ജിദ്ദ: സേവനപാതയിലൂടെ സഞ്ചരിച്ച രണ്ട് പതിറ്റാണ്ടത്തെ പ്രവാസത്തിന് വിട നൽകി അബ്ദുൽ സലീം നിലമ്പൂർ മടങ്ങുന്നു. 2003 മേയിൽ ജിദ്ദയിലെത്തി തുടക്കത്തിൽ താൽക്കാലിക ജോലികളിൽ മുഴുകി, ശേഷം ബഖീത്ത് കമ്പനിയിൽ മൂന്ന് വർഷത്തോളം സർവിസ് സെന്റർ കോഓഡിനേറ്ററായി ജോലി ചെയ്തു.
പിന്നീട് ബിൻ ലാദൻ കമ്പനിയിൽ ഒന്നര പതിറ്റാണ്ടോളം സെക്രട്ടറി, ശേഷം പ്രെക്യൂർമെൻറ് കോഓഡിനേറ്റർ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് നാട്ടിലേക്കുള്ള മടക്കം. ഔദ്യോഗിക ജോലിയോടൊപ്പംതന്നെ തനിമ കലാസാംസ്കാരിക വേദിക്ക് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ശറഫിയ ഇമാം ബുഖാരി മദ്റസയിൽ 17 വർഷത്തോളമായി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.
പല ഘട്ടങ്ങളിലായി താൻ പഠിപ്പിച്ച ആയിരക്കണക്കിന് മദ്റസ വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ‘സലീം ഉസ്താദ്’ ആയിരുന്നു അബ്ദുൽ സലീം. തനിമ കലാസാംസ്കാരിക വേദിയുടെ പല ഉത്തരവാദിത്തങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു.
ശറഫിയയിലെ ഹിറ യൂനിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും തുടങ്ങി യൂനിറ്റ് പ്രസിഡന്റ്, ഏരിയ ഓർഗനൈസർ, ജിദ്ദ സൗത്ത് സോൺ കൂടിയാലോചന സമിതി അംഗം, കഴിഞ്ഞ അഞ്ചര വർഷമായി സോണൽ സെക്രട്ടറി, മലർവാടി-സ്റ്റുഡന്റ്സ് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഹജ്ജ് കാലങ്ങളിൽ തനിമയുടെ കീഴിൽ ഹാജിമാരെ സേവിക്കാൻ പുറപ്പെടുന്ന സന്നദ്ധ സേവകരുടെ കൂട്ടത്തിൽ വളന്റിയർ ക്യാപ്റ്റൻ, കോഓഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് എല്ലാ കാലത്തും മുന്നിൽതന്നെ ഉണ്ടാവാറുണ്ട് ഇദ്ദേഹം. 2009ൽ ജിദ്ദയിൽ നൂറുകണക്കിനാളുകൾ മരിക്കാനിടയായ മഹാ പ്രളയത്തിൽ ജാമിഅ ഖുവൈസയിൽ തനിമക്ക് കീഴിൽ മലയാളികളെ സഹായിക്കാനായി നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
എത്രയോ പ്രവാസികൾക്ക് അന്ന് സാന്ത്വനം നൽകാൻ കഴിഞ്ഞതും ദുരിതത്തിൽ കഷ്ടപ്പെട്ട ചില സുഹൃത്തുക്കളെ സ്വന്തം റൂമിൽ കുറെ കാലം താമസിപ്പിച്ചതുമെല്ലാം വളരെ അഭിമാനത്തോടെ ഓർത്തെടുക്കുന്നുണ്ട് അബ്ദുൽ സലീം. ഇങ്ങനെ ദുരിതത്തിൽ അകപ്പെട്ടവർക്ക് തന്നാൽ ആവുംവിധം സാന്ത്വനം നൽകാൻ കഴിഞ്ഞതാണ് മറ്റെന്തിനേക്കാളും തനിക്ക് പ്രവാസത്തിൽ നിന്നും ലഭിച്ച സൗഭാഗ്യമെന്ന് അബ്ദുൽ സലീം കരുതുന്നു.
ശാന്തപുരം ഇസ്ലാമിയ കോളജിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം ബിരുദാനന്തര ബിരുദവും ബി.എഡും പൂർത്തിയാക്കിയിരുന്നു. ജബ്നയാണ് ഭാര്യ. മക്കൾ: ആയിഷ നദ (ബിരുദ വിദ്യാർഥിനി, ഡൽഹി യൂനിവേഴ്സിറ്റി), അദ്നാൻ (പ്ലസ് ടു വിദ്യാർഥി, ഹയർ സെക്കന്ററി സ്കൂൾ, ചേന്ദമംഗല്ലൂർ), അഫ്റ (ഖുർആൻ വിദ്യാർഥിനി, കെ.സി ഫൗണ്ടേഷൻ ചേന്ദമംഗല്ലൂർ), അഫാൻ (നാലാം ക്ലാസ് വിദ്യാർഥി). ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഇദ്ദേഹത്തിെൻറ ജ്യേഷ്ഠസഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.