മങ്കട: യാത്രക്കാരുമായി പോകവേ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ച് നിർത്തിച്ചപ്പോൾ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ അസീസിന് ആദ്യം പരിഭ്രമമായിരുന്നു. എന്നാൽ പിന്നാലെ തേടിയെത്തിയത് അനുമോദനവും ഉപഹാരവും.
മങ്കട കടന്നമണ്ണ വേരുംപുലാക്കൽ തേവര്‍തൊടി അബ്ദുല്അസീസിനാണ് മോട്ടോർ വാഹന വകുപ്പ് ഉപഹാരം നൽകിയത്. ശനിയാഴ്ച ഉച്ചയോടെ പെരിന്തൽമണ്ണയിലേക്ക് യാത്രക്കാരുമായി പോകവെ അങ്ങാടിപ്പുറം കെ.വി.ആർ മോട്ടോഴ്സിന് മുന്നിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കൈകാണിച്ചത്. പരിശോധനയാണെന്ന് കരുതി വാഹനത്തിന്റെ രേഖകളുമായി ഉദ്യോഗസ്ഥരുടെ അടുത്തെത്തി.
വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ, 40 വര്‍ഷമായി തന്റെ ജീവിത മാര്‍ഗമായ ഓട്ടോ ശ്രദ്ധയോടെ സാവധാനം ഓടിച്ച് മുന്നോട്ടുപോവുകയാണെന്നും യാതൊരു അപകടവുമുണ്ടാക്കിയിട്ടില്ലെന്നും അസീസ് പറഞ്ഞു. 40 വര്‍ഷം പ്രശ്നങ്ങളില്ലാതെ ഓട്ടോ ഓടിച്ചതിന് കേരള മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സമ്മാനം നല്കി അനുമോദിക്കുകയും പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്തു.
നാട്ടിൻപുറങ്ങളിൽ ഓട്ടോ ഇല്ലാത്ത 1983ലാണ് അബുൽഅസീസ് ഓട്ടോ ഓടിക്കാൻ തുടങ്ങിയത്. മുന്നിൽ എൻജിൻ ഉള്ള ബജാജ് കമ്പനിയുടെ പെട്രോൾ ഓട്ടോയുമായി മലപ്പുറത്താണ് ഓട്ടം തുടങ്ങിയത്. പിന്നീട് മക്കരപറമ്പിൽ സർവിസ് നടത്തി. ഇപ്പോൾ സ്വന്തം നാടായ വേരുംപുലക്കലിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്നു. ഭാര്യയും നാലു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.