ഈശ്വർ മൽപെയും ഭാര്യയും മകളോടൊപ്പം (photo: News Notout)

ഈശ്വർ മൽപെ: ഭിന്നശേഷിക്കാരായ മൂന്ന് മക്കളുടെ പിതാവ്, ആഴങ്ങളിൽ നിന്ന് കണ്ടെടുത്തത് 200​ലേറെ മൃതദേഹം... അറിയാം ദുരന്തമുഖത്തെ രക്ഷകനെ

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട കണ്ണാടിക്കൽ സ്വദേശി അർജുനൊപ്പം മലയാളി മനസ്സിൽ ഇടംപിടിച്ച മറ്റൊരു പേരാണ് ഈശ്വർ മൽപെ. നിരവധി ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന 48കാരൻ. മരണത്തെ മുഖാമുഖം കണ്ട 20ലേറെ ആളുകളെ ജീവിതക്കരയിലേക്ക് കൈപിടിച്ചു കയറ്റിയ ‘ഈശ്വര’സാന്നിധ്യം.

കടലും പുഴയും ജീവൻ കവർന്ന 200ലേറെ പേരുടെ മൃതദേഹങ്ങൾ ആഴക്കയങ്ങളിലേക്ക് ഊളിയിട്ട് കരക്കെത്തിച്ച അദ്ഭുത മനുഷ്യൻ... ഒരുപാട് രക്ഷാദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുള്ള മുങ്ങൽ വിദഗ്ധനാണ് ഈശ്വർ മൽപെ. ഈ  കർണാടക സ്വദേശിയെ കൂടുതൽ അടുത്തറിയുന്നവർ അദ്ഭുതം കൂറും.

മക്കൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വരെ സഹായം വേണം

ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മൽപെ ബീച്ചിന് സമീപമാണ് താമസം. മൂന്ന് മക്കളാണുണ്ടായിരുന്നത്. മൂവരും ഭിന്നശേഷിക്കാർ. കിടന്ന കിടപ്പിൽതന്നെ കഴിയുന്നവർ. അതിൽ മൂത്ത മകൻ നിരഞ്ജൻ 21ാം വയസ്സിൽ മരണപ്പെട്ടു. 21 വയസ്സുള്ള മകൻ കാർത്തിക്കിനും ഏഴുവയസ്സുള്ള മകൾക്കും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വരെ അമ്മയുടെയോ അച്ഛന്റെയോ സഹായം വേണം. മൽപെയുടെ മാതാപിതാക്കൾ അടുത്തിടെയാണ് മരണപ്പെട്ടുപോയത്.

‘ഞാൻ മരിച്ചാൽ ആരും സങ്കടപ്പെടരുത്’

രക്ഷാപ്രവർത്തനത്തിന് ഫോൺ വിളി എത്തിയാൽ രാത്രിയെന്നോ ​പകലെന്നോ നോക്കാതെ ഈശ്വർ ദുരന്ത​മുഖത്തേക്ക് ഓടിയെത്തും. പലപ്പോഴും തന്നോട് പോലും പറയാതെയാണ് പാതിരാക്ക് എഴുന്നേറ്റ് ദുരന്തസ്ഥലങ്ങളിൽ പോകുന്നതെന്ന് ഭാര്യ പറയുന്നു. ജീവ​ന്റെ കാര്യമായതിനാൽ ഇതുവരെ പോകരുതെന്ന് പറഞ്ഞിട്ടില്ല. ഒരുവിഭാഗം ആളുകളും ഓഫിസർമാരും ഈശ്വറിനെ കുറിച്ച് എന്ത് അപവാദം പറഞ്ഞാലും എല്ലാം മുകളിലുള്ള ദൈവം കാണുമെന്ന വിശ്വാസം ഉണ്ടെന്നും ഭാര്യ കൂട്ടിച്ചേർത്തു.

ഷി​രൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ അ​ർ​ജു​ന്റെ മാ​താ​വി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ (ചിത്രം: ബി​മ​ൽ ത​മ്പി)

സൈന്യത്തിൽ ചേരണമെന്നായിരുന്നു മൽപെയു​ടെ ആഗ്രഹം. പക്ഷേ, പലകാരണങ്ങളാൽ അത് നടന്നില്ല. പിന്നീട് ജനസേവനത്തിൽ ശ്രദ്ധ തിരിച്ചു. മുതലകളുള്ള നദിയിൽ വരെ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തിനിടെ താൻ മരിച്ചാൽ ആരും സങ്കടപ്പെടരുതെന്നും കരയരു​െതന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

‘സാമ്പത്തികമായി ഒന്നും ആഗ്രഹിക്കുന്നില്ല’

ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. എന്നാൽ പണം ഒരിക്കലും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. സാമ്പത്തികമായി താൻ ഒന്നു​ം ആഗ്രഹിക്കുന്നില്ല. കിടപ്പിലായ മകന്റെ കണ്ണിൽ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയിൽനിന്ന് പൊടിവീഴുന്നത് പ്ര​ശ്നം സൃഷ്ടിച്ചിരുന്നു.

ഇത് ശ്രദ്ധയിൽ​പെട്ട ഒരു അഭ്യുദയകാംക്ഷിയാണ് അലൂമിനിയം ഷീറ്റ് വിരിച്ചുതന്നത്. പേര് ആരോടും പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും മൽപെ പറഞ്ഞു. മരിച്ച മകന്റെ പേരിൽ ഒരു ആംബുലൻസ് തുടങ്ങണമെന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. രക്ഷാദൗത്യങ്ങൾക്ക് ഇത് മുതൽക്കൂട്ടാകും.


ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനിടെ തന്റെ ജീവൻ വെടിഞ്ഞാലും പ്രശ്നമില്ലെന്ന് നിരവധി ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് രക്ഷാപ്രവർത്തനം നടത്തിയ ഈശ്വർ പറയുന്നു. മത്സ്യബന്ധന ബോട്ടുകൾക്ക് കുടിവെള്ളം എത്തിക്കലാണ് ഈശ്വറിന്റെ പ്രധാന ജോലി.

മൂന്നുമിനിറ്റ്‍ വരെ വെള്ളത്തിനടിയിൽ ശ്വാസം പിടിച്ച് നിൽക്കാൻ ഈശ്വറിന് സാധിക്കും. അടുത്തകാലം വരെ ഓക്സിജൻ കിറ്റ് പോലുമില്ലാതെയായിരുന്നു രക്ഷാപ്രവർത്തനം. ചുഴലിക്കാറ്റിൽപെട്ടവരെയും ജീവനൊടുക്കാൻ പുറപ്പെട്ടവരും ഈശ്വറിന്റെ കൈകൾ രക്ഷപ്പെടുത്തി.

അർജുനെ തിരയുന്നതിനിടെ വടംപൊട്ടി ഒഴുക്കിൽപെട്ടു

ഉഡുപ്പിയിൽ ഒരാളെ വെള്ളത്തിൽ വീണ് കാണാതായ ആദ്യം പൊലീസ് വിളിക്കുക ഈശ്വറിനെയാണ്. മൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗ മത്സ്യത്തൊഴിലാളി സംഘമാണ് അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളികളായത്. ഗംഗാവാലിയിലെ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും വകവെക്കാതെയായിരുന്നു രക്ഷാപ്രവർത്തനം.


ആദ്യഘട്ടത്തിൽ ബന്ധിപ്പിച്ച കയർ പൊട്ടി ഈശ്വർ 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് ഈശ്വറിനെ തിരികെ കയറ്റിയത്. ദേഹത്ത് വടംകെട്ടിയിട്ടാണ് സംഘം പുഴയിലേക്ക് ഇറങ്ങുന്നത്. കൈയിൽ ഇരുമ്പ് ദണ്ഡുണ്ടാകും. നദിയുടെ അടിയിലേക്ക് കാഴ്ച പരിമിതിയുള്ളതിനാൽ ഈ ഇരുമ്പ് ദണ്ഡ് എന്തി​ലെങ്കിലും തട്ടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 

Tags:    
News Summary - Who is Underwater search and recovery expert Eshwar Malpe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.