ഭക്ഷണവും വസ്ത്രവും ഭാഷയും വിദ്യാഭ്യാസവും തെരഞ്ഞെടുപ്പുമെല്ലാം ഓരോരുത്തരുടെയും അവകാശമാണ്. ഹിന്ദി ഭാഷക്ക് ആരും എതിരല്ല. എന്നാൽ മറ്റു ഭാഷകൾ അത്ര പോരെന്നുമുള്ള ചിന്ത ശരിയല്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ മാറ്റിനിർത്തപ്പെടുന്നതും അവകാശലംഘനമാണ്. ഉദയനിധി സ്റ്റാലിന്റെ തുറന്നുപറച്ചിലുകൾ
രാഷ്ട്രീയമായി ഒരുപോലെ ചിന്തിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. അതുകൊണ്ടുതന്നെയാണ് സംഘ്പരിവാർ രണ്ട് സംസ്ഥാനങ്ങളെയും ലക്ഷ്യമിടുന്നത്. കേരള മക്കളും തമിഴ് മക്കളും പോരാടാൻ തന്നെയാണ് തീരുമാനിച്ചതും
പകർച്ചവ്യാധികൾക്കൊപ്പം സംഘ്പരിവാറിന്റെ ഹൃദയമായ സനാതന ധർമവും ഉന്മൂലനം ചെയ്യണമെന്ന ഒറ്റ വാക്കിൽ പുതിയൊരു സൂര്യൻ പിറക്കുകയായിരുന്നു. ദ്രാവിഡമണ്ണിനെ ചുട്ടുപൊള്ളിച്ച ചിന്തകളുടെ ചൂട് ദക്ഷിണേന്ത്യയും കടന്ന് അങ്ങ് വടക്ക് അയോധ്യയിലെ കാവിക്കോട്ട വരെയെത്തി. വാക്കുകളിൽ കൂരമ്പുകൾ ഒളിപ്പിച്ച കരുണാനിധിയുടെയും എം.കെ. സ്റ്റാലിന്റെയും പിൻമുറക്കാരൻ ഉദയനിധി സ്റ്റാലിൻ നിലപാടുകളുടെ മൂർച്ചയിൽ ഒട്ടും പിറകിലല്ല.
മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന സനാതന ധർമത്തിനെ കരിച്ചുകളയാൻ തക്ക താപം അദ്ദേഹത്തിന്റെ വാക്കുകൾക്കുണ്ട്. അതുകൊണ്ടുതന്നെയാണ് അയോധ്യയിലെ സന്ന്യാസി പരമഹംസ് ആചാര്യ, ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി ഇനാം പ്രഖ്യാപിച്ചത്. ‘‘പത്തു രൂപയുടെ ഒരു ചീപ്പ് മതി, ഞാന്‍ തന്നെ എെൻറ മുടി ചീകിക്കോളാം.’’ ഒന്ന ഒറ്റവാക്ക് മറുപടി കാവിക്കോമരങ്ങൾക്കുള്ള ചാട്ടുളിയായിരുന്നു. അതേ, ഒളികളില്ലാതെ തെളിമയിൽ ഉദയനിധി സ്റ്റാലിൻ ഇവിടെ പുതുലോകം തേടിപ്പോവുകയാണ്.
സനാതന ധർമത്തിലും മനുസ്മൃതിയിലും അധിഷ്ഠിതമായ ലോകം കെട്ടിപ്പടുക്കാൻ ഒരുങ്ങുന്ന സംഘ്പരിവാറിന്റെ തലക്കേറ്റ അടിയാണ് ഉദയനിധിയുടെ പകർച്ചവ്യാധി ഉന്മൂലന പരാമർശം. ഹിന്ദുത്വത്തിന് വേരുറപ്പിക്കാനാവാത്ത തമിഴ് മണ്ണിൽ ചെറുതും വലുതുമായ തിരിച്ചടികൾ ഒരുപാടുണ്ടായിട്ടുണ്ട്. എന്നാൽ, സനാതന ധര്‍മത്തെ എതിർത്താൽമാത്രം പോരാ, ഡെങ്കിയും മലേറിയയും കൊറോണയും പോലെ ഉന്മൂലനം ചെയ്യുക തന്നെ വേണമെന്ന ഉദയനിധിയുടെ വാക്കുകൾ സംഘ്പരിവാറിന്റെ കടന്നൽക്കൂടിളക്കി. ഉദയനിധിയുടെ ചിത്രത്തില്‍ വാളുകൊണ്ട് വെട്ടിക്കീറി ആ തലയെടുക്കാൻ ആഹ്വാനം ചെയ്തു അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യ. മോദിയും അമിത്ഷായും വരെ പ്രതികരണവുമായെത്തി.
തന്റെ തല ക്ഷൗരം ചെയ്യാൻ പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പുണ്ടെങ്കിൽ മുടി ചീകാമെന്ന ഉദയനിധിയുടെ മറുപടി എല്ലാവർക്കുമുള്ളതായിരുന്നു. തമിഴ്നാടിനുവേണ്ടി റെയിൽ പാളത്തില്‍ തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ കൊച്ചുമകനെ പേടിപ്പിക്കാൻ സംഘ്പരിവാർ വളർന്നില്ലെന്ന് വ്യക്തം.
സംഘ്പരിവാറിനോട് ചേർന്നുനിൽക്കാത്ത ഭരണകൂടങ്ങളെയും രാഷ്ട്രീയ എതിരാളികളെയും വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ നിയോഗിക്കുമ്പോൾ ‘എന്നെ റെയ്ഡ് ചെയ്യൂ’ എന്നുറക്കെ പറയുകയാണ് ഉദയനിധി. തമിഴ്നാടും കേരളവുമാണ് സ്ഥിരം ഇരകൾ. ഇരകളായി ഇരിക്കാനല്ല, പോരാടാനാണ് തീരുമാനം. അതുതന്നെയാണ് നിലപാടും. 115 പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ മോദി സർക്കാർ ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള സമ്മർദ തന്ത്രമാണിത്. കഴിയുമെങ്കിൽ, തന്നെ റെയ്ഡ് ചെയ്യൂവെന്ന് അദ്ദേഹം വെല്ലുവിളിക്കുേമ്പാൾ ദക്ഷിണേന്ത്യയിൽ സംഘ്പരിവാറിന് വഴങ്ങാത്ത സമൂഹം മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഐക്യപ്പെടുന്നു.
തമിഴ്നാടിെൻറ തനത് സംസ്കാരവും ഭാഷയും ആരോഗ്യരംഗവും കേരളത്തിലെ മതേതരത്വവും സഹകരണ മേഖലയുമെല്ലാം തകർക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്ക് തടയിടാൻ ശക്തിപകരുന്നതാണ് മുഖ്യമന്ത്രി സ്റ്റാലിന്റെയും, മകനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെയും ഇടപെടലുകൾ.
ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ഗവർണർമാരെ അയക്കുകയാണ്. ഫെഡറൽ സംവിധാനത്തിനെതിരെയാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. സംസ്ഥാനങ്ങൾ എന്തു ചെയ്യണമെന്ന് അവർ ആജ്ഞാപിക്കുകയാണ്. ഭരണം മോശമാക്കാൻ ലക്ഷ്യമിട്ടാണ് ഗവർണർമാരെ അയക്കുന്നത്. തമിഴ്നാടും കേരളവും ഈ പ്രശ്നം ഒരുപോലെ നേരിടുകയാണ്. രാഷ്ട്രീയമായി ഒരുപോലെ ചിന്തിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. അതുകൊണ്ടുതന്നെയാണ് സംഘ്പരിവാർ രണ്ട് സംസ്ഥാനങ്ങളെയും ലക്ഷ്യമിടുന്നത്. കേരള മക്കളും തമിഴ് മക്കളും പോരാടാൻ തന്നെയാണ് തീരുമാനിച്ചതും. ഫലമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും സംഘ്പരിവാറിന് വിജയിക്കാനായില്ല.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സംഘ്പരിവാറിന്റെ കൈകടത്തൽ വ്യക്തമാണ്. കേരളത്തിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ ബില്ലുകളോട് ഗവർണർമാർ മുഖംതിരിക്കുകയാണ്. നിയമസഭ രണ്ടാമതും പാസാക്കിയ ബില്ലുകൾ തമിഴ്നാട് ഗവര്‍ണര്‍ ആര്.എൻ. രവി രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടതാണ് ഒടുവിലത്തെ സംഭവം. എഴുത്തിന്റെയും പോരാട്ടത്തിന്റെയും മണ്ണായ തമിഴ്നാടും കേരളവും ഇതിനെയും അതിജീവിക്കും എന്നാണ് ഉദയനിധിയുടെ പക്ഷം.
സിനിമയിലും രാഷ്ട്രീയത്തിലും പ്രേക്ഷകർ സ്മാർട്ട് ആണ്. അവരെല്ലാം ശ്രദ്ധിക്കുന്നുണ്ട്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനാണ് സിനിമ ഉപേക്ഷിച്ചത്. സിനിമയിൽ വരുംമുമ്പുതന്നെ രാഷ്ട്രീയക്കാരന്റെ വിലാസമണിഞ്ഞിരുന്നു. ചെറുപ്പം മുതൽ തന്നെ മുത്തച്ഛൻ കരുണാനിധിക്കും പിതാവ് സ്റ്റാലിനും ഒപ്പം നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. അവർ ജനങ്ങളോട് ഇടപെടുന്നത് പാഠമാക്കിയിട്ടുണ്ട്. ആളുകളുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കി. അന്ന് സമൂഹമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒന്നും ഇത്രക്ക് സജീവമല്ല. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് എത്തിയത്. നിർമാതാവായി തുടങ്ങി അപ്രതീക്ഷിതമായി നടനുമായി. സിനിമ ഒരു വിസിറ്റിങ് കാർഡ് മാത്രമാണ്. കൂടുതൽ ആലോചനകൾ ഒന്നുമില്ലാതെ തന്നെ രാഷ്ട്രീയമാണ് യഥാർഥ പോർക്കളം എന്ന് മനസ്സിലാക്കിയാണ് ഉദയനിധി സ്റ്റാലിൻ എന്ന നേതാവിന്റെ തിരിച്ചുവരവ്.
അടിസ്ഥാനപരമായ ഭക്ഷണവും വസ്ത്രവും ഭാഷയും വിദ്യാഭ്യാസവുമെല്ലാം ഓരോരുത്തരുടെയും അവകാശമാണ്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പുകളും ഒരുതരം അവകാശമാണ്. ഹിന്ദി ഭാഷക്ക് ആരും എതിരല്ല. ഹിന്ദി വിശിഷ്ടമാണെന്നും മറ്റു ഭാഷകൾ അത്ര പോരെന്നുമുള്ള ചിന്തകൾ ശരിയല്ല. നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി ഭാഷ രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളത്തിൽ മലയാളം, തമിഴ്നാട്ടിൽ തമിഴ്. ഈ രണ്ടു സംസ്ഥാനങ്ങളെ ഹിന്ദി എങ്ങനെയാണ് ഒന്നിപ്പിക്കുന്നത്.
ഹിന്ദി ഒഴികെയുള്ള പ്രാദേശിക ഭാഷകളെ തരംതാഴ്ത്തുന്ന നടപടിയാണ് ബി.ജെ.പിക്ക്. മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്ന ഭരണഘടനക്ക് നിരീശ്വരവാദത്തിലും സമാന നിലപാടാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ മാറ്റിനിർത്തപ്പെടുന്നത് അവകാശലംഘനമാണ്. വിധവയും ഗോത്രവർഗക്കാരിയുമായ രാഷ്ട്രപതിയെ പാർലമെന്റിന്റെ പുതിയ മന്ദിരത്തിലെ പ്രവേശന പരിപാടിയിൽ മാറ്റിനിർത്തിയതാണ് സനാതന ധർമം. ഇതാണ് എതിർക്കപ്പെടേണ്ടത്.
തമിഴ്നാട് അവതരിപ്പിച്ച നീറ്റ് വിരുദ്ധ ബില്ലിനോട് ഗവർണർ മുഖംതിരിച്ചു. കഴിഞ്ഞ മാസങ്ങളില്‍ 20ല്‍ അധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ തമിഴ്നാട്ടില്‍ ജീവനൊടുക്കിയത്. നീറ്റ് പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിങ് സെന്ററുകൾക്ക് തടിച്ചുകൊഴുക്കാൻ വേണ്ടിയാണ്. കേന്ദ്രം ഇതിന് കുടപിടിക്കുകയാണ്. ബി.ജെ.പി എന്ന വിഷപ്പാമ്പ് നിങ്ങളുടെ വീട്ടിൽ പ്രവേശിച്ചാൽ അത് വീടിനടുത്തുള്ള ചപ്പുചവറുകളിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ അതിനെ വലിച്ചെറിഞ്ഞാൽ മാത്രം പോരെന്ന് ഉദയനിധി പറയുമ്പോൾ നിലപാടുകൾ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.