അജ്മാൻ: നിര്യാതനായ യു.എ.ഇയിലെ മലയാളി പണ്ഡിതൻ ആർ.വി. അലി മുസ്ലിയാരുടെ മായാത്ത ഓർമകളുമായി സുഹൃത്ത് സ്റ്റാൻലി. അജ്മാനിൽ വർഷങ്ങളായി സ്റ്റേഷനറി ബിസിനസ് നടത്തിയിരുന്ന വ്യക്തിയാണ് തിരുവല്ല സ്വദേശിയായ ഇദ്ദേഹം. 15 വർഷം മുമ്പ് തന്റെ കടയിൽ വന്ന പരിചയമാണ് സ്റ്റാൻലിക്ക് അലി ഉസ്താദുമായിട്ട്. അജ്മാൻ ടൗണിലെ നഗരസഭ കാര്യാലയത്തിന് പിറകിലുള്ള സ്പീഡ് മാസ്റ്റർ എന്ന ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ അലി ഉസ്താദ് പിന്നീട് നിരന്തര സന്ദർശകനായി മാറി.
ഉസ്താദ് മിക്കപ്പോഴും കടയിൽ വരും. ബൈബിളും ഖുർആനും രണ്ടുപേരും പരസ്പരം ചർച്ചചെയ്യും. വിശ്വാസത്തിലൂന്നിയ പരസ്പര ചർച്ചകൾ സൗഹൃദത്തിന് ഏറെ ഊഷ്മളത നൽകി. വിദ്വേഷത്തിന്റെ വിത്തുകൾ വളരുന്ന ലോകത്ത് സ്നേഹത്തോടെ പരസ്പര വിശ്വാസങ്ങൾ ഉസ്താദുമായി പങ്കുവെക്കാൻ കഴിഞ്ഞത് മായാത്ത ഓർമകളായി സ്റ്റാൻലി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.
മൂല്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇദ്ദേഹത്തെപ്പോലുള്ള പണ്ഡിതന്മാര് സമൂഹത്തിനുമുന്നില്‍ ജീവിച്ചുകാണിച്ച മാതൃക മനസ്സിനെ വല്ലാതെ സ്വാധീനിച്ചെന്ന് ഇദ്ദേഹം പറയുന്നു.
ഒന്നര പതിറ്റാണ്ട് കാലത്തെ പരസ്പര ബന്ധത്തില്‍ ഒരിക്കൽപോലും മുഷിപ്പുണ്ടായിട്ടില്ല എന്നത് അലി മുസ്ലിയാര് എന്ന പണ്ഡിതന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ തിളക്കമാണെന്ന് ഇദ്ദേഹം അനുസ്മരിക്കുന്നു. കഴിഞ്ഞവർഷം സ്റ്റാൻലി സ്ഥാപനം ഒഴിഞ്ഞതോടെ നേരിട്ട് കാണലിന്റെ എണ്ണം കുറഞ്ഞു.
ശനിയാഴ്ച്ച ഉസ്താദ് മരണപ്പെട്ട വിവരം ഞായറാഴ്ചയാണ് സ്റ്റാൻലി അറിയുന്നത്. അപ്പോഴേക്കും ഖബറടക്കം കഴിഞ്ഞിരുന്നു. അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞില്ല എന്ന വേദന ഉള്ളിൽ പേറുമ്പോഴും ഉസ്താദുമായുള്ള നല്ല സൗഹൃദം ജീവിതത്തിലെ വലിയ നിധിയായി കാണുകയാണ് സ്റ്റാൻലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.