കൊടകര: വിശ്രമജീവിതം എങ്ങനെ സര്ഗാത്മകമാക്കാം എന്ന് കാണിച്ചുതരുകയാണ് റിട്ട. ശിരസ്തദാര്‍ ചെമ്പുചിറ ആളൂരുത്താന്‍ വീട്ടില്‍ ശങ്കരന് ചെമ്പുചിറ. കൃഷിയിലും കലാപ്രവര്‍ത്തനങ്ങളിലും എഴുത്തിലും ഒരുപോലെ സജീവമാണ് ഈ 62കാരന്. ചിരട്ടയും ചകിരിയും ഉപയോഗിച്ച് ചാരുതയാര്‍ന്ന നെറ്റിപ്പട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ ശങ്കരനുള്ള ചാതുരി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
ഇപ്പോള്‍ ചകിരി ഉപയോഗിച്ച് പ്രശസ്തവ്യക്തിത്വങ്ങളുടെ രൂപങ്ങള്‍ മെനയുന്ന തിരക്കിലാണ്. ക്രിസ്തു, ഗായകന് യേശുദാസ്, എഴുത്തുകാരന് ഒ.വി. വിജയന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇതിനകം രൂപപ്പെടുത്തിയത്. ഇനിയും ഒരുപാട് പേരുടെ ചിത്രങ്ങള്‍ ഇതുപോലെ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്.
വീട്ടുപറമ്പില്‍നിന്നും പരിസരങ്ങളില്‍നിന്നും ചെലവില്ലാതെ ശേഖരിക്കുന്ന ചകിരിയും ചിരട്ടയുംപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് കലാസൃഷ്ടികൾ ആവിഷ്കരിക്കുന്നത്. വെളിമ്പറമ്പുകളില്‍ കാണപ്പെടുന്ന കൂണുകള്‍ ശേഖരിച്ച് ഉണക്കിയെടുത്ത് അവക്ക് ആകര്‍ഷക നിറങ്ങൾ നല്കി മനോഹര പൂക്കളാക്കി മാറ്റുന്ന വിനോദവും ശങ്കരനുണ്ട്. റബര്‍ കര്‍ഷകന്‍കൂടിയായ ഇയാൾ രാവിലെ തോട്ടത്തിലിറങ്ങി റബര്‍പാല്‍ ശേഖരിക്കുകയും അത് വീട്ടിലെത്തിച്ച് ഷീറ്റാക്കി മാറ്റാനുള്ള അനുബന്ധ ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ശേഷമാണ് കലാപ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്.
പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം മുതൽ ശില്പനിര്മാണത്തിലും ഗാനാലാപനത്തിലും വിവിധ സ്റ്റേജിനങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഇദ്ദേഹം നല്ലൊരു നാടക കലാകാരന്‍കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഹരിപുത്ര തിയറ്റേഴ്സ് അനുഷ്ഠാനകലയായ സാംബവനൃത്തെത്തയും ആചാരങ്ങെളയും ആസ്പദമാക്കി അവതരിപ്പിച്ച ‘ഉണര്‍ത്തുപാട്ട്’ നാടകം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനകം അഞ്ചു പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയില്‍ പമ്പ് ഓപറേറ്ററായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് ജുഡീഷ്യല്‍ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കായി. കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്റെ ജില്ല പ്രസിഡന്റായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 2016ല്‍ ശിരസ്തദാറായാണ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.