ആറാട്ടുപുഴ: സിദ്ധാർഥ് സുരേഷിന്റെ കളിപ്പാട്ടങ്ങളിൽ ഏറെയും വിവിധ തരത്തിൽപെട്ട വിമാനങ്ങൾ ആയിരുന്നു. അത് പറത്തി കളിക്കാനാണ് അവൻ ഏറെയും ഇഷ്ടപ്പെട്ടിരുന്നത്. വിമാനങ്ങളോട് കൂട്ടുകൂടിയിരുന്ന സിദ്ധാർഥ് 22ാം വയസ്സിൽ എത്തിനിൽക്കുമ്പോൾ യഥാർഥ വിമാനം പറത്താനുള്ള തയാറെടുപ്പിലാണ്. മുതുകുളം കനകക്കുന്നിൽ സ്വസ്തിയിൽ സിദ്ധാർഥ് സുരേഷ്, കമേഴ്സ്യൽ പൈലറ്റായി പറക്കാൻ തയാറെടുക്കുമ്പോൾ മുതുകുളം ഗ്രാമത്തിനും അഭിമാനമാവുകയാണ് ഈ ചെറുപ്പക്കാരൻ.
ചിത്രകാരനും ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലം ചീഫ് ആർട്ടിസ്റ്റുമായ പിതാവ് സുരേഷ് മുതുകുളത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് സിദ്ധാർഥിന്റെ ആഗ്രഹ സഫലീകരണത്തിന് കരുത്തുപകർന്നത്. കേരളത്തിനുപുറത്തുള്ള സുരേഷിന്റെ യാത്രകളിലെല്ലാം സിദ്ധാർഥിനെയും കൂട്ടുമായിരുന്നു. അച്ഛനൊപ്പം വിമാനത്തിൽ കയറുമ്പോൾ നേരെ കോക്പിറ്റിലേക്ക് പോകാനാണ് സിദ്ധാർഥ് ശ്രമിച്ചിരുന്നത്.
ചെങ്ങന്നൂരിലും തിരുവല്ലയിലുമായിരുന്നു സ്കൂൾ പഠനം. 2018ൽ ഇന്ദിരഗാന്ധി രാഷ്ട്രീയ ഉഠാൻ അക്കാദമിയിലും അമേരിക്കയിലെ സി.എ.ഇ ഓക്സ്ഫഡ് ഏവിയേഷനിലും പ്രവേശനപ്പരീക്ഷയെഴുതി. എഴുത്തുപരീക്ഷയും മറ്റും പൂർത്തിയാക്കി പ്രവേശനം നേടി. ഉപരിപഠനശേഷമാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും ഇതിലേക്കുവരുക. എന്നാൽ, പ്ലസ്ടു കഴിഞ്ഞ് നേരിട്ടെത്തിയ ആ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സിദ്ധാർഥായിരുന്നു.
അമേരിക്കയിലെ പരിശീലനപ്പറക്കലിന്റെ അവസാന ഘട്ടത്തിലൊന്നായ സോളോ ഫ്ലയിങ്ങിൽ അരിസോണ -മെക്സിക്കൻ ആകാശത്തിലൂടെ പറന്നു. ഇരുപതാം വയസ്സിൽ ഇന്ത്യയിലും അമേരിക്കയിലും പറക്കാനുള്ള കമേഴ്സ്യൽ ലൈസൻസ് നേടി. തുടർന്നുള്ള സിമുലേറ്റർ ട്രെയിനിങ്ങും വിജയകരമായി പൂര്‍ത്തിയാക്കി. ജനുവരിയിൽ ഇൻഡിഗോ എയർലൈനിൽ ജൂനിയർ ഫ്ലയിങ് ഓഫിസറായി നിയമിതനായി. ഇതിന്റെ പരിശീലനക്കാലയളവും പൂര്‍ത്തിയാക്കി. ഇന്ത്യയിൽ ജോലി ചെയ്യാനാണ് സിദ്ധാർഥിന് ആഗ്രഹം. മാതാവ്: സോനം. പ്ലസ്ടു പൂര്‍ത്തിയാക്കിയ കൃഷ്ണവേണിയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.