കരാട്ടെയിൽ ഷാനിന്‍റെ തല്ലുമാല

ഷാന്‍ ഇസ്മായിൽ

'കരാട്ടേയും ഗുസ്തിയുമൊക്കെ നീയിനി മറന്നേക്ക്. കുടുംബം പോറ്റാന്‍ അതുകൊണ്ടൊന്നുമാവില്ല' - പ്രവാസിയായ പിതാവിനൊപ്പം ജോലി തേടി മരുഭൂമിയിലേക്ക് പറിച്ചുനടുമ്പോള്‍ ഷാന്‍ ഇസ്മായിലിനു പ്രിയപ്പെട്ടവര്‍ നല്‍കിയ കനപ്പെട്ട ഉപദേശമായിരുന്നു അത്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ജപ്പാന്‍കാരും ബ്രിട്ടീഷുകാരുമെല്ലാം അടക്കിവാഴുന്ന ഇമാറാത്തിലെ കരാട്ടേ ഫീല്‍ഡില്‍ യാതൊരു അടിത്തറയുമില്ലാത്തവന്‍ എന്തു ചെയ്യാനാണ്.

2005ല്‍ അബൂദബിയിലെ പ്രമുഖ കമ്പനിയായ ബ്രിട്ടീഷ് ക്ലബ്ബിലേക്ക് ജോലിക്കായി വഴിയൊരുക്കിയത് സുഹൃത്തും നാട്ടുകാരനുമായ ഷൗക്കത്തലിയാണ്. ലഭിക്കുന്ന ജോലിയില്‍ നിലനിന്നു പോവുക എന്നതു തന്നെയായിരുന്നു പ്രധാനം. പത്തുവര്‍ഷത്തോളമാണ് ക്ലബ്ബില്‍ ജോലി ചെയ്തത്. ഇതിനിടെ കരാട്ടേയില്‍ തന്നെ കരിയര്‍ കണ്ടെത്തുക എന്ന സ്വപ്‌നവുമായി മുട്ടാത്ത വാതിലുകളില്ല. ജോലി ചെയ്യുന്ന ക്ലബ്ബിന്‍റെ കായിക വിഭാഗത്തില്‍, അന്നത്തെ മുന്‍നിര പരിശീലകരായ എമിറേറ്റ്‌സ് കരാട്ടേ സെന്‍ററില്‍. അങ്ങിനെ പലയിടങ്ങളില്‍, പലവട്ടം. അബൂദബി എമിറേറ്റ്‌സ് കരാട്ടേ സെന്‍ററിലെ പരിശീലകന്‍ ലീവിനു പോയ ഇടവേളയില്‍ അവിടുത്തെ പരിശീലകനാവാന്‍ ലഭിച്ച അവസരം സ്വപ്‌നസാഫല്യത്തിലേക്കുള്ള ചവിട്ടുപിടിയായി.

കരാട്ടെ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്നവന് പിന്‍മാറാനാവില്ലല്ലോ. ബ്രിട്ടീഷ് ക്ലബ്ബില്‍ ജോലി ചെയ്തുവരവേ തന്നെ കരാട്ടേ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളിലും ക്ലാസ്സുകളിലുമൊക്കെ സജീവമായി. പിന്നീട്, ക്ലബ്ബിലെ ജോലി വിട്ട് കരാട്ടേ സെന്‍ററില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പ്രവാസത്തിന്‍റെ തീച്ചൂടില്‍ നിന്നുകൊണ്ട് ലക്ഷ്യം കൈപ്പിടിയിലാക്കുമ്പോള്‍ രുചിച്ചതും മറികടന്നതുമായ ജീവിതാനുഭവങ്ങള്‍ വാക്കുകളില്‍ ഒതുങ്ങില്ല. ഷാന്‍ ആശ്വസിക്കും പോലെ - പടച്ചവന്‍റെ അനുഗ്രഹം.

അന്നൊരിക്കല്‍ ജോലി തേടിച്ചെന്ന, 1984 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന അതേ എമിറേറ്റ്‌സ് കരാട്ടേ സെന്‍ററിന്‍റെ പാര്‍ട്ണര്‍ എന്ന ഉയര്‍ച്ചയിലേക്കെത്താന്‍ കഴിഞ്ഞെങ്കില്‍ ഷാന്‍ ഇസ്മായിലിന്‍റെ അതിജീവനപ്പോരാട്ടം തന്നെയാണതിനു പിന്നില്‍. നിലവില്‍ അബൂദബി സലാം സ്ട്രീറ്റ്, ഖലീഫ സിറ്റി, സലാം സ്ട്രീറ്റ്, അല്‍ വഹ്ദ മാള്‍, ഖാലിദിയ എന്നിവിടങ്ങളില്‍ കരാട്ടേ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്‌കൂളുകള്‍, കമ്പനികള്‍ അടക്കം 15 ഓളം സ്ഥാപനങ്ങളിലും കരാട്ടേ പരിശീലന സേവനങ്ങള്‍ നടത്തിവരുന്നു.

11 ാം വയസ്സില്‍ കരാട്ടേ അഭ്യസിച്ചു തുടങ്ങിയ ഷാന്‍ 37 വയസിലെത്തുമ്പോള്‍ കരസ്ഥമാക്കിയ നേട്ടങ്ങള്‍ നിരവധിയാണ്. ജപ്പാനില്‍ നടന്ന 15ാമത് ലോക കരാട്ടേ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയത് കഴിഞ്ഞ ദിവസമാണ്. 2010ല്‍ ഓസ്‌ട്രേലിയയിലും 2019ല്‍ ജപ്പാനിലും നടന്ന ലോക മല്‍സരത്തില്‍ മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. പതിനായിരത്തിലധികം വിദ്യാര്‍ഥികളും കരാട്ടേ ഇന്‍സ്ട്രക്ടര്‍മാരായി വളര്‍ന്ന 60 ല്‍ അധികം പേരും അടങ്ങുന്ന വലിയ ശിഷ്യഗണങ്ങളാണ് ഇദ്ദേഹത്തിനുള്ളത്. ബേബി, ഇബ്രാഹീം ചാലിയത്ത്, കനേഡിയന്‍ പൗരന്‍ അബ്ദുല്‍ ഹദാദ് തുടങ്ങിയവരാണ് ഗുരുക്കന്‍മാര്‍. കരാട്ടേ പഠിക്കാന്‍ എത്തിയ നുഐമി കുടുംബത്തിലെ അമര്‍ അല്‍ നുഐമി ആണ് എമിറേറ്റ്‌സ് കരാട്ടേ സെന്‍ററിന്‍റെ നിലവിലെ സ്‌പോണ്‍സര്‍.

20ല്‍ അധികം ഇന്‍സ്ട്രക്ടര്‍മാരുമായി 35ലേറെ സെന്‍ററുകളില്‍ പ്രവര്‍ത്തിച്ചുവരവേയാണ് കോവിഡ് മഹാമാരി വന്നുപെട്ടത്. ഇതോടെ പ്രതിസന്ധികളായി. എങ്കിലും പിടിച്ചുനിന്നു. കോവിഡ് മാറിനില്‍ക്കുന്ന അനുകൂല സാഹചര്യത്തില്‍ പഴയ പ്രതാപത്തിലേക്ക് തിരികെയെത്താനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍. മലപ്പുറം പൊന്നാനി പാലപ്പെട്ടി വെളുത്തപ്പന്‍ ഹൗസില്‍ ഇസ്മായില്‍-മൈമൂന ദമ്പതികളുടെ നാലാമത്തെ മകനാണ് ഷാന്‍. നല്ലപാതി ഫരീദയാണ് കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ ആന്‍റ് അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നത്. ഫാത്വിമ സഹ, മുഹമ്മദ് കെന്‍സ് മക്കളാണ്.

Tags:    
News Summary - Shaan Ismail Karate World Champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.