുറത്തിറക്കിയ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പ് ശേഖരുമായി ഒരാൾ മഞ്ചേരിയിലുണ്ട്. മുള്ളമ്പാറ സ്വദേശി അബ്ദുൽ സലീം പടവണ്ണയുടെ കൈയിലാണ് അപൂർവ സ്റ്റാമ്പ് ശേഖരമുള്ളത്.
1930ൽ നടന്ന ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഉറുഗ്വേ ഇറക്കിയ സ്റ്റാമ്പ് വരെ കൈയിലുണ്ട്. അന്നത്തെ ഫൈനലിൽ അർജൻറീനയെ 2-4നാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. ഫൈനൽ സ്കോർ ഉൾപ്പെടുത്തിയാണ് ഉറുഗ്വേ സ്റ്റാമ്പ് പുറത്തിറക്കിയത്. ആതിഥേയ രാജ്യവും വിജയിച്ച രാജ്യവും ഇറക്കിയ സ്റ്റാമ്പ് മുതൽ ലോകകപ്പ് സ്മരണാർഥം വിവിധ രാജ്യങ്ങൾ പുറത്തിറക്കിയത് ഉൾപ്പെടെ 900ത്തോളം സ്റ്റാമ്പുകൾ ശേഖരത്തിലുണ്ട്.
മിന്റ് സ്റ്റാമ്പുകൾ, വിവിധ രാജ്യങ്ങൾ ഇറക്കിയ ഫസ്റ്റ് ഡേ കവറുകൾ, 1958ൽ സ്പെയിൻ ഇറക്കിയ മാക്സിം കാർഡ് എന്നിവയെല്ലാം ഇതിലുൾപ്പെടും. 1986ൽ മെക്സികോയിൽ നടന്ന് ലോകകപ്പ്, 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പ് സമയത്തും ഇന്ത്യ പുറത്തിറക്കിയ സ്റ്റാമ്പുകളും ഇവിടെയുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് ഇന്ത്യ രണ്ടുതവണ മാത്രമാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഓരോ സ്റ്റാമ്പിനും വിപണി വിലയേക്കാൾ നൽകിയാണ് പലതും സംഘടിപ്പിച്ചത്. മുള്ളമ്പാറ സ്വദേശി അലി പടവണ്ണ-സി.പി. മറിയു
മ്മ ദമ്പതികളുടെ മകനാണ്. മലപ്പുറം ന്യൂമിസ്മാറ്റിക് പ്രസിഡൻറ്, കോഴിക്കോട് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ ലൈഫ് മെംബർ, ഫിലാറ്റെലിക് ക്ലബ് തൃശൂർ ലൈഫ് മെംബർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.