എടപ്പാൾ: പുതിയ കാലഘട്ടത്തിൽ പാട്ടുകേൾക്കാൻ പലവിധ സാങ്കേതിക ഉപകരണങ്ങൾ ഉണ്ടെങ്കിലും പഴയ പാട്ടുപെട്ടികളെ നെഞ്ചോട് ചേർക്കുകയാണ് ഉമ്മർ എടപ്പാൾ. തികഞ്ഞ സംഗീത ആസ്വാദകനും ഇതോടൊപ്പം മറ്റുള്ളവരെ പാട്ട് കേൾപ്പിക്കുകയും ചെയ്യുന്നയാളാണ് 75 കാരനായ ഉമ്മർ. എടപ്പാൾ ടൗണിൽ ഇദ്ദേഹത്തിന്റെ കടയിൽ രാവിലെ മുതൽ പഴയ പാട്ടുപെട്ടിയിൽനിന്ന് മനോഹര പാട്ടുകൾ ഉയരും. ഇത് കേൾക്കാനായി താളം പിടിച്ച് ആളുകളും ചുറ്റും കൂടും. ഇത് എടപ്പാളിലെ സ്ഥിരം കാഴ്ചയാണ്.
പഴയകാല പാട്ടുപെട്ടികൾ വിൽക്കാനുണ്ടെന്നറിഞ്ഞാൽ വാങ്ങാനായി ഉമ്മർ അവിടെയെത്തും. കേടുപാടുണ്ടെങ്കിലും വാങ്ങാതെ തിരികെ പോകാൻ ഉമ്മറിനെ കിട്ടില്ല. കേടുപാടുകൾ പരിഹരിച്ച് കൂടെക്കൂട്ടും. ഇപ്പോൾ നിരവധി പാട്ട് കേൾക്കാനുള്ള ഉപകരണങ്ങൾ ഉമ്മറിന്റെ ശേഖരത്തിലുണ്ട്.
പയനീർ ഓൾഡ് റെക്കോർഡ് പ്ലേയർ, ഹർമൻ കർഡോൺ ആംപ്ലിഫയർ, അക്കായ് ആംപ്ലിഫയർ, കെൻവുഡ് എഫ്.എം ട്യൂണർ, ഡെനോൺ എഫ്.എം ട്യൂണർ, സോണി ആംപ്ലിഫയർ, പയനീർ സ്പീക്കർ, കെൻവുഡ് സ്പീക്കർ, മിഷൻ സ്പീക്കർ, ടെക്നിക്ക്സ് എഫ്.എം ട്യൂണർ തുടങ്ങി നിരവധി പാട്ടുകേൾക്കാനുള്ള ഉപകരണങ്ങളാണ് കൈവശമുള്ളത്. പഴയകാലങ്ങളിൽ കല്ല്യാണ വീടുകളിൽ പാടാൻ പോയിട്ടുണ്ട് ഉമ്മർ.
പഴയകാല ഗാനങ്ങൾ തനിമ ചോരാതെ ആസ്വദിക്കാൻ പാട്ടുപെട്ടിയിലൂടെ മാത്രമേ സാധിക്കൂവെന്നും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്ത് സംഗീതത്തിലൂടെ ലഭിക്കുമെന്നും ഉമ്മർ പറയുന്നു. എടപ്പാൾ തൃശൂർ റോഡിൽ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.