ചെറുവത്തൂർ: മയ്യിച്ച സ്വദേശിയായ കണ്ണൻ കഴിഞ്ഞ 20 വർഷത്തോളമായി പിലിക്കോട്ടുകാരുടെ തേങ്ങ പറിക്കാരനാണ്. 50 വർഷമായി തേങ്ങ പറിക്കൽ ജീവിതമാർഗമായി സ്വീകരിച്ച കണ്ണേട്ടൻ എല്ലാവർക്കും സ്വന്തക്കാരനാണ്. ഇരുപതാമത്തെ വയസ്സിൽ തെങ്ങ് കയറ്റവും ചെത്തും തൊഴിലായി സ്വീകരിച്ച കണ്ണൻ പ്രധാനമായി നീലേശ്വരം കേന്ദ്രീകരിച്ചാണ് തൊഴിൽ ചെയ്തിരുന്നത്. രാജീവ് ഗാന്ധിയുടെ മരണ സമയത്ത് മയ്യിച്ചയിൽ ടി.വി ഇല്ലാത്ത കാലത്ത് അന്ന് 1000 രൂപ നൽകി ടി.വി കൊണ്ടുവന്നതും കണ്ണന്റെ ഓർമകളിൽ ഇന്നുമുണ്ട്.
2003 മുതലാണ് കണ്ണൻ പിലിക്കോട്ടേക്ക് ജോലിക്കെത്തുന്നത്. അന്ന് മയ്യിച്ചയിൽ ഒരു ദിവസം 100 ആയിരുന്നു കൂലി. പീന്നീട് പിലിക്കോട്ടേക്ക് എത്തിയപ്പോൾ 200 രൂപയോളമായി. പിന്നെ പിലിക്കോട് വിട്ടില്ല. പുതുതലമുറ ഈ രംഗത്തേക്ക് വരാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ആളെ കിട്ടാത്തതുമൂലം ഒരു വർഷത്തിൽ ആറ് പ്രാവശ്യം തേങ്ങ പറിക്കുന്നത് ഇപ്പോ രണ്ടോ മൂന്നോ തവണയായി ചുരുങ്ങി.
ദിവസം 1000 രൂപ സമ്പാദിക്കാൻ പറ്റുന്ന തൊഴിൽ തേങ്ങ പറിക്കലാണെന്ന് കണ്ണൻ അഭിമാനത്തോടെ പറയും. 100 വയസ്സുള്ള കിടപ്പിലായ അമ്മക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തതിനുശേഷമാണ് രാവിലെ തൊഴിലിനായി ഇറങ്ങുന്നത്. പിലിക്കോട്ട് എന്ത് വിശേഷം ഉണ്ടായാലും കണ്ണൻ സ്ഥിരസാന്നിധ്യമാണ്. അറുപത്തിമൂന്നാം വയസ്സിലും ഏറെ ആസ്വദിച്ചാണ് കണ്ണൻ തന്റെ തൊഴിലിൽ വ്യാപൃതനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.