വി​മാ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ നി​ർ​മി​ക്കു​ന്ന വീ​ടി​ന്​ സ​മീ​പം വി​മ​ൽ

ഇത് വിമലിന്‍റെ വിമാന വീട്

ചെറുതോണി: കണ്ടാൽ പാറക്കൂട്ടങ്ങള്‍ക്ക് നടുവിലെ മരങ്ങള്‍ക്കിടയിലേക്ക് ഇടിച്ചിറങ്ങിയ ഒരു വിമാനം. പക്ഷേ, ഇത് വിമാനമല്ല. വിമലഗിരി കാറ്റുപാറയില്‍ വിമല്‍ ഇടുക്കിയുടെ ഭാവനയിൽ ഉയരുന്ന വീടാണ്. പൂർത്തിയായില്ലെങ്കിലും മാജിക് പ്ലാന്‍റ് എന്നപേരിൽ വിമാനത്തിന്‍റെ മാതൃകയിൽ നിർമിക്കുന്ന, മജീഷ്യൻ കൂടിയായ വിമലിന്‍റെ വീടുകാണാൻ സന്ദർശകർ ഓരോദിവസവും എത്തുന്നു.

ഇടുക്കി വിമലഗിരിയിലെ കാറ്റുപാറക്ക് മുകളിലാണ് ഈ വിസ്മയക്കാഴ്ച. സദാസമയവും നേര്‍ത്ത കാറ്റ് വീശുന്ന കാറ്റുപാറയിലെ സ്വന്തം ഭൂമിയില്‍ വ്യത്യസ്ത മാതൃകയില്‍ മാജിക് ഗുരുകുലംകൂടി തുടങ്ങണമെന്ന വിമലിന്‍റെ ആഗ്രഹമാണ് വിമാനത്തിന്‍റെ രൂപത്തില്‍ പൂര്‍ത്തിയാകുന്നത്. കലാസംവിധായകനും സ്ട്രീറ്റ് പെയിന്‍ററും കൂടിയായ വിമല്‍ ഇടുക്കി എന്നറിയപ്പെടുന്ന ജോസ് ദേവസ്യ എന്ന 58കാരൻ കോവിഡ് കാലത്ത് കോട്ടയം പാലായിലെ വീട്ടിലിരുന്നു മടുത്തപ്പോഴാണ് ഇടുക്കി വിമലഗിരിയില്‍ നാല് പതിറ്റാണ്ട് മുമ്പ് വാങ്ങിയിട്ട ഭൂമിയിൽ എത്തിയത്.

പാറക്കൂട്ടം കാടുകയറി മൂടിയിരുന്നു. ഉള്‍ക്കാടുകള്‍ മാത്രം വെട്ടിയൊതുക്കി വീടുപണി തുടങ്ങി. യഥാർഥ വിമാനത്തിന്‍റെ തനിപ്പകര്‍പ്പാണ് വിമല്‍ പാറപ്പരപ്പില്‍ രൂപകൽപന ചെയ്തത്.മരക്കമ്പുകളില്‍തട്ടി ഒരുഭാഗത്തെ ചിറകുകള്‍ തകര്‍ന്ന് കുന്നിന്മുകളിലെ തടാകത്തിലേക്ക് വിമാനം ഇടിച്ചിറങ്ങുന്ന രീതിയിലാണ് രൂപകൽപന. പാറയില്‍ പില്ലര്‍ കെട്ടി അതിനുമുകളില്‍ തടാകത്തിന്‍റെ മാതൃകയില്‍ തറയൊരുക്കിയായിരുന്നു നിര്‍മാണം. ആദ്യം തകിടുകൊണ്ട് വിമാനത്തിന്‍റെ ചട്ടക്കൂട് രൂപപ്പെടുത്തി.

70 അടി നീളവും 10 അടി വീതിയുമുള്ള വിമാന വീടിന് രണ്ടാള്‍ പൊക്കമുണ്ട്. വിമാനത്തിന്‍റെ മുന്‍ഭാഗത്ത് സ്റ്റേജും ഇതിനോടുചേർന്ന് മുപ്പതടി നീളമുള്ള രണ്ട് മുറികളും ഒരു ശുചിമുറിയും ഉണ്ട്. മുറികളെ വേര്‍തിരിക്കുന്ന ഭിത്തി ആവശ്യാനുസരണം നീക്കാം. ഭിത്തികളിലെ അലമാരകള്‍ വേണമെങ്കിൽ കട്ടില്‍പോലെ നിവര്‍ത്തി ഉപയോഗിക്കാം. വൈദ്യുതിയും വെള്ളവും എല്ലാം മാജിക് പ്ലാന്‍റില്‍ സജ്ജമായിക്കഴിഞ്ഞു. പെയിന്‍റിങ് അടക്കം ജോലി പൂര്‍ത്തിയായപ്പോള്‍ മലമുകളിലെ കാട്ടുപൊന്തകളും മരച്ചില്ലകളും വെട്ടിനീക്കിയതിനുശേഷമാണ് ചുറ്റുവട്ടത്തുള്ളവര്‍ പാറക്ക് മുകളിലെ ‘വിമാനം’ കണ്ടത്.

കോവിഡ് കാലത്ത് മുടങ്ങിയ നിർമാണം പിന്നീട് പുറത്ത് ജോലിക്കുപോയും മാജിക് ഷോകള്‍ നടത്തിയും ലഭിച്ച ചെറിയ തുക മിച്ചംവെച്ചാണ് തുടര്‍ന്നത്. നിർമാണ ജോലി ഭൂരിഭാഗവും വിമലും ഭാര്യയും ചേർന്നായിരുന്നു. ഗതാഗതസൗകര്യം കുറവായതിനാൽ ബൈക്കിനു പുറകില്‍ സിമന്‍റ് കെട്ടിവെച്ച് കൊണ്ടുപോയാണ് നിര്‍മാണം നടത്തിയതെന്ന് വിമല്‍ പറഞ്ഞു. സിനിമ ചിത്രീകരണത്തിന് വരുന്ന നടൻ നിവിന്‍പോളി അടുത്തമാസം വീട്ടിൽ താമസിക്കാനെത്തുന്നുണ്ട്. വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് നിവിന്‍ പോളി ഇവിടെ താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അതിനാൽ ഇപ്പോൾ രാത്രിയും പകലുമായാണ് നിർമാണം. 

Tags:    
News Summary - This is Vimal's flight home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.