ദുബൈ: ലോകകപ്പ് നടക്കുന്ന ഖത്തറിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും തൃശൂർ ഒരുമനയൂർ സ്വദേശി ടി.പി. ബഷീർ മഹാമാമാങ്കത്തിന്റെ ഭാഗമായി പുറത്തിറക്കിയ എല്ലാ സ്റ്റാമ്പുകളും സ്വന്തമാക്കി. മൂന്നര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ സ്റ്റാമ്പ് ശേഖരണത്തിലേക്കാണ് ഖത്തർ ലോകകപ്പിനെയും ചേർത്തുവെച്ചത്.
ലോകകപ്പ് കളിക്കുന്ന 32 ടീമുകളുടെയും പേരിൽ ഖത്തർ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ഒരു ഷീറ്റിൽ രണ്ട് ഗ്രൂപ്പുകളെ ഉൾപ്പെടുത്തി നാല് ഷീറ്റ് സ്റ്റാമ്പാണ് ഇറക്കിയത്. ഇതിനുപുറമെ, എട്ട് സ്റ്റേഡിയത്തിന്റെ സ്റ്റാമ്പുമുണ്ട്. ഒരു ഷീറ്റിൽ നാല് സ്റ്റേഡിയങ്ങൾ ഉൾപ്പെടുത്തി രണ്ട് ഷീറ്റ് സ്റ്റാമ്പ്.
ലോകകപ്പിന്റെ ഭാഗമായി പുറത്തിറക്കിയ 22 റിയാലിന്റെ സ്പെഷൽ കറൻസിയും സ്വന്തമാക്കി. നേരത്തേ നടന്ന അറബ് കപ്പിന്റെ സ്റ്റാമ്പുകളും നേടിയിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ടിറങ്ങിയ മറ്റ് സ്റ്റാമ്പുകളെല്ലാം ബഷീറിന്റെ ശേഖരത്തിലുണ്ട്. ഖത്തറിലുള്ള സുഹൃത്തുക്കൾ വഴിയാണ് ബഷീർ ഇവ ശേഖരിച്ചത്.
1986ൽ ഒമാനിൽ പ്രവാസിയായിരുന്നപ്പോൾ തുടങ്ങിയതാണ് ബഷീറിന്റെ കലക്ഷൻ. സ്റ്റാമ്പുകൾക്കു പുറമെ കറൻസിയും കോയിനുമെല്ലാം ശേഖരിച്ചിട്ടുണ്ട്.140 രാജ്യങ്ങളുടെ സ്റ്റാമ്പ്, 160 രാജ്യങ്ങളുടെ കറൻസി, നൂറോളം രാജ്യങ്ങളുടെ കോയിൻ, ടെലിഫോൺ കാർഡ് എന്നിവയും സൂക്ഷിക്കുന്നു.
lifeഫുട്ബാളിനോട് താൽപര്യമുള്ള ബഷീർ മുൻകാല ലോകകപ്പുകളുടെ സ്റ്റാമ്പുകളും സംഘടിപ്പിച്ചു. പെലെ ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രമുള്ള സ്റ്റാമ്പുകളുമുണ്ട്. മനാഫ് ട്രേഡിങ്ങിൽ ജോലിചെയ്യുന്ന ബഷീർ ഷാർജയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.