കാതങ്ങൾ ഏറെ താണ്ടി അറബ് നാടിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുകയാണ് ഡിറ്റോ എന്ന മലയാളി യുവാവും കൂട്ടരും. അറേബ്യൻ മണ്ണിന്റെ മരുഭൂക്കഥകളിൽ പച്ചപ്പിന്റെയും കുളിർമയുടെയും ഏടുകൾ കൂടെ കുറിച്ചിടുകയാണ് ഡിറ്റോ. വിരസമായ ഒഴിവുവേളകൾക്ക് വിരാമമിട്ട് ഓരോ ഞായറാഴ്ചകളിലും യു.എ.ഇയുടെ മുഖം അന്വേഷിച്ചിറങ്ങും ഈ കൂട്ടുകാരൻ. അധികം ആരും കടന്നുചെല്ലാത്ത ഉൾപ്രദേശങ്ങളാണ് പ്രധാന ലക്ഷ്യ സ്ഥലങ്ങൾ. പച്ചത്തുരുത്തും ഉച്ചിയിലെ കുന്നും മലയും അരുവിയും തുടങ്ങി യു.എ.ഇലെത്തന്നെ എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഡിറ്റോയുടെ കാമറക്കണ്ണുകൾ ഇതുവരെ പകർത്തിക്കഴിഞ്ഞു.
ഗൂഗ്ൾ മാപ്പിൽ ഉൾപ്പെടാത്ത പ്രദേശങ്ങൾ സാറ്റലൈറ്റ് വ്യൂവിൽ സെറ്റ് ചെയ്ത് കണ്ടെത്തുകയാണ് പതിവ്. സാഹസികതയേറെ നിറഞ്ഞ യു.എ.ഇലെ ഒട്ടുമിക്ക ഓഫ് റോഡ് യാത്രകളും ഇതിനോടകം ഇവർ പൂർത്തിയാക്കി. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ഹരിത മനോഹരങ്ങളായ പഴത്തോട്ടങ്ങൾ ഡിറ്റോയുടെ ഇഷ്ട ഇടങ്ങളാണ്. കണ്ണും കരളും നിറക്കുന്ന നാടൻ കാഴ്ചകൾ ഈ സഞ്ചാരിയെ വീണ്ടും വീണ്ടും ഇവിടങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു.
പത്തുവർഷത്തോളമായി പ്രവാസ ജീവിതം തുടരുന്ന ഡിറ്റോ അഞ്ച് വർഷമായി ഈ യാത്രാ ഉദ്യമത്തിൽ സജീവ പങ്കാളിയാണ്. ജോലി ഭാരങ്ങളും ഒറ്റപ്പെടലും തീർക്കുന്ന അറബ് നാടിന്റെ വന്യതയിൽ ഇത്തരം ഇടങ്ങൾ തീർക്കുന്ന മാനസിക ഉന്മേഷം ചെറുതല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഇവിടെ ഒരാൾ.
ഇങ്ങനെ ഹൃദയംകൊണ്ട് കീഴടക്കുന്ന ദൂരങ്ങൾ ലോകത്തിനുമുന്നിൽ ദൃശ്യങ്ങളായി പകർത്താനും മറന്നില്ല ഈ യാത്രികൻ. Ditto Raju എന്ന യൂട്യൂബ്ചാനൽ യു.എ.ഇ യാത്രാ ഭ്രാന്തന്മാർക്ക് മുന്നിൽ നിരത്തുന്നത് യാത്ര ഡെസ്റ്റിനേഷൻസിന്റെ വലിയ ചാകര തന്നെയാണ്.യു.എ.ഇ യാത്രകൾ ചെലവ് കൂടിയതാണ് എന്ന മിഥ്യാധാരണ പാടെ ഇല്ലാതാക്കുന്നതാണ് ഇവരുടെ യാത്രകളിൽ അധികവും. ഇനിയും തനിച്ചും കൂട്ടായുമുളള ദൈർഘ്യമേറിയ പര്യവേക്ഷണങ്ങൾ സ്വപ്നം കാണുകയാണ് ഡിറ്റോ രാജു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.