റാസല്‍ഖൈമ അല്‍ നഖീല്‍ കേരള ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം പ്രമോഷന്‍ കാര്‍ഡ് വിൽപനക്കെത്തിയ രാമകൃഷ്ണന്‍
റാസല്‍ഖൈമ: സപ്തതിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും നാലര പതിറ്റാണ്ട് പിന്നിട്ട ഗള്‍ഫ് പ്രവാസത്തില്‍ തുടരുകയാണ് രാമകൃഷ്ണേട്ടൻ, കൂട്ട് നെഞ്ചകം പിടയുന്ന ഓര്‍മകള്‍... സിനിമാക്കഥയോട് കിടപിടിക്കുന്നതാണ് എടപ്പാള്‍ കുമരനല്ലൂര്‍ പരേതരായ ചക്കന്‍-ചക്കി ദമ്പതികളുടെ മകനായ രാമകൃഷ്ണന്‍റെ പ്രവാസം. പ്രണയിനിയെ സ്വന്തമാക്കാന്‍ സാധിക്കാത്തതിനാല്‍ ദാമ്പത്യജീവിതം തന്നെ വേണ്ടെന്നു വെച്ച രാമകൃഷ്ണന്‍ ജീവിതത്തിന്‍റെ സായംസന്ധ്യയില്‍ തികച്ചും ഏകനാണ്.
1977ല്‍ മസ്കത്തിലാണ് ഗള്‍ഫ് പ്രവാസത്തിന്‍റെ തുടക്കം. ബാലന്‍ എന്ന സുഹൃത്ത് വഴി സംഘടിപ്പിച്ച വിസയില്‍ മുംബൈ-മസ്കത്ത് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒമാനിലെത്തുമ്പോള്‍ പ്രായം 22. ആദ്യ രണ്ട് വര്‍ഷം ട്രേഡിങ് കമ്പനിയില്‍ ഹെൽപര്‍. പിന്നീട് ഒന്നേകാല്‍ വര്‍ഷം ഒമാന്‍ മൈനിങ് കമ്പനിയില്‍ ഓപറേറ്റര്‍. 1980ല്‍ അവിടെ നിന്ന് അല്‍ഐനിലെത്തി. മൈനിങ് ഓപറേറ്ററായിട്ടായിരുന്നു ജോലി. അബൂദബി എന്‍.പി.സി.സി, സാദിയാത്ത് ഐലൻഡ്, ജര്‍മന്‍ കമ്പനിയായ പ്ലാസ്റ്റിക് കോട്ടിങ് സ്ഥാപനം, ഈസ എൻജിനീയറിങ് തുടങ്ങിയിടങ്ങളിലും ജോലി തുടര്‍ന്നു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. സന്തോഷകരമായിരുന്നു ജീവിതം.
ഒരു പെണ്‍കുട്ടിയോട് സ്നേഹം തോന്നിയിരുന്നു. അവധിക്ക് നാട്ടിലെത്തി അന്വേഷണം നടത്തിയപ്പോള്‍ അവരുടെ വിവാഹം കഴിഞ്ഞതായി അറിഞ്ഞു. ഇനി മറ്റൊരു സ്ത്രീ തന്‍റെ ജീവിതത്തില്‍ വേണ്ടെന്ന തീരുമാനം ഉറച്ചതായിരുന്നു. അത് ഈ നിമിഷവും തുടരുന്നു. ഇവിടെനിന്ന് പണം നീക്കിവെച്ച് ബാക്കി നാട്ടില്‍ സഹോദരി ഭര്‍ത്താവിന്‍റെ പേരിലാണ് അയച്ചിരുന്നത്. രണ്ട് സഹോദരിമാരുടെയും മക്കളുടെ വിദ്യാഭ്യാസം, കല്യാണം, മറ്റു ആവശ്യങ്ങള്‍ എല്ലാം പൂർത്തിയാക്കി. അവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി, ഏഴ് പെണ്‍കുട്ടികളായിരുന്നു. ഇവരില്‍ ഒരാള്‍ ഡോക്ടറും മറ്റൊരാൾ കോളജ് അധ്യാപകനുമായി. പഠനസമയത്ത് ആവശ്യമുള്ളതെല്ലാം എത്തിച്ച് നല്‍കാന്‍ ഡോ. ആസാദ് മൂപ്പന്‍റെ സഹായവും ലഭിച്ചിരുന്നു.
തനിക്ക് പ്രായമേറുമ്പോള്‍ അവരെല്ലാം തുണയായുണ്ടാകുമെന്ന് മനസ്സ് മോഹിച്ചു. അത് വ്യാമോഹമാണെന്നത് തിരിച്ചറിഞ്ഞത് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തങ്ങേണ്ടി വന്നപ്പോഴാണ്. വിസ തീര്‍ന്നാണ് താനെത്തിയതെന്നറിഞ്ഞ കുടുംബാംഗങ്ങളുടെ പെരുമാറ്റം പരിചയമില്ലാത്ത ആളോടെന്നപോലെയായി. ഭക്ഷണം വേണേല്‍ ഹോട്ടലില്‍നിന്ന് കഴിക്കട്ടെയെന്ന കുത്തുവാക്ക് വരെ എത്തി. വീട്ടില്‍നിന്ന് ലോഡ്ജിലേക്ക് താമസം മാറ്റി. കുറച്ച് പണം കൈയില്‍ നീക്കിയിരിപ്പുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിനും താമസത്തിനും ആദ്യഘട്ടങ്ങളില്‍ പ്രയാസപ്പെട്ടില്ല. പണം തീര്‍ന്നപ്പോള്‍ ഗുരുവായൂര്‍ അമ്പലനടയിലേക്ക് താമസം മാറ്റി. അവിടെ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്കൊപ്പം അമ്പലനടയില്‍ കിടന്ന് രാത്രി ഉറക്കം. അന്നദാനത്തിന് വരിനിന്ന് പശിയടക്കി.
പരിചയക്കാരുടെ സഹായത്തോടെ വീണ്ടും യു.എ.ഇയിലെത്തുകയായിരുന്നു. മുമ്പുണ്ടായിരുന്നതുപോലെ സന്തോഷകരമായിരുന്നില്ല രണ്ടാം വരവ്. 69ാം വയസ്സിലും ഒറ്റയാനായാണ് ജീവിതം. കാര്‍ വാഷിങ് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രമോഷന്‍ കാര്‍ഡുകള്‍ വിറ്റഴിച്ചാണ് ഇപ്പോൾ ജീവിതം. റാക് നഖീല്‍ കേരള ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമിരുന്നാണ് ഇപ്പോള്‍ വിൽപന. നിലവിൽ സന്ദര്‍ശക വിസയിലാണ്. നേരത്തേ ജോലി ചെയ്തസ്ഥാപനത്തില്‍നിന്ന് കുറച്ച് പണം ലഭിക്കാനുണ്ട്. അത് ലഭിക്കുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. ലഭിച്ചാല്‍ ഉടന്‍ നാടണയണം, നാട്ടിലെത്തിയാല്‍ എന്തെന്നതിന് ഒരു നിശ്ചയവുമില്ല.
നല്ലകാലത്ത് കുറെയാളുകള്‍ക്ക് എന്‍.പി.സി.സി പോലെ പല സ്ഥാപനങ്ങളിലും ജോലി ശരിപ്പെടുത്തി നല്‍കാന്‍ കഴിഞ്ഞത് സന്തോഷകരമായ ഓര്‍മ. നാട്ടില്‍ കടം കയറി ഖോര്‍ഫുക്കാനിലെത്തി ആത്മഹത്യക്ക് തുനിഞ്ഞ വ്യക്തിക്ക് ജോലിയും വിസയും തരപ്പെടുത്തി ജീവിതത്തിലേക്ക് വഴി നടത്തിയത് ഈ വിഷമ ഘട്ടത്തിലും മനം നിറക്കുന്ന ഓര്‍മയാണെന്നും റാസല്‍ഖൈമയിലുള്ള രാമകൃഷ്ണന്‍ തുടര്‍ന്നു. ഫോണ്‍: 050 4587091.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.