ചാരുംമൂട്: തുള്ളൽ കലയുടെ ജീവാംശമറിഞ്ഞ് തുള്ളി ജനശ്രദ്ധ കവരുകയാണ് ഷരീഫ്. കുഞ്ചൻ നമ്പ്യാർ തുള്ളി ആടിയ ജില്ലയുടെ തെക്കേ അറ്റത്തുനിന്നാണ് അതേ പാരമ്പര്യ ചിട്ടകളുമായി ചുനക്കര തെക്ക് താജ് മൻസിലിൽ ഷരീഫ് വേദികളിൽ നിറഞ്ഞാടുന്നത്. കലയെ ഏറെ സ്നേഹിക്കുന്ന പിതാവ് അബ്ദുൽ കരീമിന്റെ ഇഷ്ടപ്രകാരം സഹോദരി ഷൈലജയെ തുള്ളൽ ആചാര്യൻ താമരക്കുളം കുഞ്ഞൻപിള്ള തുള്ളൽ പഠിപ്പിക്കാൻ വീട്ടിലെത്തുമായിരുന്നു. അന്ന് തുള്ളൽ മുദ്രകളോടും ചമയങ്ങളോടും വല്ലാത്ത ഇഷ്ടവും പഠിക്കണമെന്ന ആഗ്രഹവും തോന്നി.ആഗ്രഹത്തോടൊപ്പം കുടുംബം നിന്നതോടെ ഓട്ടൻതുള്ളൽ പഠിക്കുകയായിരുന്നു. സഹോദരി മൂന്ന് വർഷത്തോളം പരിപാടി അവതരിപ്പിച്ചിരുന്നു. പിന്നീട് രോഗബാധിതയായതോടെ നിർത്തുകയായിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷരീഫ് സ്കൂൾ കലോത്സവത്തിൽ ആദ്യമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. പിന്നീട് നിരവധി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിരവധി തവണ സമ്മാനം ലഭിച്ചു. 2001 ൽ ആർമി ഗാഡ്സ് റെജിമെന്റൽ സെന്ററിൽ ജോലി ലഭിച്ചു. ആദ്യ പോസ്റ്റിങ് പൊക്രാനിൽ ആയിരുന്നു. 2018ൽ വിരമിച്ചു. എന്നാൽ, പട്ടാള ചിട്ടയുടെ കരുത്തിലും കല ഉപേക്ഷിക്കാൻ ഷെരീഫ് തയാറായില്ല.
നാട്ടിലെ ഉത്സവ സീസണാകുമ്പോൾ അവധി വാങ്ങി നാട്ടിലെത്തി ഓട്ടൻതുള്ളൽ അവതരിപ്പിക്കും. ജോലിയിലിരിക്കുമ്പോൾ ഭോപ്പാൽ അടക്കമുള്ള പ്രദേശങ്ങളിൽ എത്തി പരിപാടി അവതരിപ്പിച്ചു. ആകാശവാണിയിലടക്കം അഞ്ഞൂറോളം വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറക്കാനാവാത്ത വേദി പത്തനംതിട്ട ഓമല്ലൂർ ക്ഷേത്രമാണ്. അവിടെ തുള്ളൽ അവതരിപ്പിക്കുമ്പോൾ ഗുരുനാഥൻ താമരക്കുളം കുഞ്ഞൻപിള്ള ആശാൻ ശ്രുതി പെട്ടി നൽകി അനുഗ്രഹിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഷരീഫ് പറയുന്നു.
കല്യാണസൗഗന്ധികം, ശീതങ്കൻ തുള്ളൽ എന്നിവയാണ് സാധാരണയായി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്നത്. ഓരോ ക്ഷേത്രത്തിന്റെ പ്രത്യേകത അനുസരിച്ചുള്ള കഥകളാണ് അവതരിപ്പിക്കാറുള്ളത്. ചില ക്ഷേത്രങ്ങളിൽ തുടർച്ചയായി പത്തു ദിവസം വരെ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നും ഏറെ പ്രോത്സാഹനമാണ് കിട്ടുന്നത്. 43 കാരനായ ഷരീഫിന് എല്ലാ പിന്തുണയും നൽകി പിതാവ് അബ്ദുൽ കരീം, ഉമ്മ അൻസൽന, ഭാര്യ കെ.എസ്.ആർ.ടി.സി ജീവനക്കാരി സാനി, മക്കൾ അമീൻ, അലീന എന്നിവർ ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.