ദീർഘ ദൂര കുതിരയോട്ട മത്സരത്തിൽ ഇന്ത്യയുടെ ഖ്യാതി വാനോളം ഉയർത്തിയ മലയാളി പെൺകൊടി നിദാ അഞ്ജുമിനെ മലയാളി പ്രവാസികൾ മറന്നിട്ടുണ്ടാവില്ല. പാരീസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമായിരുന്നു ഈ തിരൂർ സ്വദേശിനി. നിദയുടെ അതേ വഴിയിൽ സഞ്ചരിക്കുന്ന മറ്റൊരു മലയാളിയുണ്ട് യു.എ.ഇയിൽ. തിരുവനന്തപുരം സ്വദേശിയായ ഷഫീഖ് ജലാലുദ്ദീൻ.
ദുബൈയിൽ ജനുവരി 16, ഫെബ്രുവരി ഏഴ് തിയ്യതികളിലായി നടന്ന ദീർഘ ദുര കുതിരയോട്ട മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വെന്നിക്കൊടി പാറിക്കുകയും ചെയ്തിരിക്കുകയാണ് 32കാരനായ ഈ യുവാവ്. ദുബൈയിലെ അൽ ഖുദ്റ എൻഡ്യൂറൻസ് സിറ്റിയിൽ നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 465ഓളം പേരാണ് മാറ്റുരച്ചത്. 40 കിലോമീറ്റർ ദൂരമുള്ള രണ്ട് റൗണ്ട്, 80 കിലോമീറ്ററിന്റെ രണ്ട് റൗണ്ട് എന്നിങ്ങനെയാണ് മത്സരക്രമം. ഇതിൽ 40 കിലോമീറ്ററിന്റെ രണ്ട് റൗണ്ടുകളാണ് ഷഫീഖ് വിജയകരമായി പൂർത്തീകരിച്ചത്. ഇതോടെ വൺ സ്റ്റാർ റൈഡിങ് പദവി നേടിയിരിക്കുകയാണ് യുവ വാഗ്ദാനം. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അംഗീകാരമാണ് വൺ സ്റ്റാർ റൈഡിങ് പദവി.
മാർച്ച് രണ്ടിന് അബൂദബിയിൽ വെച്ചാണ് 80 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റൗണ്ട് മത്സരങ്ങൾ. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈയിലെ സ്വകാര്യ കമ്പനിയിൽ പി.ആർ.ഒ ആയ ഷഫീഖ് ജലാലുദ്ദീൻ. ഫ്ലാറ്റ് റേസിങ്ങിൽനിന്ന് തികച്ചും വിത്യസ്തമായ ഭൂപ്രകൃതിയിലാണ് അബൂദബിയിലെ ഇക്വസ്ട്രിയൻ ട്രാക്ക് നിർമിച്ചിരിക്കുന്നത്. കുതിരയെ കൃത്യമായി റൈഡ് ചെയ്യാനായില്ലെങ്കിൽ 80 കിലോമീറ്റർ ദൂരം വിജയകരമായി പൂർത്തീകരിക്കുക വലിയ വെല്ലുവിളിയാണെന്ന് ഷഫീഖ് പറയുന്നു. സാധാരണ കുതിയോട്ടങ്ങളിൽനിന്ന് വിത്യസ്തമാണ് ദീർഘദൂര കുതിയോരട്ട മത്സരം. ഇവിടെ വേഗതക്കല്ല, പ്രാധാന്യം. കുതിരയെ നിയന്ത്രിക്കുന്നതിലുള്ള മികവാണ് പരിശോധിക്കുക. മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയായിരുന്നു ആദ്യ രണ്ടുമത്സരങ്ങളിൽ
നിശ്ചയിച്ചിരുന്നത്. ഇതിൽ കൂടാനോ കുറയാനോ പാടില്ലെന്നാണ് നിയമം. നിശ്ചിത വേഗതയിൽ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തണം. മത്സരത്തിന് മുമ്പും ശേഷവും കുതിരയുടെയും റൈഡറുടെയും ആരോഗ്യ നില വിദഗ്ധരുടെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തും. യു.എ.ഇയിലെ ശൈഖ് കുടുംബങ്ങളുടെ കുതിരകൾ വരെ പങ്കെടുക്കുന്ന മത്സരത്തിൽ വിജയം നേടുകയെന്നത് അത്ര എളുപ്പമല്ല. എങ്കിലും ലക്ഷ്യമാണ് പ്രധാനം. അതിന് മാർഗം ഒരിക്കലും ഷഫീഖിന് മുന്നിൽ തടസ്സമാകില്ലെന്ന് വിശ്വസിക്കാം. നിദ അഞ്ജുമിനെ പോലെ ഇന്ത്യയെ പ്രതിനിധീകരിച്ച് മറ്റൊരു റെകോഡ് തീർക്കാൻ ഷഫീഖിനും കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.
തിരുവനന്തപുരം പൂവാർ സ്വദേശിയായ ഷഫീഖിന് വീട്ടിൽ സ്വന്തമായി രണ്ട് കുതിരകളുണ്ട്. കുടുംബത്തിന്റെ കന്നുകാലി ഫാമിനൊപ്പമാണ് തന്റെ കുതിരകളേയും ഇദ്ദേഹം വളർത്തുന്നത്. പിതാവും മാതാവും ഉൾപ്പെടെുന്ന കുടുംബത്തിന്റെ പിന്തുണയാണ് കുതിരകളെ പോറ്റുന്നതിന് പിന്നിൽ. ചെറുപ്പം മുതലെ കുതിരകളോട് ഷഫീഖിന് വല്ലാത്തൊരു അടുപ്പവും സ്നേഹവുമായിരുന്നു. കുതിരപ്പുറത്ത് സഞ്ചരിക്കുകയെന്നത് വലിയ സ്വപ്നമായിരുന്നു. അങ്ങനെയാണ് വീട്ടിൽ കുതിരകൾ എത്തുന്നത്. അവയെ പരിപാലിച്ചിരുന്നതും പരിശീലിപ്പിച്ചതും ഷഫീഖ് ആയിരുന്നു.
ബാഹുബലി, മാമാങ്കം എന്നിവ ഉൾപ്പെടെയുള്ള സിനിമകളിൽ താരമായ കുതിരകൾ ഷഫീഖിന്റെതായിരുന്നു. ദുബൈയിലെ കോർപിൻ കോർപറേറ്റ് സർവിസ് എന്ന കമ്പനിയിൽ ജോലി നേടി പ്രവാസം തെരഞ്ഞെടുത്തപ്പോഴും കുതിരക്കമ്പം ഷഫീഖിന്റെ ഉള്ളിൽനിന്ന് മാഞ്ഞുപോയിരുന്നില്ല. അതിനിടെയാണ് ദുബൈയിലെ റോയൽ സ്റ്റാലിൻസ് എന്ന കൂട്ടായ്മയെ പരിചയപ്പെടുന്നത്. കുതിര സവാരി നടത്താൻ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയാണ് റോയൽ സ്റ്റാലിൻസ്. ഈ കൂട്ടായ്മയിലൂടെ തന്റെ കുതിരക്കമ്പം വീണ്ടും പൊടിതട്ടിയെടുത്ത ഷഫീഖ് കുതിരയോട്ടം പ്രഫഷനലായി പഠിക്കാൻ തീരുമാനിച്ചു.
ഏറെ പണച്ചെലവുള്ള ഒന്നാണിതെന്ന് മനസിലാക്കിയെങ്കിലും ലക്ഷ്യമാണ് പ്രധാനമെന്ന തിരിച്ചറിവിൽ മാർഗം തടസ്സമായില്ല. 45 മിനിറ്റിന് 120 ദിർഹമായിരുന്നു പരിശീലന ഫീസ്. ഏറെ നാളത്തെ പരിശീലനത്തിന് ശേഷമാണ് ദീർഘ ദൂര കുതിരയോട്ട മത്സരത്തിന് തയ്യാറെടുക്കുന്നത്. പക്ഷെ, അതിനും ഭീമമായ ചെലവായിരുന്നു. ആദ്യം ഇന്ത്യൻ ഇക്വസ്ട്രിയൻ ഫെഡറേഷനിൽ നിന്ന് എൻ.ഒ.സി ലെറ്റർ സംഘടിപ്പിക്കണം. അതിനായി 45,000 രൂപയാണ് ചെലവ്. ഈ എൻ.ഒ.സി വെച്ച് യു.എ.ഇ റൈഡർ ലൈസൻസ് എടുക്കണം. ഇതിന് 1000 ദിർഹം നൽകണം.
പരിശീലന കേന്ദ്രം നൽകിയ കുതിരയെ വെച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിനും പ്രത്യേക ഫീസുണ്ട്. ആറു വയസ്സിന് മുകളിൽ പ്രായമുള്ള കുതിരയെ ആണ് മത്സരത്തിൽ പങ്കെടുപ്പിക്കുക. 2.5 കോടി ദിർഹമാണ് സമ്മാനത്തുക. എന്നാൽ, അവസാന ലാപ്പിൽ വിജയം നേടുകയെന്നത് അത്ര എളുപ്പമല്ലെന്നാണ് ഷഫീഖ് പറയുന്നത്. കൃത്യമായ പരിശീലനവും ആരോഗ്യസംരക്ഷവും ഇതിനാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.