കോഴിക്കോട്: കേരളത്തിൽനിന്ന് ലണ്ടനിലേക്കൊരു യാത്ര പോയാലോ...? അതും, സൈക്കിളിൽ. ഞെട്ടിയിട്ട് കാര്യമില്ല. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലി ഇതിനുള്ള ഒരുക്കത്തിലാണ്. ഒരുവർഷത്തിലേറെ സമയമെടുത്ത്, ശരിക്കുപറഞ്ഞാൽ 377 ദിവസംകൊണ്ട് 35 രാജ്യങ്ങളിലൂടെ 20,000 കിലോമീറ്ററിലേറെ പിന്നിട്ട് ലണ്ടനിലെത്തുക. ഇതാണ് 34കാരനായ ഫായിസിന്റെ ലക്ഷ്യം. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്തുനിന്നാണ് യാത്ര ആരംഭിക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്യിപ്പിക്കാനാണ് ശ്രമം. 'യൂസ് ഹാർട്ട് ടു കണക്ട് ദ ഹാൾട്ട്' എന്ന മുദ്രാവാക്യമുയർത്തിയുള്ള യാത്ര 2023 സെപ്റ്റംബറിലാണ് ലണ്ടനിലെത്തുക.
യാത്ര ആസൂത്രണംചെയ്ത് അപേക്ഷ നൽകിയതോടെ പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുടെ വിസ ലഭിക്കാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടായി. ശശി തരൂർ എം.പി അടക്കമുള്ളവരോട് വിഷയം പറഞ്ഞതോടെ ഈ രാജ്യങ്ങൾ ഒഴിവാക്കിയുള്ള യാത്രക്കാണ് നിർദേശിച്ചത്. ഇതോടെ തിരുവനന്തപുരത്തുനിന്ന് മുംബൈ വരെ സൈക്കിളിലും തുടർന്ന് മുംബൈയിൽനിന്ന് ഒമാനിലേക്ക് വിമാന മാർഗവും എത്തി ബാക്കി സൈക്കിൾ യാത്രയുമാണ് ആലോചിക്കുന്നത്. ഒമാനിൽനിന്ന് യു.എ.ഇ, സൗദി, ഖത്തർ, ബഹറൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, അർമീനിയ, തുർക്കി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് യൂറോപ്പിലെത്തുക. തുടർന്ന് ബൾഗേറിയ, റുമേനിയ, മെൽഡോവ, യുക്രെയ്ൻ, പോളണ്ട്, ചെക് റിപ്പബ്ലിക്, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വറ്റ് സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, യു.കെ എന്നിങ്ങനെയാണ് റൂട്ട് നിജപ്പെടുത്തിയത്.
ജീവിതത്തിൽ എന്തെങ്കിലും അടയാളപ്പെടുത്തലുകൾ വേണമെന്നും ഇത് മുൻനിർത്തിയാണ് സൈക്കിളിൽ ലോകംചുറ്റാനിറങ്ങിയതെന്നും ഫായിസ് 'മാധ്യമ'ത്തോട് പറഞ്ഞു. ദിവസേന ശരാശരി 100 കി.മീറ്ററിലധികം സൈക്കിളിൽ സഞ്ചരിക്കാനാണ് ആലോചിക്കുന്നത്. ചിലയിടങ്ങളിൽ ദിവസങ്ങൾ താമസിക്കേണ്ടിയും വരുമെന്നതിനാലാണ് കൂടുതൽ സമയം വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്ക് ലക്ഷം രൂപയുടെ സൈക്കിളാണ് കണ്ടുവെച്ചത്. ഇത് ആരെങ്കിലും സ്പോൺസർ ചെയ്യുമെന്നാണ് ഈ യുവാവിന്റെ പ്രതീക്ഷ.
പറമ്പത്ത് തച്ചേരിവളപ്പിൽ പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകനായ ഫായിസ് പഠനം പൂർത്തിയാക്കി ആദ്യം പഞ്ചാബിലും പിന്നീട് സൗദിയിൽ വിപ്രോയിലും എൻജിനീയറായി പ്രവർത്തിച്ചു. 2015ൽ ജോലി രാജിവെച്ച് നാട്ടിലെത്തിയതോടെയാണ് സൈക്കിളിൽ ലോകംചുറ്റണമെന്ന ആശയമുദിച്ചത്. ആദ്യ സൈക്കിൾയാത്ര 2019ൽ കോഴിക്കോട്ടുനിന്നും സിംഗപ്പൂരിലേക്കായിരുന്നു.
നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ വഴിയാണ് സിങ്കപ്പൂരിലെത്തിയത്. 104 ദിവസംകൊണ്ട് 8,000 കിലോമീറ്റററിലധികമാണ് അന്ന് താണ്ടിയത്. റോട്ടറി ക്ലബിന്റെ സഹകരണത്തോടെയായിരുന്നു ആ യാത്ര. ലണ്ടൻ യാത്രക്ക് വൺ ഇന്ത്യ കൈറ്റ് ടീം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. കെ. കുഞ്ഞാലി ചെയർമാനായ സമിതിയും യാത്രക്കായി രൂപവത്കരിച്ചു. ഡോ. അസ്മിനാണ് ഫായിസിന്റെ ഭാര്യ. മക്കൾ: ഫഹ്സിൻ ഒമർ, ഐസിൻ നഹേൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.