അജ്മാൻ: രാജ്യാതിര്‍ത്തികള്‍ ഭേദിച്ച പ്രണയിനികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു. പാകിസ്താൻ സ്വദേശിയായ തൈമൂര്‍ കേരളത്തിന്റെ മണ്ണില്‍ ഇക്കുറി ഓണം ആഘോഷിക്കാനെത്തും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തൈമൂറിന് ഇന്ത്യാ സർക്കാർ വിസ അനുവദിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജ ഗോപാലിന്റെ ഭർത്താവാണ് പാക് പൗരനായ മുഹമ്മദ് തൈമൂർ.
2005ൽ ജോലി ആവശ്യാർഥം യു.എ.ഇ സന്ദര്‍ശന വേളയിലാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ശ്രീജയെ തൈമൂർ പരിചയപ്പെടുന്നത്. ഇത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടയില്‍ ശ്രീജ യമനില്‍ നഴ്സായി ജോലികിട്ടിപ്പോയെങ്കിലും സ്നേഹബന്ധം തുടർന്നു. യമനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ശ്രീജക്ക് നാട്ടിലേക്ക് പോരേണ്ടി വന്നെങ്കിലും വൈകാതെ ജോലി തേടി ശ്രീജ യു.എ.ഇയിലേക്കുതന്നെ മടങ്ങിയെത്തുകയായിരുന്നു.
2018 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെ പ്രതിസന്ധികള്‍ മറികടന്നായിരുന്നു വിവാഹം. പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തില്‍ വലിയ്യിന്റെ കാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. അതിരുകളില്ലാത്ത ജീവിതവഴിക്ക് ഏറെ പിന്തുണ നല്കിയ തൈമൂറിന്റെ പിതാവിനെ കാണണമെന്ന ശ്രീജയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം ഇതിനിടയില്‍ മരണപ്പെട്ടു. പിതാവിന്റെ ഓർമക്കായി നാട്ടില്‍ ഇരുവരും ചേര്‍ന്ന് നിർമിച്ച വീടിന് താരിഖ് മൻസില്‍ എന്ന് പേരുനല്കി.
വശ്യസുന്ദരമായ കേരളം തൈമൂറിന്റെ വലിയ സ്വപ്നമാണ്. ഇന്ത്യ സർക്കാർ വിസ അനുവദിച്ചതോടെ കേരളം കാണാനാകുമെന്ന പ്രതീക്ഷയിലാണ് തൈമൂർ. 60 ദിവസത്തെ സന്ദർശന വിസയാണ് തൈമൂറിന് ലഭിച്ചിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ നിരവധി വിഡിയോകള്‍ ചെയ്തിട്ടുള്ളതിനാല്‍ ഇരുവരും പ്രവാസ ലോകത്തും നാട്ടിലും സുപരിചിതരാണ്.
അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അതിര് വരമ്പുകളില്ലാത്ത പ്രണയത്തിലൂടെ ഒന്നായി മാറിയതോടെ സോഷ്യല്‍ മീഡിയയും ഇവരെ ഏറ്റെടുത്തിരുന്നു. അതേസമയം, നിരവധി തവണ സൈബർ ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ടിക്ക് ടോക്കില്‍ സജീവമായതോടെ തൈമൂറിനെ മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.