കണ്ണൂർ: കളിച്ചും പഠിച്ചും വളരേണ്ട പ്രായത്തിൽ ഒരു കൈ നഷ്ടപ്പെട്ടത്തിന്റെ വേദനയാണ് സുൽത്താന്. ഡോക്ടർമാരുടെ അനാസ്ഥയിൽ എന്നന്നേക്കുമായി പൊലിഞ്ഞത് 17കാരന്റെ ജീവിതസ്വപ്നങ്ങളായിരുന്നു. ഒടുവിൽ തങ്ങൾക്ക് സംഭവിച്ച ദുരന്തത്തിൽ നീതിക്കും നഷ്ടപരിഹാരത്തിനുംവേണ്ടി പോരാടുകയാണ് സുൽത്താന്റെ കുടുംബം.
ഫുട്ബാൾ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ പ്ലസ് ടു വിദ്യാർഥിയായിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി സുൽത്താൻ ബിൻ സിദ്ദീഖിന്റെ കൈയാണ് തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയിൽ മുറിച്ചുമാറ്റേണ്ടി വന്നത്. ഒക്ടോബർ 30നായിരുന്നു കളിക്കുന്നതിനിടെ വീണ് സുൽത്താന്റെ ഇടതുകൈക്ക് പരിക്കേറ്റത്.
മത്സ്യത്തൊഴിലാളി ചേറ്റംകുന്ന് നസ ക്വാർട്ടേഴ്സിൽ അബൂബക്കർ സിദ്ദീഖിന്റെ മൂത്ത മകനാണ് സുൽത്താൻ. 31നു ശസ്ത്രക്രിയ ചെയ്യാമെന്ന് എല്ലുരോഗ വിദഗ്ധൻ ഡോ. വിജുമോൻ അറിയിച്ചെങ്കിലും ചെയ്തില്ല. പിന്നീട് തങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അടുത്ത ദിവസമാണ് ശസ്ത്രക്രിയ ചെയ്തതെന്ന് പിതാവ് സിദ്ദീഖ് പറഞ്ഞു. ഈ ശസ്ത്രക്രിയയിലെ പിഴവുമൂലം കൈയുടെ ചലനശേഷി പൂർണമായും നഷ്ടപ്പെടുകയും പിന്നീട് മുറിച്ചു മാറ്റുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
കൈ മുറിച്ചുമാറ്റുന്നതിനുള്ള ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നര ലക്ഷത്തോളം ചെലവായി. വിഷയത്തിൽ തലശ്ശേരി ജനറൽ ആശുപത്രി ഓർത്തോ വിഭാഗം ഡോക്ടർ ഡോ. വിജുമോനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും മകന് നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സ്പീക്കർ, മനുഷ്യാവകാശ കമീഷൻ, ചൈൽഡ് ലൈൻ, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ലെന്ന് അബൂബക്കർ സിദ്ദീഖ് വാർത്തസേമ്മളനത്തിൽ പറഞ്ഞു.
ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രിയിലെത്തി സുൽത്താന്റെയും പിതാവിന്റെയും മൊഴിയെടുത്തിരുന്നു. സംഭവത്തിൽ ബാലാവകാശ കമീഷൻ കേസെടുത്തിട്ടും ഡോക്ടർക്കെതിരെ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളിയായ സിദ്ദീഖിന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
പ്ലസ് ടു പഠനം പൂർത്തിയാക്കി കോളജിൽ പ്രവേശനം നേടാനിരിക്കെയാണ് മൂത്ത മകനായ സുൽത്താൻ ബിൻ സിദ്ദീഖിന് അപകടം സംഭവിക്കുന്നത്. മകന് നീതി ലഭ്യമാകും വരെ പോരാട്ടം തുടരുമെന്നും ആവശ്യമെങ്കിൽ നിയമ നടപടികളുമായി നീങ്ങുമെന്നും സിദ്ദീഖ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ സുൽത്താൻ, സാജിദ് കോമത്ത്, എ.പി. അജ്മൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.