പയ്യന്നൂർ: മൺമറഞ്ഞു പോകുന്ന പരമ്പരാഗത കൃഷിരീതിയെ നിലനിർത്തി വാസുദേവൻ നമ്പൂതിരിയും സുഹൃത്ത് ഭാസ്കരനും. യന്ത്രമിറങ്ങാത്ത വയലുകളിൽ കാളകളെ പൂട്ടിക്കെട്ടി ഉഴുതുമറിച്ച് കൃഷിക്കൊരുക്കുകയാണിവർ. 35 വർഷത്തിലേറെയായി കാളകളെ ഉപയോഗിച്ച് നിലമുഴുന്ന കടന്നപ്പള്ളിയിലെ വി. വാസുദേവൻ നമ്പൂതിരി ഈ വർഷവും കാളകളുമായി രംഗത്തുണ്ട്. 50 വർഷത്തിലധികമായി പരിയാരം പുളിയൂലിലെ മാടക്ക ഭാസ്കരനും ഈ മേഖലയിൽ സജീവമാണ്.
ജില്ലയിൽ നൂറുകണക്കിന് കൃഷിക്കാർ ഈ പരമ്പരാഗത കൃഷി നടത്താനുണ്ടായിരുന്നുവെങ്കിലും ഇന്നത് വിരലിലെണ്ണാവുന്നർ മാത്രമാണ്. വയലുകളിൽ ഉഴതു യന്ത്രമിറങ്ങിയപ്പോഴും വാസുദേവനും ഭാസ്കരനും കാളകളെ ഉപേക്ഷിച്ചില്ല. കലപ്പകൊണ്ട് ഉഴുതാൽ മാത്രമെ നെൽവയൽ പാകപ്പെടൂ എന്നാണ് വാസുദേവൻ നമ്പൂതിരിയുടെ അഭിപ്രായം. അതുകൊണ്ട് ശരീരം വഴങ്ങുന്നതുവരെ കാളയും കലപ്പയും ജീവിതത്തിന്റെ ഭാഗമാക്കാനാണ് ഈ കർഷക സുഹൃത്തുക്കളുടെ തീരുമാനം. പരമ്പരാഗത കൃഷിരീതി നിലനിൽക്കണമെന്ന ആഗ്രഹമാണ് നഷ്ടം സഹിച്ചും കാളകളെ സംരക്ഷിക്കുന്നതിന് പിന്നിലുള്ളത്.
കാളകളെ ലഭിക്കാത്തതും യന്ത്രം വ്യാപകമായതും പുതിയ തലമുറ ഈ രംഗത്ത്നിന്ന് പിന്മാറിയതുമാണ് വയലിലെ കാളപൂട്ടലിന്റെ ഗൃഹാതുരത മറയാൻ കാരണം. മുമ്പ് കർണാടക കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തോടനുബന്ധിച്ചുള്ള കാലിച്ചന്തയിൽ നിന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് കാളകളെ കൊണ്ടുവന്നിരുന്നത്. എന്നാൽ, കാലിക്കടത്ത് ആരോപിച്ച് സംഘ് പരിവാർ ചന്ത തടഞ്ഞു. ഇതും ലക്ഷണമൊത്ത കളകളെ കിട്ടുന്നതിന്നതിന് തടസ്സമായതായി ഇവർ പറയുന്നു.
എന്നാൽ, മറ്റു പ്രദേശങ്ങളിൽ നിന്ന് കാളകളെ എത്തിച്ച് വാസുദേവൻ നമ്പൂതിരി ഇന്നും പരമ്പരാഗത കൃഷിയുമായി രംഗത്തുണ്ട്. സ്വന്തം വയൽ മാത്രമല്ല, യന്ത്രമിറങ്ങാത്ത മറ്റ് കൃഷിക്കാർക്കും ഇദ്ദേഹം നിലമൊരുക്കിക്കൊടുക്കുന്നു. വീടിനടുത്ത ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാരാണ് വാസുദേവന്റെ ഗുരു. സ്കൂൾ വിദ്യാഭ്യാസം മുതലെ കടന്നപ്പള്ളിയിലെ മുതിർന്ന കർഷകനായ കുഞ്ഞിരാമൻ നമ്പ്യാരുടെ കാർഷിക ജീവിതത്തോടൊപ്പം വാസുദേവനുണ്ട്. കുഞ്ഞിരാമൻ നമ്പ്യാർ തന്റെ കലപ്പയും കാർഷികോപകരണങ്ങളും മൂന്നു വർഷം മുമ്പ് വാസുദേവന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.