ഇബ്രാഹിം ശംനാട്
ജിദ്ദ: മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവാസലോകത്തെ അധ്യാപന ജീവിതത്തോട് വിടപറയുകയാണ് വി.വി.കെ. ഹനീഫ് മാസ്റ്റര്‍. ബഹുഭാഷാ പണ്ഡിതന്, വാഗ്മി, ഗായകന്, ഇസ്ലാമിക വിജ്ഞാനങ്ങളിലുള്ള അറിവ്, പൊതുരംഗത്തെ സജീവ സാന്നിധ്യം, നേതൃപാടവം തുടങ്ങി അനേകം വിശേഷണങ്ങള്‍ക്കുടമയാണ് ഹനീഫ് മാസ്റ്റര്‍. 1990ല്‍ ആണ് ആദ്യമായി ജിദ്ദയിലെത്തിയത്. ഒരു വര്‍ഷം യാംബുവിൽ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത ശേഷം ജിദ്ദയിലെ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ അറബിക് അധ്യാപകനായി ജോലി ആരംഭിച്ചു.
പത്രത്തില്‍ കണ്ട പരസ്യമായിരുന്നു സ്കൂളില്‍ അധ്യാപകനായി ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാനിടയായത്. സെക്കൻഡറി സ്കൂളിലാണ് അറബിക് അധ്യാപകനായി ചേര്‍ന്നതെങ്കിലും ഇപ്പോള്‍ സീനിയര്‍ അറബിക് അധ്യാപകനായാണ് വിരമിക്കുന്നത്.അറബി ഭാഷയിലുള്ള അവഗാഹം കാരണം, സ്കൂളിന്റെ അറബിക് ടെക്സ്റ്റ് ബുക്കുകളുടെ തിരഞ്ഞെടുപ്പിലും ഹനീഫ് മാസ്റ്റര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാൻ സാധിച്ചു. കേരളത്തിലെ ഒരു സ്ഥാപനം പുറത്തിറക്കുന്ന അറബിക് പുസ്തകമാണ് നിലവിൽ സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പുതുതലമുറയുടെ മനസ്സുകളില്‍ വിജ്ഞാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കാന്‍ സാധിച്ചത് അവിസ്മരണീയ അനുഭവമായിരുന്നുവെന്ന് ഹനീഫ് മാഷ് പ്രതികരിച്ചു. വിവിധ ദേശക്കാരും ഭാഷക്കാരുമായ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിലുള്ള നിറഞ്ഞ സംതൃപ്തിയോടെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. അവിടെയും അധ്യാപനരംഗത്ത് സേവനം ചെയ്യാനാണ് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു.ജിദ്ദയിലെ നിരവധി മത, കലാ, സാംസ്കാരിക സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന വി.വി.കെ. ഹനീഫ് മാസ്റ്റര്‍ അറിയപ്പെടുന്ന സര്ഗപ്രതിഭയുളള ഗായകന് കൂടിയായിരുന്നു.
മലയാളം കൂടാതെ ഉര്‍ദു ഗസലുകളും അദ്ദേഹത്തിന് ശ്രുതി മധുരമായി ആലപിക്കാന്‍ കഴിവുണ്ട്. തനിമ നോര്‍ത്ത് സോണ്‍ അസീസിയ യൂനിറ്റ് പ്രസിഡന്റ്, ജിദ്ദ പ്രവാസി വെൽഫെയര്‍, ജിദ്ദ കലാ സാഹിതി, അക്ഷരക്കൂട്ട്, ശാന്തപുരം അല്‍ജാമിഅ അലുംനി കമ്മിറ്റി തുടങ്ങിയ വേദികളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഭാര്യ ഹാഫിസ അധ്യാപികയാണ്. മക്കള്‍ ഫുആദ്, അജ്വദ്, അര്‍ഫദ്. സൗദിയില്‍ നിരവധി സുഹൃദ് വലയമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ്. മൊബൈല്‍: 0507597856.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.