റിയാദ്: പ്രാപ്പിടിയൻ (ഫാൽക്കൺ) പക്ഷികളുടെ ദേശാടനത്തെകുറിച്ച് പഠിക്കാൻ മലയാളി ജന്തുശാസ്ത്രജ്ഞന് ദക്ഷിണാഫ്രിക്കയിൽനിന്ന് ക്ഷണം. കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. സുബൈർ മേടമ്മലിനെ റിയാദിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മൊഗാബോ ഡേവിഡ് മഗാബെയാണ് ക്ഷണിച്ചത്.
മംഗോളിയയിൽനിന്ന് ഇന്ത്യ വഴി ദക്ഷിണാഫ്രിക്കയിലേക്കും തിരിച്ചും ദേശാടനം നടത്തുന്ന അമൂർ എന്ന ചെറിയയിനം ഫാൽക്കണുകളുടെ സഞ്ചാരപഥങ്ങളും സൗദിയിലെയും ദക്ഷിണാഫ്രിക്കയിലെയും ഫാൽക്കൺ വളർത്തലും സംരക്ഷണവുമാണ് പഠന വിഷയങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ലിേമ്പാപോ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് മൂന്നുവർഷം നീളുന്ന പഠന പദ്ധതിയാണ് റിയാദിലെ കൂടിക്കാഴ്ചയിൽ അംബാസഡർ മൊഗാബോ ഡേവിഡ് മഗാബെ മുന്നോട്ട് വെച്ചത്.
റിയാദിൽ സൗദി ഫാൽക്കൺ ക്ലബ് സംഘടിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ഫാൽക്കൺ മേളയിൽ ക്ലാസെടുക്കാനെത്തിയ ഡോ. സുബൈർ മേടമ്മലിെൻറ പ്രഭാഷണം കേൾക്കാനിടയായ അംബാസഡർ റിയാദിലെ ദക്ഷിണാഫ്രിക്കൻ എംബസിയിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ഫാൽക്കണുകളെയും അവയുടെ കുടിയേറ്റത്തെയും കുറിച്ച് ചർച്ച നടത്തി.
ഈ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തിയ ഏഷ്യയിലെ ഏക ജന്തുശാസ്ത്രജ്ഞൻ എന്ന നിലയിൽ സോ. സുബൈറിെൻറ സേവനം ഫാൽക്കൺ പ്രിയർ ഏറെയുള്ള തങ്ങളുടെ നാടിനും ആവശ്യമാണെന്ന് പറഞ്ഞ് അംബാസഡർ ക്ഷണിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയിലെ ദക്ഷിണാഫ്രിക്കൻ എംബസി കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കത്തെഴുതുമെന്നും ഡോ. സുബൈർ മേടമ്മലിന് 10 വർഷത്തെ വിസ അനുവദിക്കുമെന്നും അംബാസഡർ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഡിഫൻസ് അറ്റാഷെ കേണൽ നോമൻ കിസെൻ പങ്കെടുത്തു.
(റിയാദ് ഫാൽക്കൺ മേളയിൽ ഡോ. സുബൈർ മേടമ്മൽ അംബാസഡർ, ഡിഫൻസ് അറ്റാഷെ കേണൽ നോമൻ കിസെൻ എന്നിവരോടൊപ്പം)
അമൂർ ഫാൽക്കണുകൾ
വേട്ടക്ക് ഉപയോഗിക്കാത്ത ഫാൽക്കണുകളാണ് അമൂർ. 40 ഇനം ഫാൽക്കണുകളിൽ ഏറ്റവും ചെറിയതരം പക്ഷിയാണ് ഇത്. ദശലക്ഷ കണക്കിന് അമൂർ ഫാൽക്കണുകൾ മംഗോളിയയിലുണ്ട്. ദേശാടന പക്ഷികൾ കൂടിയാണിവ. എല്ലാവർഷവും നവംബർ ഡിസംബർ മാസങ്ങളിൽ മംഗോളിയയിൽനിന്ന് 5,600 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യൻ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗലാൻഡിലെത്തും.
അവിടെ രണ്ടാഴ്ച തങ്ങിയ ശേഷം 22000 കിലോമീറ്റർ സഞ്ചരിച്ച ദക്ഷിണാഫ്രിക്കയിലെത്തും. അവിടെ രണ്ടുമാസത്തോളം തങ്ങിയശേഷം മറ്റൊരു റൂട്ടിലൂടെ മംഗോളിയയിലേക്ക് തിരിച്ചുപോകും. ഈ സഞ്ചാര പഥങ്ങളെയും ദേശാടനത്തെയും കുറിച്ച് പഠിക്കാനാണ് നിർദേശം.
നാഗാലാൻഡിലെ വോക്കാ ജില്ലയിലുള്ള പാൻക്തി ഗ്രാമത്തിൽ ഈ പക്ഷികൾ വന്നു തങ്ങാറുള്ളത്. ഇവിടെയൊരു ജലവൈദ്യുത പദ്ധതിയുണ്ട്. ജലാശയ ജീവികളും തുമ്പികളുമാണ് ഇവയുടെ ഇഷ്ടഭക്ഷണം. അതിവിടെ സുലഭമായത് കൊണ്ട് തിന്നും കുടിച്ചും രണ്ടാഴ്ച സസുഖം കഴിഞ്ഞുകൂടും. എന്നാൽ നാട്ടുകാർ ഇവയെ കെണിവെച്ച് പിടിച്ച് ചന്തയിൽ കൊണ്ടുപോയി 150ഉം 200ഉം രൂപക്ക് ഇറച്ചിയാക്കി വിൽക്കും. പരിസ്ഥിതിവാദികളും പ്രകൃതിസ്നേഹികളും പരാതിയുയർത്തിയതിനെ തുടർന്ന് കേന്ദ്രസർക്കാർ ഈ വേട്ടയാടൽ നിരോധിച്ചു.
തടവും സാമ്പത്തിക പിഴയും ശിക്ഷയാക്കുകയും ചെയ്തു. ഇതോടെ അമൂറുകൾക്കെതിരായ ഗ്രാമവാസികളുടെ അതിക്രമം നിന്നു. പരിസ്ഥിതിവാദികൾ പരാതി ഉയർത്തിയ ഘട്ടത്തിൽ ബന്ധപ്പെട്ട വകുപ്പിെൻറ നിർദേശാനുസരണം ഡോ. സുബൈർ മേടമ്മൽ ഇവിടെ പോയി തങ്ങുകയും പക്ഷികൾ നേരിടുന്ന അതിക്രമങ്ങളെയും അവയുടെ അതിജീവന ശ്രമങ്ങളെയും സംരക്ഷണ മാർഗങ്ങളെയും കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ ദേശാടനത്തിനിടയിൽ 2018ൽ അമൂർ പക്ഷികളിൽ 12 എണ്ണം വഴിതെറ്റി മലമ്പുഴയിൽ എത്തിയിരുന്നു. അതിനെ കുറിച്ചറിഞ്ഞ് ജന്തുശാസ്ത്ര ലോകത്തിെൻറ നിർദേശപ്രകാരം ഡോ. സുബൈർ അവിടെയും പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.