കൊല്ലം: ഒരു ലക്ഷത്തിലേറെ രക്തദാതാക്കളടങ്ങുന്ന സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ രക്തദാന സേനയൊരുക്കി ചരിത്രം കുറിച്ച ശശിധരൻ നേതൃത്വം നൽകുന്ന ജീവൻ രക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഇപ്പോൾ നൂതനമായ നിരവധി ജീവൻരക്ഷാ പദ്ധതികളൊരുക്കുന്നു. 23 വർഷമായി രക്തദാന രംഗത്ത് ക്രിയാത്മക സേവനം ചെയ്യുന്ന ശശിധരൻ ജില്ല ആശുപത്രിയുടെ രക്തദാന സമിതിയുമായി ചേർന്നാണ് പുതിയ ഒമ്പതോളം പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ആധുനിക സംവിധാനങ്ങളോടെ ലബോറട്ടറി, വാഹനം എന്നിവ ഒരുക്കി രക്തദാന പ്രവർത്തനം വിപുലീകരിക്കും. ഹൃദയാഘാതം, അപകടങ്ങൾ, പ്രസവാനുബന്ധ ചികിത്സ എന്നിവയുടെ സാഹചര്യത്തിൽ കേരളത്തിൽ എവിടെയും നിമിഷങ്ങൾക്കകം രക്തദാനത്തിന് സന്നദ്ധരായവരെ എത്തിക്കുന്നതാണ് മറ്റൊരു പദ്ധതി. വിളർച്ചരോഗ നിർമാർജന പദ്ധതിയിൽ വിദ്യാർഥിനികളെയും യുവതികളെയും ലക്ഷ്യമിട്ടുള്ള ബോധവത്കരണമാണ് പ്രധാനം. കൊല്ലം കേന്ദ്രീകരിച്ച് മുതിർന്ന പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനുമുള്ള പദ്ധതിയുമുണ്ട്. പ്രായമേറെയായിട്ടും അവിവാഹിതരായി തുടരുന്ന സ്ത്രീപുരുഷന്മാരെ വിവാഹജീവിതത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ഇതിന്റെ വലിയ ലിസ്റ്റ് തന്നെ തയാറാക്കിയിട്ടുണ്ട് ശശിധരനും കൂട്ടരും. ചെറുപ്പത്തിൽതന്നെ അപകടമോ പകർച്ചവ്യാധിയോ മൂലം ജീവിതം നിത്യദുരിതത്തിലായവരുടെ പരിരക്ഷണ പദ്ധതി, വിദ്യാർഥികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകി ലൈംഗികരോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള പദ്ധതി എന്നിവ വ്യത്യസ്തമാണ്. ഒരു ലക്ഷം പേരുടെ രക്തദാന സേനയിൽ 5000 പേർ അപൂർവമായ നെഗറ്റിവ് ഗ്രൂപ്പുകാരാണെന്നതാണ് പ്രത്യേകത. വൃക്കരോഗബാധിതനായി ഓപറേഷന് വിധേനാകേണ്ടിവന്നപ്പോൾ രക്തം ലഭിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളാണ് ശശിധരനെ ഈ രംഗത്ത് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. ട്രസ്റ്റുമായി 9400300564 എന്ന നമ്പറിൽ ബന്ധപ്പെടാം. കൊല്ലത്തെ പ്രമുഖർ രക്ഷാധികാരികളായ ട്രസ്റ്റിന്റെ ചെയർപേഴ്സൺ ഗിരിജ മാധവവൈദ്യർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.