അജ്മാന്: കണ്ണൂര്‍ പരിയാരം പുളൂക്കൂല് സ്വദേശിനി നഫീസയുടെ ജീവിതാഭിലാഷമായിരുന്നു ഹജ്ജ്. ജീവിതത്തിലെ മറ്റെല്ലാ ആഗ്രഹങ്ങളും മാറ്റിവെച്ച് നഫീസ ഹജ്ജിനായി സദാ പ്രാര്‍ഥിക്കുമായിരുന്നു. ജീവിത സാഹചര്യങ്ങള്‍ 2013ലെ ഹജ്ജിനാണ് നഫീസയെയും ഭര്‍ത്താവ് വരമ്പുമുറിയന് അബ്ബാസിനെയും വിധികൂട്ടിയത്. തങ്ങളുടെ പ്രാര്‍ഥനകള്‍ സഫലമായതിലുള്ള അത്യാഹ്ലാദത്തോടെയാണ് ഇരുവരും ഹജ്ജിനായി പടിയിറങ്ങിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയായിരുന്നു യാത്ര. എല്ലാ കർമങ്ങളും ശരിയായി ചെയ്യാന്‍ കഴിഞ്ഞു.
ഹജ്ജിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തീകരിച്ച ശേഷം ഹറമില്‍ ജുമുഅയും കൂടി. നേരത്തെ ആസ്തമയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നയാളായിരുന്നു നഫീസ. ഹറമിലെ ജുമുഅയും കഴിഞ്ഞു താമസസ്ഥലത്തെത്തിയ നഫീസക്ക് ശ്വാസംമുട്ടലിന്റെ ബുദ്ധിമുട്ട് ഏറിവന്നു. ഏറെക്കാലമായി വിടാതെ പിന്തുടര്ന്നിരുന്ന ആസ്തമ എന്ന അസുഖം നഫീസയുടെ അവസാന ശ്വാസവും കൊണ്ടുപോയി. ഒരിക്കലും പിരിഞ്ഞിട്ടില്ലാത്ത പ്രിയതമനെ ഒറ്റക്കാക്കി നഫീസ വിടപറഞ്ഞു. അന്ന് ഹജ്ജ് വളന്റിയറായി റിയാദില്‍ നിന്നും എത്തിയിരുന്ന മൂത്ത മകന് അഷ്റഫിന്റെ സഹായത്തോടെ ഹറമിലെ മയ്യിത്ത് നമസ്കാര ശേഷം ശറഇയ്യയിലെ ശുഹദാ ഹറം ഖബർസ്ഥാനില്‍ മറവ് ചെയ്തു.
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയ ദുഃഖത്തില്‍ കഴിയുകയായിരുന്നു അബ്ബാസ്. പ്രിയതമയുടെ കൈപിടിച്ചിറങ്ങിയ വീട്ടിലേക്ക് ഏകനായി തിരിച്ചു ചെല്ലുന്ന നിമിഷം ഉൾക്കൊള്ളാനാകാതെ ഏറെ ദുഃഖിതനായിരുന്നു. നാലു ദിവസത്തെ നൊമ്പരങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെ അബ്ബാസും വിരഹങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഹറമിലെ ജനാസ നമസ്കാര ശേഷം പ്രിയതമയെ അടക്കിയ അതേ ഖബർസ്ഥാനില്‍ അബ്ബാസിനെയും അടക്കി.
കാതങ്ങള്‍ക്കിപ്പുറം യു.എ.ഇയിലെ അജ്മാനില്‍ ജോലി ചെയ്യുന്ന ഇവരുടെ മകന് ഷാഫിയുടെ ജീവിത സ്വപ്നമായിരുന്നു മാതാപിതാക്കളുടെ ഖബര്‍ സന്ദര്‍ശനം. ജീവിതത്തില്‍ ഒരിക്കലെങ്കിലും മാതാപിതാക്കള്‍ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്തെത്തി സലാം പറയണമെന്ന മോഹവും കൊണ്ട് നടപ്പായിരുന്നു ഷാഫി. ജീവിത സാഹചര്യങ്ങള്‍ വര്‍ഷങ്ങളെ മുന്നോട്ട് തള്ളിനീക്കി.
സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോഴേക്ക് കോവിഡും ലോക്ഡൗണും പ്രതിബന്ധങ്ങളായി മാറി. യാത്രാതടസ്സങ്ങളുടെ കാര്‍മേഘങ്ങള്‍ മാറി കഴിഞ്ഞ ദിവസം ഷാഫി മക്കയിലേക്ക് പുറപ്പെട്ടു. വര്‍ഷങ്ങളുടെ കാലപ്പഴക്കം എന്ത് മാറ്റങ്ങളാണ് വരുത്തിവെച്ചത് എന്നതിനെക്കുറിച്ച ആശങ്കകളും പേറിയായിരുന്നു യാത്ര. മക്കയിലെത്തി ഉംറ നിർവഹിച്ച ഷാഫി നേരേ പോയത് ശറഇയ്യയിലെ ശുഹദാ ഹറം ഖബർസ്ഥാനിലേക്കായിരുന്നു.
മൂത്ത സഹോദരന് പറഞ്ഞുകൊടുത്ത പ്ലോട്ട് നമ്പര്‍ പത്തും ഉമ്മയുടെയും ഉപ്പയുടെയും ഖബറിന്റെ നമ്പറുകളായ 102, 240 എന്നിവ തേടിയുള്ള യാത്ര. ജീവന് നല്കിയ മാതാപിതാക്കളുടെ സാമീപ്യം തേടിയുള്ള യാത്ര ശാഫിയെ ശുഹദാ ഹറമിലെ പത്താം നമ്പര്‍ പ്ലോട്ടില്‍ കൊണ്ടെത്തിച്ചു. ഹറമിലെത്തി ഉംറ ചെയ്ത പുണ്യത്തോടെ ശാഫി മാതാപിതാക്കള്‍ക്ക് ഹൃദ്യമായി സലാം ചൊല്ലി, ജീവിതവീഥിയില്‍ തന്നെ താനാക്കിയ മാതാപിതാക്കള്‍ അന്ത്യവിശ്രമംകൊള്ളുന്ന ഖബറിനെ സാക്ഷിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.