കോട്ടക്കല്‍: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യാത്രാമധ്യേ എടുത്ത ചിത്രം വൈറലാണ്. എന്നാൽ, ആ ദൃശ്യത്തിലെ ട്രാഫിക് വാർഡൻ കരിങ്കപ്പാറ സ്വദേശി 68കാരനായ സദാശിവനാണ്. കാഴ്ചയില്ലാത്ത വയോധികന് വടികൊണ്ട് തപ്പി ബസ് സ്റ്റാന്‍ഡ് അന്വേഷിച്ചെത്തിയത് താഴെ കോട്ടക്കലില്‍.
വന്നെത്തിയതാകട്ടെ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്യുന്ന സദാശിവന്റെ അരികിലേക്ക്. പ്രയാസപ്പെട്ട് നടന്നുവരുന്ന വയോധികനെ കണ്ടതോടെ സദാശിവന് കാര്യങ്ങള്‍ തിരക്കി. ബസ് സ്റ്റാന്‍ഡ് അന്വേഷിച്ച് വന്നതാണെന്നായിരുന്നു മറുപടി. സ്ഥലം മാറിയല്ലോയെന്ന് പറഞ്ഞപ്പോള്‍ തിരൂരിലേക്ക് ബസ് കയറ്റിവിടാമോയെന്നായിരുന്നു ആവശ്യം.
തുടര്‍ന്ന് താഴെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തേക്ക് ഇയാളുമായെത്തി. ബസില്‍ കയറ്റിയെങ്കിലും സീറ്റില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. എന്നാല്‍, സംവരണ ഇരിപ്പിടം ശരിയാക്കിക്കൊടുക്കാനായിരുന്നു സദാശിവന് പറഞ്ഞത്. വേണമെങ്കില്‍ യാത്രക്കൂലിയും തരാമെന്ന് പറഞ്ഞു.
സീറ്റ് ശരിയാക്കിക്കൊടുക്കാമെന്നും ഉറപ്പുലഭിച്ചു. ഇയാളുമായി നടന്നുപോകുന്ന ചിത്രമാണ് മുനവ്വറലി തങ്ങള്‍ പകര്‍ത്തിയത്. വെട്ടിച്ചിറയിലേക്കുള്ള യാത്രക്കിെട കാറിലിരുന്ന് പകര്‍ത്തിയ ചിത്രം ‘മൈ ക്ലിക്ക് ടുഡേ അറ്റ് കോട്ടക്കല്‍ ടൗണ്‍, ബിഗ് സല്യൂട്ട് ടു യു’ എന്ന തലവാചകത്തോടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.
ചിത്രത്തിന് താഴെ നിരവധി പേരാണ് ട്രാഫിക് വാര്‍ഡനും ചിത്രം പങ്കിടാന്‍ മനസ്സ് കാണിച്ച തങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നത്. നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടക്കല്‍ െപാലീസുമായി സഹകരിച്ച് ആര്യവൈദ്യശാല ഏര്‍പ്പെടുത്തിയ വാര്‍ഡനാണ് സദാശിവന്.
ഏഴ് വര്‍ഷത്തോളമായി ആര്യവൈദ്യശാല റോഡ് ജങ്ഷനിലാണ് സേവനം. പ്രായാധിക്യത്തിന്റെ പ്രയാസത്തിലും എന്തിനാണ് ഈ ജോലിയെന്ന് ചോദിച്ചാല്‍ കടം വീട്ടാനാണെന്നാണ് മറുപടി. ഏക ആണ്‍തരി കോഴിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇതിനിെടയാണ് വില്ലനായി ഭാര്യ രാധക്ക് അര്‍ബുദം പിടിപെടുന്നത്.
രോഗം അറിഞ്ഞപ്പോഴേക്കും സമയം വൈകി. ചികിത്സക്ക് ഒരുപാട് പണം ചെലവഴിച്ചു. ലൈഫ് ഭവനപദ്ധതിയിലൂടെ നിർമിച്ച വീട്ടില്‍ താമസിക്കാനാകാതെ ഒരുവര്‍ഷം മുമ്പാണ് രാധ മരിച്ചത്. ഇപ്പോള്‍ മകള്‍ക്കൊപ്പമാണ് താമസം. ചികിത്സച്ചെലവ് കടക്കാരനുമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.