ഒരിക്കലും പണം മാത്രമാവരുത് ലക്ഷ്യം. ജനങ്ങള്‍ക്ക് ഗുണകരവും ഫലപ്രദവുമായ സേവനങ്ങള്‍ കൊടുക്കുക. അത് തീര്‍ച്ചയായും ഉയര്‍ച്ച ഉണ്ടാക്കും. പടച്ചവനില്‍ വിശ്വസിക്കുക, പരീക്ഷണങ്ങളില്‍ ഇടറാതെ വിജയത്തിലേക്കുള്ള മാര്‍ഗങ്ങള്‍ തേടിക്കൊണ്ടേയിരിക്കുക. കഴിയുംവിധം സഹായിക്കുക. സഹ ജീവികളെ ചേര്‍ത്തുപിടിക്കുക
കഠിനമായി അധ്വാനിക്കുക, ചെയ്യുന്നതെന്തോ അത് അങ്ങേയറ്റം സ്മാര്‍ട്ടാവുക. ഏത് ലക്ഷ്യത്തിലേക്കാണോ എത്താന്‍ ആഗ്രഹിക്കുന്നത് അതിനായി നിരന്തരം സ്വയം ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുക. തിരിച്ചടികളില്‍നിന്ന് വിജയത്തിലേക്കുള്ള വഴി കണ്ടെത്തുക. പഠിച്ചെടുത്ത-അറിയാവുന്ന മേഖലയില്‍ എത്ര പ്രതിസന്ധിയുണ്ടായാലും അടിയുറച്ച് നില്ക്കുക- ആത്മാര്‍ഥമായിട്ടാണ് പണിയെടുക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരുനാള്‍ വിജയം കൈകളിലെത്തുക തന്നെ ചെയ്യും’.
യു.എ.ഇയിലെ ഏറ്റവും വലിയ ബിസിനസ് ശൃംഖലകളിലൊന്നായ ബിന്‍ അലി മെഡിക്കല്‍ സപ്ലൈസിന്റെ അമരക്കാരന് ഒമര്‍ അലിയുടെ അടിയുറച്ച വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ പോസിറ്റീവ് എനര്‍ജിയുടെ കുത്തൊഴുക്കാണ്. കാരണം ആ വരികള്‍ ഹൃദയത്തില്‍നിന്നുള്ളതാണ്. ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍നിന്ന് കാച്ചിയൊരുക്കിയ വിജയത്തിന്റെ മാതൃകയുണ്ടതിന്. കനല്പ്പദങ്ങളെ മറികടന്നു നേടിയെടുത്ത വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ സാക്ഷാത്കാരവുമുണ്ട്.
സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, നിലവിലുള്ള മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യമുള്ളവര്‍ക്ക്, പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ പിടിവള്ളി തേടുന്നവര്‍ക്ക്, കഠിനാധ്വാനം ചെയ്യാന്‍ നിറഞ്ഞ മനസ്സുള്ളവര്‍ക്ക് - ഒമര്‍ അലി എന്ന ബിസിനസ് മാഗ്നറ്റില്‍ ഒരുപാട് പാഠങ്ങളുണ്ട്. ഒന്നുമില്ലായ്മയില്‍നിന്ന് ലോകത്തിന്റെ നാനാദിക്കുകളിലേക്കും വ്യാപിച്ച തന്റെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഒമർ അലി.
പ്രവാസ തുടക്കം സൗദി അറേബ്യയില്‍
1983 കാലഘട്ടം- ഡിഗ്രി പൂര്‍ത്തിയാക്കിയ ഉടന്‍ തരക്കേടില്ലാത്ത സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാണ് കരിയര്‍ ആരംഭിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ഒരു പരീക്ഷണം എന്ന നിലയില്‍ വിദേശത്തേക്ക് പോവുന്നതില്‍ പ്രതിസന്ധികളുണ്ടായില്ല.
അങ്ങനെയാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ലീവെടുത്ത് സൗദി അറേബ്യയിലേക്ക് വിമാനം കയറുന്നത്. പ്രവാസത്തിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല. ആദ്യനാളുകളില്‍ കഠിനമായ നിരവധി ജോലികള്‍ ചെയ്തു. നിര്ത്തിപ്പോവാതെ പിടിച്ചു നില്ക്കാന് ഏറെ കഷ്ടപ്പെട്ടു.
ഒരു സുഡാനി സുഹൃത്തിന്റെ സഹായത്തോടെ മെഡിക്കല്‍ ലാബില്‍ അറ്റന്‍ഡറായി ജോലിക്കു കയറാന്‍ സാധിച്ചതാണ് വഴിത്തിരിവായത്. ഒരു വര്ഷത്തോളംനിന്ന് ലാബിന്റെ പ്രവര്‍ത്തനങ്ങളും ടെസ്റ്റിങ് രീതികളും പരിശോധന ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം പഠിച്ചെടുത്തു.
ദിവസവും 14 മണിക്കൂര്‍ വരെ ജോലിയെടുത്തു. അവധി ദിനങ്ങളില്‍പ്പോലും ജോലിക്കെത്തി കൂടുതല്‍ പഠനങ്ങളിലും പരീക്ഷണങ്ങളിലും മുഴുകി. ലാബിലുണ്ടായിരുന്ന മുഴുവന്‍ പുസ്തകങ്ങളും വായിച്ച് അറിവ് നേടി. അങ്ങനെ അതേ ലാബിന്റെ മാനേജര്‍ തസ്തികയിലേക്ക് ഉയര്‍ന്നു.
തുടര്‍ന്ന്, മുമ്പ് പരിചയപ്പെട്ടിരുന്ന ഫലസ്തീന് പൗരന് വഴി മറ്റൊരു ജോലിയിലേക്ക് കൂടുമാറ്റം. സൗദി രാജംകുടുംബാംഗത്തിന്റെ മേല്‍നോട്ടത്തിലുള്ള മെഡിക്കല്‍ സപ്ലൈസ് കമ്പനിയില്‍ സെയില്മാന് ആയായിരുന്നു തുടക്കം. സ്വന്തമായി ബിസിനസ് എന്ന ആഗ്രഹം അന്നും ഉള്ളില്‍ ഉണ്ടായിരുന്നില്ല എങ്കിലും, കമ്പനിക്കുവേണ്ടി ആത്മാര്‍ഥമായും അര്‍പ്പണ ബോധത്തോടെയും രാപ്പകല്‍ കഷ്ടപ്പെട്ടത് ജോലിയില്‍ ഗുണമുണ്ടാക്കി.
ഘട്ടംഘട്ടമായി തസ്തികകള്‍ ഉയര്‍ത്തപ്പെട്ടു. അങ്ങനെ ആ കമ്പനിയുടെ ജനറല്‍ മാനേജരായി. പ്രവാസ ജീവിതത്തിന്റെ കഷ്ടതകളില്‍നിന്ന് തരക്കേടില്ലാത്ത സാഹചര്യങ്ങളിലൂടെ ഉയര്‍ച്ചയുടെ പടവുകളേറിത്തുടങ്ങി. ഗള്‍ഫിലെത്തി മൂന്നുവര്‍ഷത്തിനുശേഷമാണ് ജന്മനാട്ടിലേക്കുള്ള ആദ്യത്തെ മടക്കം.
മൂവാറ്റുപുഴയിലെ അതിപുരതാന മുസ്ലിം കുടുംബമായ ചെറുകപ്പിള്ളി കുടുംബത്തിലെ മുഹമ്മദ് ഉമ്മറിന്റെ ആറാമത്തെ മകനായിട്ടാണ് ജനനം. ഏക്കറുകണക്കിന് കൃഷി ഭൂമിയുള്ള കുടുംബത്തില്‍ ഉപ്പയെന്ന റോള്‍ മോഡലിന്റെ തണലില്‍ തന്നെയായിരുന്നു വളര്‍ന്നുവന്നത്.
കാര്‍ഷിക കുടുംബം ആയതുകൊണ്ടു തന്നെ സ്വാഭാവികമായും കൃഷി മുഖ്യ ജീവിതോപാധിയായി. ഒപ്പം കുടുംബത്തിന്റെ തന്നെ കീഴിലുള്ള പള്ളിക്കൂടത്തില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടി. തുടര്‍ പഠനം സമീപ മേഖലകളിലുള്ള സ്കൂളുകളിലും കോളജുകളിലുമായിരുന്നു. മതപരമായും വിദ്യാഭ്യാസപരമായും സാമ്പത്തീകമായിട്ടുമൊക്കെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുകൊണ്ടു തന്നെ കാര്യമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.
ലോക പരിചയവും ദീര്‍ഘവീക്ഷണവുമുള്ള ഉപ്പ സ്വന്തം വഴികള്‍ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് ഒരു മക്കളെയും പിന്തിരിപ്പിച്ചിരുന്നില്ല. മൂല്യമേറിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കി പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. കൃഷി കൂടാതെ പ്രാദേശികമായ ചില കച്ചവട സംരംഭങ്ങളും കുടുംബത്തിന്റെതായി ഉണ്ടായിരുന്നു.
അതില്‍ പ്രധാനപ്പെട്ടത് വാഹന കച്ചവടമായിരുന്നു. അന്ന്, രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ലോറികള്‍ മൂവാറ്റുപുഴയില്‍ എത്തിച്ച് വില്‍ക്കുന്നത് നല്ലൊരു ബിസിനസ് ആയിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞ് ബോംബെയില്‍ മെഡിക്കല്‍ ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിക്കാന്‍ പോയത് ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ കൂടുതല്‍ സ്വായത്തമാക്കാനും ഇതര നാടുകളെ പരിചയപ്പെടുന്നതിനും ഇടയാക്കി. ഈ പരിചയം ലോറിക്കച്ചവടത്തിനും ഉപയോഗപ്പെടുത്തി.
ഇതോടെ, കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍-ദിയു എന്ന മേഖലയില്‍ നിന്നുള്ള കച്ചവട സാധ്യതകള്‍ അറിയാനും സഹായകമായി. അങ്ങനെ കേന്ദ്രനികുതി അടയ്ക്കേണ്ടതില്ലാത്ത ദാമന്‍-ദിയുവില്‍നിന്ന് വാഹനങ്ങള്‍ വാങ്ങി നൂറുകണക്കിനു കിലോമീറ്ററുകള്‍ ഓടിച്ചുകൊണ്ടുവന്നു നാട്ടില്‍ വിറ്റഴിച്ച് കച്ചവടത്തില്‍ മുന്നേറിക്കൊണ്ടിരുന്നു. ഇതിനിടെയിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയതും, പ്രവാസത്തിലേക്ക് ചേക്കേറിയതും.
ഭാര്യ എടവനക്കാട് വലിയ വീട്ടില്‍ കുടുംബാംഗം എന്‍ജിനീയറിങ് ബിരുദധാരിയായ സിനിമോള്‍ ആണ് എല്ലാ കമ്പനികളുടെയും ഓപറേഷന് ഹെഡ്. യാത്രകളിലും ബിസിനസ് യോഗങ്ങളിലും തീരുമാനങ്ങള്‍ എടുക്കുമ്പോഴുമെല്ലാം തന്റെ ഒപ്പം ഉറച്ചുനില്‍ക്കുന്ന നല്ലപാതി. മെക്കാനിക്കല്‍ എന്‍ജിനീയറായ മൂത്തമകന് മുഹമ്മദ് മുസ്തഫ, മുഴുവന്‍ ബിസിനസ്സുകളിലും ഉപ്പയുടെ കൂടെയുണ്ട്.
കൂടാതെ സേഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന തന്റെ മാനു ഫാക്ചറിങ് കമ്പനിയുടെ നിയന്ത്രണവും സ്വതന്ത്രമായ നടത്തിപ്പും മുഹമ്മദ് മുസ്തഫയാണ് ചെയ്യുന്നത്. ഇളയ മകന് ഡോ. മൊഹിയുദ്ദീന്‍ അലിക്കുഞ്ഞ് ദുബൈ റാശിദ് ഹോസ്പിറ്റലില്‍ ന്യൂറോളജിയില്‍ എം.ഡി. ചെയ്തു വരികയാണ്.
സൗദിയില്‍നിന്ന് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് കുടുംബ സമേതമാണ് മടങ്ങിയത്. സൗദിയില്‍ ജോലി തുടരുന്നതിനിടെ മെഡിക്കല്‍ സപ്ലൈസ് ബിസിനസില്‍ കൂടുതല്‍ സാധ്യതകള്‍ യു.എ.ഇയില്‍ ഉണ്ടെന്ന സുഹൃത്തിന്റെ അഭിപ്രായം മുഖവിലയ്ക്കെടുത്ത് അതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി.
ഇതിനിടെ, ഒരു യു.എ.ഇ. പൗരന് മെഡിക്കല്‍ സപ്ലൈസ് ബിസിനസ് ആരംഭിക്കാന്‍ പോവുന്നു എന്നും ജോലി ലഭിക്കുമെന്നും സുഹൃത്ത് ഓഫര്‍ നല്കുന്നു. അങ്ങനെയാണ് കുടുംബ സമേതം യു.എ.ഇയിലേക്ക് പ്രവാസം പറിച്ചുനടുന്നത്.
വളരേ മികച്ച രീതിയില്‍ മുന്നോട്ടു പോയിരുന്ന സൗദി ജീവിതത്തില്‍നിന്ന് അങ്ങേയറ്റം പ്രയാസകരമായ അനുഭവത്തീച്ചൂളയിലേക്കാണ് യു.എ.ഇയില്‍ എത്തിപ്പെട്ടത്. ഇവിടെ ജീവിക്കാനുള്ള സൗകര്യങ്ങള്‍ ലഭിച്ചെങ്കിലും ജോലി തുലാസിലായിരുന്നു. ആറുമാസത്തോളം കഴിഞ്ഞിട്ടും കമ്പനി തുടങ്ങാനോ ജോലിയില്‍നിന്ന് വരുമാനം വരികയോ ഉണ്ടാവുന്നില്ല. സൗദിയിലേക്ക് വീണ്ടുമൊരു മടക്കം എളുപ്പമല്ല.
മറ്റ് വഴികള്‍ ആലോചിച്ചേ മതിയാവൂ. പിടിച്ചു നില്‍ക്കണം. കുടുംബത്തെ നാട്ടിലേക്ക് അയച്ചു. ആകെയുള്ളത് അനുഭവ സമ്പത്താണ്. എന്തു ജോലിയും ചെയ്യാമെന്നുള്ള മനക്കരുത്തുണ്ട്. രണ്ടും കല്‍പ്പിച്ച് മെഡിക്കല്‍ സപ്ലൈസ് ഉല്‍പ്പന്നങ്ങളുമായി ചെറിയ കച്ചവടം നടത്തുന്ന ഒരു ഫലസ്തീനിക്കൊപ്പം ജോലിക്ക് കയറി. ഒന്നിനും തികയാത്ത ശമ്പളവുമായി കുറച്ചുനാള്‍ പണിയെടുത്തു. സമയം നോക്കാതെ അലഞ്ഞ് നാടിനെ കുറിച്ചും ഇവിടുത്തെ ബിസിനസ് സാധ്യതകളെക്കുറിച്ചും പഠിച്ചെടുത്തു.
നഷ്ടപ്പെട്ട സൗഭാഗ്യങ്ങളൊക്കെ ഓര്‍മയില്‍ ഇരച്ചെത്തും. പ്രതിബന്ധങ്ങളും പ്രതിസന്ധികളുമാണ് മുന്നില്‍. എങ്ങും ശൂന്യതയുമാണ്. പ്രതീക്ഷ കൈവിടാതെ, ചോര്‍ന്നുപോകാത്ത ഉള്‍ക്കരുത്തോടെ സാഹചര്യങ്ങളോട് പൊരുതി. ഒടുക്കം രണ്ടും കല്‍പ്പിച്ച് ആ ജോലിവിട്ട് പുറത്തേക്കിറങ്ങി.
ഒറ്റയ്ക്ക് മെഡിക്കല്‍ സപ്ലൈസ് ബിസിനസിലേക്ക് പിച്ചെവച്ചു. പലയിടങ്ങളില്‍നിന്നായി ചെറുതായി ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. കിട്ടുന്ന ലാഭം മുഴുക്കെ ബിസിനസിലേക്ക് നിക്ഷേപിച്ചു. ഒരു ഡ്രൈവറെ കൂടെ കൂട്ടി. ഓഫിസിലേക്ക് ഒരു സ്റ്റാഫിനെ വച്ചു. ഇതിനിടെ നാട്ടിലെത്തി തനിക്ക് കുടുംബ വകയായി കിട്ടിയ ഭൂമി വിറ്റ് ആ പണവും ബിസിനസിലേക്കിറക്കി.
പലരും എതിര്‍ത്തപ്പോഴും, ‘ശ്രദ്ധിക്കണം, ഇത് നിന്റെ നിലനില്‍പ്പാണ്’ എന്ന സ്നേഹോപദേശം നല്കിയ ഉപ്പയുടെ വാക്കുകള്‍ നെഞ്ചേറ്റി പ്രവാസത്തിന്റെ തീക്കാറ്റേറ്റ് വാടാതെ, ചോര നീരാക്കി, വിജയത്തിന്റെ സോപാനമേറി.
' ഒരിക്കലും പണം മാത്രമാവരുത് ലക്ഷ്യം. ജനങ്ങള്‍ക്ക് ഗുണകരവും ഫലപ്രദവുമായ സേവനങ്ങള്‍ കൊടുക്കുക. അത് തീര്‍ച്ചയായും ഉയര്‍ച്ച ഉണ്ടാക്കും. പടച്ചവനില്‍ വിശ്വസിക്കുക, പരീക്ഷണങ്ങളില്‍ ഇടറാതെ വിജയത്തിലേക്കുള്ള മാര്‍ഗങ്ങള്‍ തേടിക്കൊണ്ടേയിരിക്കുക. കഴിയുംവിധം സഹായിക്കുക. സഹ ജീവികളെ ചേര്‍ത്തുപിടിക്കുക.
ജീവിത്തിലെയും കച്ചവടത്തിലെയും വിജയ മന്ത്രം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഒരു മടിയുമില്ല. ആ പോളിസികള്‍ ഇവയാണ്. 1. അറിയുന്ന ബിസിനസ് മാത്രമേ ചെയ്യാവൂ (ആഗ്രഹിക്കുന്ന ബിസിനസ് ചെയ്യാന്‍ അതേക്കുറിച്ചുള്ള അറിവ് ആഴത്തില്‍ സ്വായത്തമാക്കുക. നേരിയ പിഴവുകള്പ്പോലും വന്‍ വീഴ്ചകള്‍ക്കു കാരണമാവും). 2. ചെയ്യുന്ന ബിസിനസില്‍ നൂറുശതമാനം ഉറച്ചു നില്ക്കുക. 3. കിട്ടുന്ന ലാഭം എടുത്തുകൊണ്ട് വേറെ ബിസിനിസിലേക്ക് പോവാതിരിക്കുക.
ബിന്‍ അലി മെഡിക്കല്‍ സപ്ലൈസ്, സേഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ്, സേഫ് കെയര്‍ ടെക്നോളജി, സേഫ് കെയര്‍ മെഡിക്കല്‍ പ്രൊഡക്ട്സ്, കെയര്‍ മെഡിക്കല്‍ ട്രേഡിങ്, അല്‍ തിലാവി ജനറല്‍ ട്രേഡിങ്, പേള്‍ പോളിമേഴ്സ്, ഫാമിലി പേള്‍ പ്ലാസ്റ്റിക്സ്, എ.പി.ജെ അബ്ദുല്‍ കലാം സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍, കാര്‍ഡമം ഗാര്ഡന്.... അങ്ങനെ ഇന്ത്യ, യു.എ.ഇ. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ചൈന, യു.എസ്.എ. ജര്‍മനി അടക്കമുള്ള ലോക രാജ്യങ്ങളില്‍ വിവിധങ്ങളായി വ്യാപിച്ചു കിടക്കുകയാണ് ഒമര്‍ അലിയുടെ ബിസിനസ് സാമ്രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.