കോട്ടക്കല്‍: നിര്‍ത്തിയിട്ട കാര്‍ പിറകിലേക്കുരുണ്ടതിനെത്തുടർന്ന് ഉണ്ടാവുമായിരുന്ന ദുരന്തമൊഴിവാക്കി രക്ഷകനായത് കോഴിച്ചെന ആര്.ആര്.ആര്.എഫ് ക്യാമ്പിന് സമീപം താമസിക്കുന്ന പുളിക്കല്‍ ലക്ഷ്മണന്റെയും സുമതിയുടേയും മകന് സുധീഷ് (30). തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു കോട്ടക്കല്‍ നഗരത്തിലുണ്ടായ അപകടം. പിന്നിലേക്ക് വേഗത്തില്‍ സഞ്ചരിച്ച കാറില്‍ ഇതുവഴിയെത്തിയ സുധീഷ് ചാടിക്കയറുകയും വാഹനം നിര്‍ത്തുകയുമായിരുന്നു.
ദൃശ്യം സമീപത്തെ വ്യാപാരസ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നെങ്കിലും യുവാവ് ആരാണെന്ന് അറിഞ്ഞിരുന്നില്ല. ഈ ദ്യശ്യങ്ങളടക്കം ’മാധ്യമം’ ചൊവ്വാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് കോട്ടക്കല്‍ കെ.എസ്.എഫ്.ഇ ഓഫിസ് അറ്റന്‍ഡന്റായ സുധീഷാണ് രക്ഷകനായതെന്ന് മനസ്സിലായത്.
ചങ്കുവെട്ടിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വരുന്നതിനിടെയാണ് നിര്‍ത്തിയിട്ട വാഹനം വേഗത്തില്‍ പിറകിലേക്ക് പോകുന്നതും കാറിലുണ്ടായിരുന്ന കുട്ടിയടക്കമുള്ളവര്‍ നിലവിളിക്കുന്നതും സുധീഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ലെന്ന് സുധീഷ് പറഞ്ഞു. കാര്‍ ഓടിച്ച് പരിചയമുള്ളതിനാല്‍ ധൈര്യമായി. ഡോർ തുറന്നു കിടക്കുന്നതിനാല്‍ ലോക്കല്ല വാഹനമെന്നും മനസ്സിലായി. ഓഫിസിന് മുന്‍വശത്ത് നടന്ന സംഭവം ഓഫിസിലുള്ളവരോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ ഓഫിസിലെത്തി വാര്‍ത്തകളും ദൃശ്യങ്ങളും കണ്ടപ്പോഴാണ് സംഭവത്തിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലായത്. ഹൃദ്യമായ സ്വീകരണമാണ് ഓഫിസില്‍ നിന്ന് ലഭിച്ചത്. മലപ്പുറം എ.ജി.എം കെ.വിജയന് സുധീഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വാഹനമോടിച്ചിരുന്നയാള്‍ കുടുംബത്തെ കാറിലിരുത്തിയ ശേഷം ബാങ്കില്‍ പോയപ്പോഴാണ് വൻ അപകടത്തിന് വഴിവെക്കുന്ന സംഭവങ്ങള്‍ കോട്ടക്കല്‍ ബീരാന് റോഡിന് സമീപം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.