രൂപേഷും കുടുംബവും

അന്ന് പാളയത്ത് ചുമട്ടുതൊഴിലാളി, ഇന്ന് കേരള പൊലീസിൽ -ഹൃദയസ്പർശിയാണ് ഈ പൊലീസുകാരന്റെ എഫ്.ബി പോസ്റ്റ്

കോഴിക്കോട്: 21ാം വയസ്സിൽ പകരക്കാരന്റെ റോളിൽ പാളയം പച്ചക്കറി മാർക്കറ്റിലെ പോർട്ടർ ജോലി ചെയ്ത അനുഭവങ്ങൾ പങ്കുവെച്ച് പൊലീസുകാരന്റെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ രൂപേഷ് പറമ്പൻകുന്നനാണ് തന്റെ തൊഴിലിടാനുഭവങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. പ്രീഡിഗ്രി കഴിഞ്ഞ്, മാളിക്കടവ് ഐ.ടി.ഐയിൽ നിന്ന് ഐ.ടി.ഐ സർട്ടിഫിക്കറ്റും നേടി പി.എസ്.സി പരീക്ഷയെഴുത്തുമായി നടക്കുന്നതിനിടയിലാണ് 1999ൽ ഒരു പകരക്കാരന്റെ റോളിൽ രൂപേഷ് പാളയത്തെത്തുന്നത്. അവിടെ കയറ്റിറക്ക് ജോലി ചെയ്തിരുന്ന അമ്മാവൻ തേക്കുംതോട്ടത്തിൽ രാജു പരിക്കുപറ്റി കളരി ചികിത്സയിൽ കഴിയുമ്പോളാണ് താൽക്കാലികമായി രൂപേഷ് പാളയത്ത് ജോലിക്കെത്തുന്നത്.

കയറ്റിറക്ക് തൊഴിലാളികളെ കുറിച്ച് പൊതുസമൂഹത്തിലെ ചിലരെങ്കിലും വളർത്തിയെടുത്ത ധാരണകൾ തിരുത്തുന്നതാണ് രൂപേഷിന്റെ ഒരു വർഷത്തോളം നീണ്ട ജോലിക്കാലത്തെ കുറിച്ചുള്ള അനുഭവ കുറിപ്പ്. മലപ്പുറം വാഴയൂർ സ്വദേശിയായ രൂപേഷ് പൊലീസിലെത്തും മുമ്പ് കുറച്ചുകാലം കൊച്ചിൻ ഷിപ്പ്യാർഡിലും ജോലി ചെയ്തിട്ടുണ്ട്. പൊലീസ് ജോലിയുടെ തിരക്കുകൾക്കിടയിലും വായനക്കായി സമയം കണ്ടെത്തുന്ന രൂപേഷ് നല്ല പുസ്തകങ്ങളെ കുറിച്ച് ഫേസ്ബുക്കിലും മറ്റും ആസ്വാദന കുറിപ്പ് എഴുതാറുമുണ്ട്.

ഗൾഫ് ജീവിതമവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി മുഴുസമയ കർഷകനായി മാറിയ പി.സി. ചോയിയുടേയും പരേതയായ ശാന്തയുടേയും മകനാണ്. ഭാര്യ ജസ്ന ബി.എഡ് ബിരുദധാരിയാണ്. വിദ്യാർഥികളായ അദിനവ്, റിഥുൽ എന്നിവരാണ് മക്കൾ.

രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ദൈവമെ LLന്റെ ഫുൾ ലോഡാണല്ലോ? 120 ചാക്കിൽ കൂടുതൽ കാണും. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്നപ്പോൾ കണ്ട കാഴ്ച. എന്നെക്കൊണ്ടാവൂല എന്ന് തീർച്ച... സാധാരണ LLലോഡിൽ 100 ചാക്ക് പച്ചക്കറികളാണ് പാളയത്ത് എത്തുന്നത്. ചിലപ്പോഴത് പരിധിയിൽ കവിഞ്ഞ് 110-120 ഒക്കെ ആവാറുണ്ട്. ഒരു പർവതം വന്ന് മുന്നിൽ നിൽക്കുന്ന പോലെയാണ് ഒരു LL വണ്ടി കണ്ടാൽ തോന്നുക. അതിന് താഴെ ചെന്ന് നിന്ന് നോക്കിയാൽ നമ്മൾ ഇത്രക്ക് ചെറുതാണോ എന്ന് തോന്നും. ഒരു ബാച്ചിലെ 5 പേർ ചേർന്ന് അതിലുള്ള ഓരോ ചാക്കും ചുമന്ന് എത്തിക്കേണ്ടതായ കടകളിൽ എത്തിക്കണം. 5 ൽ 4 പേരേ ചാക്ക് ചുമക്കാനുണ്ടാകൂ. ഒരാൾ വണ്ടിക്ക് മുകളിൽ കയറി ചാക്ക് മറ്റുള്ളവരുടെ തലയിലേക്ക് കയറ്റിക്കൊടുക്കണം. ഒരു ലോഡ് ഇറക്കി കഴിഞ്ഞാൽ പിന്നെ അയാളുടെ നടുവ് പഴയ സ്ഥിവ്‍യിലേക്ക് നിവർന്ന് വരാൻ ഒരു ഒന്നൊന്നര മണിക്കൂറെങ്കിലും വേണ്ടിവരും അത്രക്ക് കഠിനമാണാ ജോലി.

ചാക്കിന്റെ മുകളിൽ എഴുതിയ ഷോപ്പിന്റെ പേര് കണ്ടെത്തി ചുമടെടുക്കുന്ന ആൾക്ക് പറഞ്ഞുകൊടുക്കേണ്ടതും അയാളാണ്. MH, KER, വലിയ 1 മുതൽ വലിയ 10, ചെറിയ 1 മുതൽ ചെറിയ 10... അങ്ങിനെ നമ്പറായും ലെറ്ററുകളായും എല്ലാ കടകൾക്കും പേരുണ്ട്. അവയുടെയെല്ലാം പേരും സ്ഥാനവും പാളയത്തെ ഓരോ പോർട്ടർക്കും കാണാപാഠമാണ്. 80നും നൂറിനും ഇടയിൽ തൂക്കം വരുന്ന ചാക്കും തലയിലേറ്റി പറഞ്ഞതായ കടകളിൽ എത്തിക്കണം. വണ്ടിക്ക് മുകളിൽ നിന്ന് ചാക്ക് എങ്ങിനെയെങ്കിലും തലയിലെത്തി ഒരുവിധം തലയിലായാലും നിറയെ വാഹനങ്ങൾക്കും ആൾ തിരക്കുകൾക്കും ഇടയിലൂടെ സ്വതന്ത്രമായി മുന്നോട്ട് നടക്കാനും പറ്റില്ല.

അടുത്തടുത്ത് നിർത്തിയിട്ട വാഹനങ്ങൾക്കും കടകളിൽ നിരത്തിയിട്ട ചാക്കുകൾക്കുമിടയിലൂടെ ഏറെ ദൂരം ചരിഞ്ഞും കുനിഞ്ഞുമൊക്കെ നടന്നിട്ടുവേണം ചുമട് കടകളിൽ എത്തിക്കാൻ. അബദ്ധവശാൽ കട മാറിപ്പോയാൽ പെട്ടതുതന്നെ. പിന്നെ ആരുടെയെങ്കിലും സഹായത്തോടെ അവിടെനിന്നു വീണ്ടും പിടിച്ച് തലയിലാക്കി ശരിയായ കടയിൽ എത്തിക്കണം. ആദ്യത്തെ ഒരാഴ്ച ഇത്തരം അബദ്ധങ്ങൾ സ്ഥിരമായിരുന്നു. പിന്നീട് പാളയം മാർക്കറ്റിന്റെ ഒരു പ്ലാൻ വരച്ച് അതും കീശയിലിട്ടായിരുന്നു നടത്തം. സാവധാനം ഏത് ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ച് കടയുടെ പേര് പറഞ്ഞാലും ഉറക്കമുണരാതെ തന്നെ അവിടെ എത്തുന്ന രീതിയിലേക്ക് പാളയം മാർക്കറ്റും അവിടത്തെ കടകളും എന്റെ തലച്ചോറിൽ പ്രോഗ്രോം ചെയ്യപ്പെട്ടിരുന്നു.

മഴക്കാലത്ത് ഈ ജോലികളൊക്കെ പിന്നെയും പലമടങ്ങ് പ്രയാസമുള്ളതാവും. പച്ചക്കറികളുടെ വേസ്റ്റും അഴുക്കും നിറഞ്ഞ മാർക്കറ്റിനുള്ളിലൂടെയുള്ള നടത്തം തന്നെ ചെറിയൊരഭ്യാസമാണ്. തലയിൽ ചുമടുമായുള്ള നടത്തം ശരിക്കുമൊരു സർക്കസ് പ്രകടനം തന്നെയായിരുന്നു. പക്ഷേ ഈ സർക്കസൊക്കെ കഴിഞ്ഞ് ആ ഭീമാകാരൻ ലോഡ് ചെറുതായി ചെറുതായി അവസാനത്തെ ചാക്ക് തലയിലേക്ക് പിടിക്കുമ്പോൾ വല്ലാത്തൊരു സുഖം അനുഭവപ്പെടുമായിരുന്നു, ഒരു വിജയത്തിൻറ സുഖം. പക്ഷേ ആ സുഖം മിക്കപ്പോഴും വളരെ ചെറിയ സമയത്തേക്ക് മാത്രമെ ലഭിക്കൂ. അപ്പോഴേക്കും നമ്മുടെ ടീമിനുള്ള അടുത്ത വണ്ടി റെഡിയായിട്ടുണ്ടാകും. അത് വല്ല തക്കാളി വണ്ടിയുമായാൽ വലിയ ആശ്വാസമാണ്. മൂന്ന് തക്കാളിപെട്ടി തലയിൽ വെച്ചുള്ള അഭ്യാസമായിരുന്നു അവിടെ ഏറ്റവും എളുപ്പമുള്ള അഭ്യാസ പ്രകടനങ്ങളിൽ ഒന്ന്.

വാഴക്കുല വണ്ടിയാണേൽ അഞ്ചും ആറും കുലകളൊക്കെ രണ്ട് തോളുകളിലാക്കി നടക്കണം. ആദ്യമായി കാണുന്നവരിൽ അതും കൗതുകമുണർത്തുന്ന കാഴ്ച്ച തന്നെയാണ്. ഇനി അത് വല്ല കോസ് വണ്ടിയുമാണെങ്കിൽ പെട്ടതുതന്നെ. കോസ് വണ്ടി എന്നറിയപ്പെടുന്നത് ക്യാബേജ് ലോഡാണ്. ലോറിയിൽ കുത്തി നിറച്ച് വരുന്ന ക്യാബേജ്മല കൈകൊണ്ട് തുരന്ന് കൊട്ടകളിൽ നിറച്ച് തലയിൽ കയറ്റി കടകളിൽ എത്തിക്കണം. എത്ര മിടുക്കോടെ ചെയ്താലും ഉച്ചക്ക് മുമ്പ് രക്ഷപ്പെടില്ല എന്നത് തീർച്ച. ചില മിടുക്കർ ക്യാബേജ് വണ്ടികൾ അതിൻറ ഉടമയെ സ്വാധീനിച്ച് മാർക്കറ്റിലേക്ക് കയറുന്ന സമയം വൈകിപ്പിച്ച് അവരുടെ ബാച്ചിൽ നിന്ന് ഒഴിവാക്കാറുമുണ്ടായിരുന്നു. ലോറി മാർക്കറ്റിന് ഉള്ളിലേക്ക് കയറുന്ന സമയത്തിന് അനുസരിച്ചാണ് ലീഡർ ബാച്ചുകൾക്ക് വണ്ടി വീതം വെച്ച് നൽകുന്നത്.

രാത്രി ലീഡർ കൂടുതൽ കാലവും സി.ഐ.ടി.യു പ്രതിനിധി റോബർട്ട് ബാബുവേട്ടനായിരുന്നു. യൂനിയൻ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് കുറച്ച് ദിവസം എസ്.ടി.യു പ്രതിനിധിക്കും ഐ.എൻ.ടി.യു.സി പ്രതിനിധിക്കും ലീഡർ സ്ഥാനം ലഭിക്കാറുണ്ട്. പകൽ ലീഡർ സ്ഥിരമായി രാമകൃഷ്ണേട്ടൻ തന്നെയായിരുന്നു. അങ്ങിനെ വല്ല ഇടപെടലും നടത്തിയാണ് കോസ് വണ്ടിയുടെ പണി കിട്ടിയത് എന്ന് പണികിട്ടിയ ബാച്ചുകാർ അറിഞ്ഞാൽ ചില്ലറ വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതിനപ്പുറത്തേക്ക് ഒരു പ്രശ്നങ്ങളും മാർക്കറ്റിൽ പോർട്ടർമാർ ഉണ്ടാക്കാറില്ല. അച്ചടക്കത്തിന്റെ കാര്യത്തിൽ മാർക്കറ്റിലും പൊലീസ് ചിട്ട തന്നെയായിരുന്നു.

മാർക്കറ്റിൽ ജോലിക്ക് എത്തുന്നതിന് മുമ്പ് പാളയത്തെ പോർട്ടർമാർ എന്നാൽ അത്യാവശ്യം അടിയും പിടിയും ഒക്കെയുള്ള ടീമാണ് എന്നായിരുന്നു നമ്മുടെ ധാരണ. പക്ഷേ അവരിലൊരാളായി മാറിയപ്പോൾ ആ ധാരണ പറ്റെ മാറി എന്നുമാത്രമല്ല, ഇതാപ്പം പോർട്ടർമാർ എന്നതായി ചിന്ത. ആരെങ്കിലും ഇങ്ങോട്ട് അടിക്കാൻ വന്നിട്ട് തിരിച്ചടിച്ചാലും കിട്ടും സസ്‍പെൻഷൻ. നമ്മുടെ പൊലീസിലെ അതേ അവസ്ഥ. 1999ൽ ഐ.ടി.ഐ പഠനം കഴിഞ്ഞ സമയത്താണ് പാളയം പച്ചക്കറി മാർക്കറ്റിൽ പോർട്ടറായി ജോലിചെയ്യുന്ന അമ്മാവന് സുഖമില്ലാതാവുന്നതും കാരന്തൂരിൽ ചികിത്സക്ക് പോകുന്നതും. കാരന്തൂർ ചന്ദ്രൻ ഗുരുക്കളുടെ ചികിത്സയിലിരിക്കുന്ന അമ്മാവനെ കാണാൻ പോയപ്പോഴാണ് മാർക്കറ്റിലെ അമ്മാവന്റെ ജോലിക്ക് പകരം പോണോ എന്ന് എന്നോട് ചോദിച്ചത്.

21 വയസിൽ എന്ത് ജോലിയും ചെയ്യാം എന്ന ആത്മവിശ്വാസത്തിൽ നിൽക്കുന്ന സമയം. ചോദ്യത്തിന് "ഓ ഞാൻ പോകാം" എന്ന മറുപടി കൊടുത്തു. അങ്ങിനെ ജോലിയുടെ ഭാഗമായുള്ള ആദ്യത്തെ യൂനിഫോം ധരിച്ചു. നീല ഷർട്ടും ചുവന്ന തോർത്തും. രാജുവിൻറ മരുമകൻ എന്ന രീതിയിൽ എല്ലാവരും വലിയ സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയത്. എന്നെ അവിടെ പരിചയപ്പെടുത്തിയത് അമ്മാവനായിരുന്നു. വീട്ടിൽ വിളിക്കുന്ന 'ഉണ്ണീ' എന്ന പേരിലാണ് അവിടെ പരിചയപ്പെടുത്തിയത്. അങ്ങിനെ എന്റെ ഉണ്ണിയെന്ന പേര് അവിടെ രേഖപ്പെടുത്തപ്പെട്ടു, എന്നെക്കാൾ മുമ്പേ മറ്റൊരു ഉണ്ണി അവിടെ ഉണ്ടായിരുന്നതിലാൽ ഞാൻ ചെറിയ ഉണ്ണി എന്ന പേര് സ്വീകരിക്കേണ്ടതായും വന്നു.

ഈ സീനിയർ ഉണ്ണിയേട്ടനാണ് ആദ്യകാലത്ത് ചുമടുകളുമായി പോകുമ്പോൾ കടകൾ കാണിച്ചുതരുന്നതിന് എന്നെ സഹായിച്ചിരുന്നത്. പലപ്പോഴും വല്ലാതെ തളരുമ്പോൾ ഉണ്ണിയേട്ടൻ എന്റെ തലയിൽ നിന്ന് ചുമട് ഏറ്റെടുക്കുമായിരുന്നു. ഉണ്ണിയേട്ടന്റെ വണ്ടിയിലെ ലോഡ് ഇറക്കി കഴിഞ്ഞ് വിശ്രമിക്കാൻ കിട്ടുന്ന സമയത്താണ് ഉണ്ണിയേട്ടൻ ഈ സഹായം എനിക്ക് ചെയ്തു തന്നിരുന്നത്. ആദ്യത്തെ ഒരാഴ്ച്ച കൊണ്ട് ഏതുപണിയും ചെയ്യാം എന്ന എന്റെ ആത്മവിശ്വാസത്തിൽ നല്ല ഇടിവ് സംഭവിച്ചിരുന്നു. പണി ചെയ്യേണ്ട കൂടുതൽ സമയവും ഏറ്റവും സുന്ദരമായ ഉറക്കം ലഭിക്കുന്ന പുലർച്ചെ സമയത്താണ് എന്നതായിരുന്നു ചുമട് എടുക്കുന്നതിനേക്കാൾ പ്രയാസം. വൈകീട്ട് അഞ്ച് മണിക്ക് പണിക്ക് എത്തേണ്ടതാണ്. അത് ആദ്യത്തെ ഒന്നോ രണ്ടോ ബാച്ചിലുള്ളവർ മാത്രം വന്ന് ബാക്കിയുള്ളവർ ഒമ്പത് മണിക്ക് എത്തിയാൽ മതി എന്ന രീതിയിൽ ക്രമീകരിച്ചിരുന്നു. ഒമ്പത് മണി എന്നത് അവസാന സമയമാണ്. അത് 09.01 ആയാൽ ആള് ആബ്സൻറാണ്. അന്നെത്തെ പണി പോയി. അങ്ങിനെ പലരും നിരാശരായി മടങ്ങുന്നതും കണ്ടിട്ടുണ്ട്.

ഒമ്പത് മണിക്ക് ആരംഭിക്കുന്ന പണി പുലർച്ചെ രണ്ട് മണിയോടെ മൂർധന്യാവസ്ഥയിലെത്തും. പിന്നെ ഏതാണ്ട് പകൽ ഒമ്പത് മണിവരെ വിശ്രമമില്ലാതെ ചുമടെടുപ്പ് തന്നെ. രാത്രി കുറച്ചുനേരം ഉറക്കം കിട്ടിയാൽ നല്ല സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സമയത്താവും തോർത്തുകൊണ്ട് തട്ടി വിളിക്കുന്നത്- 'ഉണ്ണീ വാ, വണ്ടി റെഡി'. ആ സമയത്തെ ഒരു മാനസികാവസ്ഥ, അത് വല്ലാത്തതാണ്. അപ്പോൾ പണി കളഞ്ഞിട്ട് പോകാൻ തോന്നും. അല്ല പണി കളഞ്ഞിട്ട് കിടന്നുറങ്ങാൻ തോന്നും. സാധാരണ ഒന്നും രണ്ടും വിളികൾക്ക് ഉണരുന്ന കൂട്ടത്തിലായിരുന്നില്ല ഞാൻ. തട്ടിയുണർത്തിയാൽ തന്നെയേ ഉണരാറുണ്ടായിരുന്നുള്ളു.

അങ്ങിനെ ഒരു തട്ടി ഉണർത്തലിൽ എഴുന്നേറ്റ് വന്ന് നിന്നതാണ് ഈ 120 ചാക്ക് നിറച്ച LL വണ്ടിക്ക് മുന്നിൽ. ആകെ പരവശനായി-എന്റെ ദൈവമെ ഇത്രയം വലിയ ലോഡോ എന്ന ചിന്തയിൽ കണ്ണ് ഒന്നുകൂടി തുറന്ന് നോക്കിയപ്പോളാണ് തോന്നിയത്. അത് വണ്ടിയല്ലല്ലോ? ഓലയല്ലെ? കണ്ണ് തിരുമി ഒന്നുകൂടി വ്യക്തമായി നോക്കിയപ്പോൾ കണ്ടു. അതെ അത് ഓല തന്നെ. അതെ അത് ഒരു തെങ്ങാണ്. എന്റെ വീടിന്റെ മുറ്റത്തുള്ള തെങ്ങ്. ഒന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോൾ മനസിലായി ഞാൻ നിൽക്കുന്നത് പാളയം മാർക്കറ്റിലല്ല എന്നും എന്റെ വീട്ടിന്റെ സിറ്റൗട്ടിലാണ് എന്നും.

അപ്പോഴേക്കും ബോധം പൂർണ്ണമായും കിട്ടിയിരുന്നു. ഇന്ന് ജോലി ഇല്ലാത്ത ദിവസമാണ് എന്നും ഞാൻ രാവിലെ ജോലി കഴിഞ്ഞ് വന്നതാണ് എന്നും വീട്ടിൽ കിടന്നുറങ്ങുന്നതിനിടയിൽ സ്വപ്നം കണ്ട് എഴുന്നേറ്റ് വന്നതാണ് എന്നും കാണുന്നത് LL വണ്ടിയല്ല എന്റെ വീട്ടുമുറ്റത്തെ തെങ്ങാണ് എന്നുമുള്ള തിരിച്ചറിവ്. സന്തോഷം, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. വീട്ടിലെ സിറ്റൗട്ടിലെ റൂമായിരുന്നു എന്റെ റൂം. തിരികെ റൂമിലേക്ക് നടക്കുമ്പോൾ അനുഭവപ്പെട്ട അത്രക്ക് സന്തോഷം മറ്റെപ്പോഴെങ്കിലും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

പതിനൊന്ന് മാസമാണ് ഞാൻ കോഴിക്കോട് പാളയം മാർക്കറ്റിൽ പോർട്ടറായി ജോലിചെയ്തത്. അക്കാലത്ത് എന്നോടൊപ്പം ജോലിചെയ്ത എല്ലാവരോടുമുള്ള എന്റെ സ്നേഹവും കടപ്പാടും മറക്കാവുന്നതല്ല. എന്നോടൊപ്പം ജോലി ചെയ്തിരുന്നവരിൽ ചിലർ ഇപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ട്. 11 മാസത്തെ ചികിത്സക്കുശേഷം ജോലിയിൽ തിരിച്ചെത്തിയ അമ്മാവൻ പിന്നീട് 2021 വരെ അവിടെ തുടർന്നു. മാർക്കറ്റിൽ ജോലി ചെയ്തിരുന്ന സമയത്ത് തയ്യാറെടുപ്പ് നടത്തി എഴുതിയ പി.എസ്.സി പരീക്ഷ പാസായ ഞാൻ മൂന്ന് വർഷത്തെ കൊച്ചിൻ ഷിപ്പ്യാർഡിലെ ജീവിതത്തിനുശേഷം 2003ൽ കേരള പൊലീസിൻറ ഭാഗമായി. ഇന്നും അത്യാവശ്യം ഭാരിച്ച ചുമടുകൾ എടുക്കുന്നു. അത് തലയിൽ അല്ല എന്ന് മാത്രം...

Tags:    
News Summary - Then a porter in the market, today in Kerala Police - This policeman's FB post is heart touching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.