കുറ്റിപ്പുറം: യാത്രക്കാർ പലരും കയറിയിറങ്ങിയെങ്കിലും കാൽനൂറ്റാണ്ടായി മാനുക്ക ഡ്രൈവർ സീറ്റിൽ തന്നെയുണ്ട്. ഒരേ റൂട്ടിൽ ഒരേ ബസിൽ 25 വർഷമായി വളയം പിടിക്കുകയാണ് ആതവനാട് കാവുങ്ങൽ വെട്ടിക്കാട്ടിൽ ഉണ്ണീൻക്കുട്ടി എന്ന മാനുക്ക. ബസുകൾ കുറവായ കുറ്റിപ്പുറം-ആതവനാട് റൂട്ടിലെ ലക്ഷ്മി ബസിലാണ് മാനുക്ക ഡ്രൈവറായി ജോലി ചെയ്യുന്നത്.
പ്രായം 60 പിന്നിട്ടെങ്കിലും ഡ്രൈവർ സീറ്റിൽ മാനുക്ക ഇരുന്നാലേ നാട്ടുകാർക്കും തൃപ്തിയാകൂ. കുറ്റിപ്പുറത്തിന്റെ ഗ്രാമപ്രദേശമായ റൂട്ടിലെ വിദ്യാർഥികളുടെയും യാത്രക്കാരുടെയും ഏക ആശ്രയം ചുരുക്കം ചില ബസുകളാണ്.
കുറ്റിപ്പുറം-ആതവനാട് റൂട്ടിൽ ആദ്യം സർവിസ് നടത്തിയ ബസുകളിലൊന്നാണ് ലക്ഷ്മി. 2000 മുതൽ മാനുക്ക ബസിൽ ഡ്രൈവറായി കയറിയതാണ്. ഈ റൂട്ടിൽ ആദ്യ സർവിസ് രാവിലെ 6.40ന് ആതവനാട് നിന്നാണ് തുടങ്ങുന്നത്. കുറ്റിപ്പുറത്തുനിന്ന് രാത്രി ഏഴിനുള്ള റൂട്ടിലെ അവസാന സർവിസ് വരെ ഡ്രൈവർ സീറ്റിൽ മാനുക്കയുണ്ടാകും.
40 വർഷത്തിലധികമായി ഇദ്ദേഹം ഡ്രൈവർ ജോലി ചെയ്യുന്നു. 1984 ലാണ് ലൈസൻസ് എടുക്കുന്നത്. അക്കാലത്ത് ബസുകളെക്കാൾ കൂടുതൽ ജീപ്പുകളായിരുന്നു. തിരുനാവായ-ആതവനാട് റൂട്ടിൽ ജീപ്പിന് വളയം പിടിച്ചായിരുന്നു തുടക്കം. 15 വർഷത്തോളം ജീപ്പ് ഡ്രൈവറായ ശേഷമാണ് ബസിലേക്ക് ചേക്കേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.