തൃശൂർ: പെരിങ്ങാവ് റോഡരികിലെ 100 ഡിഗ്രി സെൽഷ്യസ് എന്ന മൊബൈൽ ഭക്ഷണശാലയുടെ (ഫുഡ്കാർട്ട്) പുതുമോടിക്ക് താഴെ പണം വാങ്ങുന്ന യുവാവിനെ കണ്ട് പലരും ചോദിച്ചിട്ടുണ്ട്- ''തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസിലുണ്ടായിരുന്ന ജിന്നി തോമസ് കുരിശിങ്കൽ അല്ലേ...'' എന്ന്. ചിരിയോടെ അതേ എന്ന് പറയുമ്പോൾ ജിന്നിയുടെ മുഖത്ത് തെളിയുന്നത് അഭിമാനമാണ്. തന്റെ ആശയത്തിൽ നിർമിച്ച എൽ.ഇ.ഡിയിൽ തിളങ്ങുന്ന ടി.വിയിൽ ഫുട്ബാൾ മത്സരം തെളിയുന്ന ആ ഭക്ഷണശാലയിലേക്ക് വിരൽ ചൂണ്ടി ജിന്നി പറയുന്നു- ''ഇന്ത്യയിലെ ആദ്യ ഫുഡ്കാർട്ടാണിത്''.
2010ൽ പാസ് ഔട്ടായശേഷം ബംഗളൂരുവിൽനിന്ന് എം.ബി.എ എടുത്ത് ടാറ്റ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്തുവരവെയാണ് ഈ ജീവിതമല്ല തനിക്ക് വേണ്ടതെന്ന് മാള മണലിക്കാട് സ്വദേശിയായ ജിന്നി തിരിച്ചറിഞ്ഞത്. ഉടൻ നാട്ടിലേക്ക് തിരിച്ചു. 2016ലായിരുന്നു അത്. ആലുവ തിരുവാലൂരിൽ 100 ഇവന്റ്സ് ആൻഡ് കാറ്ററിങ് സ്ഥാപനം സുഹൃത്തുമൊത്ത് തുടങ്ങി. സ്ഥാപനം പച്ചപിടിച്ചുവരവെയാണ് 2018ൽ വെള്ളപ്പൊക്കം വില്ലനായത്. കൺമുന്നിൽ കാറ്ററിങ് പാത്രങ്ങളും ഗ്യാസ് സിലിണ്ടറും വെള്ളത്തിൽ ഒഴുകിപ്പോകുന്നത് കണ്ടുനിന്നത് ജീവരക്ഷാർഥം തൊട്ടടുത്ത വീടിന്റെ മുകളിൽ മൂന്നുനാൾ അഭയം തേടിയ നാളുകളിലാണ്.
എൻജിനീയറിങ് പ്രഫഷൻ ഉപേക്ഷിച്ച് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുത്തപ്പോൾ വീട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കിയതാണ്. അത് മറിച്ചുപറയിപ്പിക്കണമെന്ന വാശിയാണ് തന്നെ നയിച്ചതെന്ന് ജിന്നി. ഇതിനിടെ, 100 ബേക്കേഴ്സ് തുടങ്ങിയെങ്കിലും അധികനാൾ കൊണ്ടുപോകാനായില്ല. അങ്കമാലി സ്വദേശിയും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയും എം.ബി.എക്കാരനുമായ അജിത് കെ. സിറിയക് എന്ന സുഹൃത്താണ് ഗൾഫിലെ 'ഫുഡ്കാർട്ട്' സംവിധാനത്തെക്കുറിച്ച് പറഞ്ഞത്. നാട്ടിൽ തട്ടുകടയുടെ ആശയവുമായി കൂട്ടിച്ചേർത്ത് തുടങ്ങാൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
നാലുമാസം മുമ്പ് ഫാ. ഡേവിസ് ചിറമ്മൽ തുടങ്ങിയ 'അമ്മച്ചിയുടെ അടുക്കള'യുടെ ഭാഗമായി തൃശൂരിലാണ് തുടങ്ങിയത്. അവിടെ ആഴ്ചയിൽ ഒരുനാൾ 100 ഡിഗ്രി സെൽഷ്യസ് പ്രവർത്തിക്കും. മറ്റുദിവസങ്ങളിൽ വൈകീട്ട് നാലര മുതൽ രാത്രി 10.30 വരെയാണ് ഫുഡ്കാർട്ട് പ്രവർത്തിക്കുക. മെക്സിക്കൻ, ഇറ്റാലിയൻ, ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ഇവിടെ ലഭിക്കുന്നു. പലതരം സാൻഡ് വിച്ചുകൾ, പൊറോട്ട റോൾ, ബീഫ് റോസ്റ്റ്, ചില്ലിഗോപി, ഓംലറ്റ്, ചില്ലിചിക്കൻ, മൊമോസ് തുടങ്ങി നിരവധി വിഭവങ്ങൾ കാർട്ടിലുണ്ട്. കഴിക്കാൻ ആളുമേറെയുണ്ട്. നേപ്പാളി കുക്ക് ഉൾപ്പെടെ രണ്ട് ജീവനക്കാർ. മുഴുവൻ സമയം ജിന്നിയാണ് ഇവിടെയുണ്ടാവുക. ബ്രസീൽ ആരാധകനായ ജിന്നി ലോകകപ്പിന് ഫുഡ്കാർട്ടിലെ ടി.വിയിൽ കളി പ്രദർശിപ്പിക്കുന്നുണ്ട്. ജനറേറ്റർ ഉപയോഗിച്ചാണ് ടി.വിയും എൽ.ഇ.ഡിയും മറ്റും പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.