കോട്ടക്കൽ: നായാടിപ്പാറ ജി.യു.പി സ്കൂൾ അധ്യാപകനായ പ്രവീൺ ഇതിനകം സംവിധാനം ചെയ്തത് ഒരുപിടി നല്ല നാടകങ്ങളാണ്. കുട്ടിക്കാലത്ത് കോട്ടക്കലിൽ അരങ്ങേറിയ കെ.പി.എ.സി നാടകങ്ങൾ പ്രവീണിനെ സ്വാധീനിച്ചുവെന്ന് പറയാം. ഇതോടെ കൂട്ടുകാരുമൊത്ത് നാടകം ഉണ്ടാക്കി അഭിനയിക്കുകയെന്ന ലക്ഷൃത്തിലേക്ക് കടന്നു. യു.പി സ്കൂൾ പഠനകാലത്ത് ചെയ്ത നാടകം കാണാൻ കേരള സംഗീത നാടക പുരസ്കാര ജേതാവ് കോട്ടക്കൽ മുരളി എത്തിയതോടെ ചിത്രം മാറി. രാജാസ് സ്കൂൾ അധ്യാപകനായിരുന്ന മുരളി മാഷിനൊപ്പം ഇതേ സ്കൂളിലെ വിദ്യാർഥിയായ പ്രവീണും കൂടി. സഹായിയായും മാഷ് സംവിധാനം ചെയ്ത പോക്കരുടെ പീടിക എന്ന നാടകത്തിലും അഭിനയിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ‘പൊന്നുംകുടം’ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അധ്യാപകനായതോടെ കുട്ടികൾക്കൊപ്പം നാടകമേഖലയിൽ സജീവമായി. ദിവസവേതനത്തിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്ന രാജാസ് സ്കൂൾ തന്നെ ആയിരുന്നു നാടക പരിശീലനശാല. മുരളി മാഷിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ബിജി ടീച്ചറുടേയും പിന്തുണയും വീടും പ്രവീണിന്റെ സ്കൂൾ ഓഫ് ഡ്രാമയായി.
മാഷടക്കമുള്ളവർക്കൊപ്പം നിരവധി നാടകങ്ങൾ സഹസംവിധായകനായി പ്രവർത്തിച്ചു. കാത്തിരിപ്പ്, കുടക്കമ്പിയും കുട ശീലയും, പൂച്ചക്കൊരു മൂക്കുത്തി, അലാക്കിന്റെ അത്ഭുതവിളക്ക്, ഒരുപിടി മണ്ണ് വിൽപനക്ക്, ചക്കക്കൂട്ടാൻ, നിങ്ങൾക്ക് മരിക്കാം ഈസിയായി, നാടകം അൻപാർലമെൻററി വേഡ്, മാധവചരിതം എന്നിവ സ്വന്തമായി സംവിധാനം ചെയ്ത് തട്ടിൽ കയറി. പല നാടകങ്ങളും സ്കൂൾ സംസ്ഥാന കലോത്സവങ്ങളിൽ അരങ്ങ് തകർത്തു. 1..2..3, പേരക്ക എന്നീ ഷോർട്ട് ഫിലിമുകളും തട്ടുംപുറം ക്ലബ് എന്ന വെബ് സീരിസും ഇതിനിടയിൽ പ്രക്ഷേക സമക്ഷമെത്തി. മലയാള, അറബിക് സംസ്കൃത നാടകങ്ങളും സംവിധാനം ചെയ്തു. പാവ നാടകപരിശീലനത്തിലും കുട്ടികളെ മികവുറ്റതാക്കുകയാണ് മാഷ്. മണിപ്പൂർ വിഷയമാക്കി ചെയ്ത ‘ഇന്ത്യ ചോദിക്കുന്നുവെന്ന’ നാടകം മികച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.