ആലുവ: എവറസ്റ്റ് ബേസിലേക്ക് ഏറ്റവും വേഗത്തിൽ ട്രക്ക് ചെയ്തതിന്റെ മികവുമായി ആലുവ ചാലക്കൽ സ്വദേശിയും സൈനികനുമായ മുഹ്സിൻ. സേവ് ലക്ഷദ്വീപ് എന്ന ഹാഷ് ടാഗിൽ 22 മണിക്കൂർ കൊണ്ടാണ് എവറസ്റ്റ് ബേസിലെത്തിയത്. ലോക റെക്കോഡിൽ ഇടംനേടാനുള്ള തയാറെടുപ്പുകൾ നടത്തുകയാണ് ഇദ്ദേഹം. ഓക്സിലറി ഓക്സിജൻ സംവിധാനം ഇല്ലാതെയായിരുന്നു ട്രക്കിങ്. ലക്ഷദ്വീപിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ആഗോളതാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് സേവ് ദ ലക്ഷദ്വീപ് എന്ന സന്ദേശവുമായി മുഹ്സിൻ ട്രക്കിങ് നടത്തിയത്.
സാധാരണഗതിയിൽ എവറസ്റ്റ് ട്രക്കിങ്ങിന് 10 മുതൽ 15 ദിവസം വരെ എടുക്കുമ്പോൾ 22മണിക്കൂർ കൊണ്ടാണ് മുഹ്സിൻ ബേസ് ക്യാമ്പിലെത്തിയത്. വടക്കുകിഴക്കൻ നേപ്പാളിലെ ചെറിയ പട്ടണമായ ലുക് ലയിൽനിന്ന് മേയ് ഒന്നിന് വെളുപ്പിന് നാലുമണിക്ക് ട്രക്കിങ് ആരംഭിച്ച് മേയ് രണ്ടിന് രാത്രി രണ്ടുമണിക്ക് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി.
അരുണാചൽ പ്രദേശിലെ ദിരാംഗിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിൽ പർവതാരോഹണ കോഴ്സും നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ഉത്തരകാശി, ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലും കോഴ്സുകൾ ചെയ്തിട്ടുണ്ട്. മൗണ്ട് എവറസ്റ്റിൽ എത്തണമെന്ന തന്റെ ആഗ്രഹം പൂവണിയാൻ സ്പോൺസർഷിപ്പുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മുഹ്സിൻ.
സൈന്യത്തിൽ ടെക്നിക്കൽ വിഭാഗത്തിൽ ലഡാക്കിൽ ജോലിചെയ്യുന്ന 29 കാരനായ മുഹ്സിൻ ആലുവ ചാലയ്ക്കൽ പെരിയാർ പോട്ടറീസിന് സമീപം വടക്കനേത്തിൽ വി.എം. അലിയുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.