മലപ്പുറം: അതിവേഗം വാഴപ്പഴം കഴിച്ച് മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. അബ്ദുൽ സലീം എന്ന സലീം പടവണ്ണ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു. കൈകൊണ്ട് തൊടാതെ വായകൊണ്ട് തൊലി നീക്കി പഴം കഴിക്കുന്ന ‘ദ ഫാസ്റ്റസ്റ്റ് ടൈം ഈറ്റ് എ ബനാന (നോ ഹാൻഡ്)’ കാറ്റഗറിയിലാണ് ഇദ്ദേഹം ഗിന്നസ് വേൾഡ് റെക്കോഡിന് അർഹനായത്.
ഇടുക്കി പീരുമേടിൽ നടന്ന ശ്രമത്തിൽ ഒമ്പത് ഇഞ്ച് നീളവും 135 ഗ്രാം തൂക്കവുമുള്ള വാഴപ്പഴം 17.82 സെക്കൻഡിൽ കഴിച്ചാണ് സലീം റെക്കോഡ് സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിലെ ലിയ ഷട്ട്കെവർ 2021ൽ സ്ഥാപിച്ച 20.33 സെക്കൻഡിന്റെ റെക്കോഡാണ് സലീം തകർത്തതെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഓൾ ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സലീം പടവണ്ണക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. കേരളത്തിൽനിന്ന് ഗിന്നസ് റെക്കോഡ് നേടുന്ന 65ാമത്തെ വ്യക്തിയും മലപ്പുറം ജില്ലയിൽനിന്നുള്ള മൂന്നാമത്തെ വ്യക്തിയുമാണ് സലീം പടവണ്ണ. ഇതിനു മുമ്പ് ഗാന്ധിചിത്രങ്ങൾ അടങ്ങിയ പോസ്റ്റ് കാർഡ് ശേഖരണത്തിന് യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ലോക റെക്കോഡിന് ഇദ്ദേഹം അർഹനായിട്ടുണ്ട്.
സലീമിന്റെ ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ സ്റ്റാമ്പുകളുടെ ശേഖരണം ശ്രദ്ധ നേടിയിട്ടുണ്ട്. മുള്ളമ്പാറ പടവണ്ണ വീട്ടിൽ അലി -മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.സി. റഷീദ. മക്കൾ: മുഹമ്മദ് ഷഹിൻ, ഷസാന, ആയിഷ സുൽത്താന, ജുവൈരിയ. വാർത്തസമ്മേളനത്തിൽ സലീം പടവണ്ണ, മഹ്മൂദ് കോതേങ്ങൽ, എം.ജെ. അഭിഷേക് മഞ്ചേരി, പി. മുഹമ്മദ് ഷഹിൻ മഞ്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.