നേമം: വിധിയോട് തോല്‍ക്കാത്ത മനസ്സുമായി സൈക്കിളിൽ ഒറ്റക്കാലില്‍ 1000 കിലോമീറ്റര്‍ താണ്ടി റെക്കോഡിട്ടു അന്നാ കൗമാരക്കാരന്. കന്യാകുമാരി മുതല്‍ കാസർകോടുവരെ ഒറ്റക്കാല് പെഡലിലൂന്നി അവന് സൈക്കിള്‍ ചവിട്ടിയത് അന്ന് ദേശീയമാധ്യമങ്ങളില്വരെ വലിയ വാര്‍ത്തയായിരുന്നു.
കൂടപ്പിറപ്പായ ശാരീരികാവശതകൾ നിരന്തരം വേട്ടയാടിയിട്ടും ഇപ്പോൾ തായ്ലൻഡില് 12,000 അടി ഉയരത്തില്‍നിന്ന് ആകാശപ്പറക്കല്‍ നടത്തി ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് വിളപ്പില്‍ശാല കുണ്ടാമൂഴി കീഴതുനട കാവനാട് സന്ധ്യാഭവനില്‍ ശ്രീകുമാര്‍-സരളകുമാരി ദമ്പതികളുടെ മകന് ശ്യാംകുമാര്‍ (24). ഒന്നല്ല, ആറുതവണയാണ് അത്ഭുതപറക്കലിലൂടെ മലക്കം മറിഞ്ഞത്. ശ്യാമിന്റെ ജീവിതം വിധിയോടുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ്.
ജനിച്ച് 19ാം ദിവസം ആദ്യ ശസ്ത്രക്രിയ. 24 വയസ്സിനിടെ 16 ശസ്ത്രക്രിയകള്‍. എട്ടാം വയസ്സില്‍ വലതുകാല്‍ മുറിച്ചുമാറ്റി. വലുപ്പമേറിയ വലതുവൃക്ക നീക്കല്‍, നട്ടെല്ലിെല ട്യൂമര്‍ മുറിച്ചുമാറ്റല്‍, വലതുകാല്‍ നടുവിനോട് ഒട്ടിച്ചേര്‍ന്നത് വേര്‍പെടുത്തൽ... ഇങ്ങനെ ഓപറേഷന് തിയറ്ററിന്റെ അരണ്ട വെളിച്ചവും മുറിച്ചുമാറ്റപ്പെടുന്ന ശരീരഭാഗങ്ങളും. പിറന്നാളുകള്‍ മിക്കതും ശ്യാം ആശുപത്രിക്കിടക്കയിലാണ് ആഘോഷിച്ചത്.
തന്റെ പ്രായത്തിനുമുന്നേ പായാന്‍ വെമ്പുന്ന ശസ്ത്രക്രിയകളോട് പൊരുതുകയായിരുന്നു ശ്യാം. കഴിഞ്ഞവര്‍ഷം വൃക്കകൾ പ്രവര്‍ത്തനരഹിതമായതോടെ വൃക്ക മാറ്റിെവക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. മാതാവാണ് വൃക്ക നല്‍കിയത്. സ്കൈ ഡൈവ് കുട്ടിക്കാലം മുതലുള്ള ശ്യാമിന്റെ സ്വപ്നമായിരുന്നു.
ഇന്ത്യയില്‍ ഇതിന് പരിശീലനം ഇല്ലാത്തതിനാലാണ് ചില സുമനസ്സുകളുടെ സഹായത്തോടെ തായ്ലൻഡില് എത്തിയത്. ശ്യാമിന്റെ വിശേഷങ്ങള്‍ കണ്ടറിയാന്‍ @syamkumarskss എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിച്ചാല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.