പൊന്നാനി: മലയാളക്കരയുടെ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്തുകയാണ് കെ.ഐ. എൽബിൻ എന്ന ടൂറിസം അധ്യാപകൻ. കേട്ടുകേൾവിയില്ലാത്ത പോൾ ടൂറിസവും പ്രാദേശിക ടൂറിസവും ഉൾപ്പെടെ ടൂറിസത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുകയും മലയാളികൾക്കായി പകർന്നുനൽകുകയുമാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ കെ.ഐ. എബിൻ. നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ടൂറിസം സാധ്യതയാക്കി മാറ്റാമെന്ന ആശയം മുന്നോട്ടുവെച്ച എബിൻ പ്രാദേശിക ടൂറിസം ഇടങ്ങൾ തേടിയുള്ള സഞ്ചാരത്തിലാണ്. ഇതിനകം ഇന്ത്യയിലെ 330ൽപരം സ്ഥലങ്ങളും 36 യുനെസ്കോ പൈതൃക കേന്ദ്രങ്ങളും സന്ദർശിച്ചു. ടൂറിസവുമായി ബന്ധപ്പെട്ട് 300ൽപരം ലേഖനങ്ങളും എഴുതി. ‘ക്വിസ് ഭാരതപ്പുഴ’ എന്ന പുസ്തകം രചിച്ച എബിൻ കേരളത്തിലെ അറിയപ്പെടുന്ന ട്രാവൽ ആൻഡ് ടൂറിസം ക്വിസ് മാസ്റ്റർ കൂടിയാണ്. മൂന്നര വർഷമായി എബിൻ നടത്തുന്ന സായാഹ്ന വാട്സ്ആപ് സ്റ്റാറ്റസ് ക്വിസ് ഇതിനോടകം 1275 എപ്പിസോഡുകൾ പൂർത്തിയാക്കി. സഞ്ചാരിയും എഴുത്തുകാരനും കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ടൂറിസം അധ്യാപകനുമാണ്.
ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായി എബിൻ പൊന്നാനിയിൽ എത്തി. കർമ ടൂറിസം പാലത്തിലൂടെയുള്ള യാത്രയിൽ നിളയുടെ ഭംഗി ആസ്വദിച്ചൂ. ബീച്ച്, ലൈറ്റ് ഹൗസ്, പാണ്ടികശാല, ഹാർബർ എന്നിവ സന്ദർശിച്ചാണ് മടങ്ങിയത്. പൈതൃക ടൂറിസത്തിനും ബീച്ച് ടൂറിസത്തിനും ക്രൂയ്സ് ടൂറിസത്തിനും അനന്തസാധ്യതകളാണ് പൊന്നാനിക്കുള്ളതെന്നും പാതയോരങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണമാണ് പൊന്നാനി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും മാലിന്യനിർമാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയാൽ ഇനിയും സഞ്ചാരികൾ ഇവിടേക്കെത്തുമെന്നും എബിൻ പറഞ്ഞു. യാത്രകൾക്കായി വലിയ തുക ചെലവഴിക്കേണ്ടിവരുമെന്ന കാരണത്താൽ യാത്രകൾതന്നെ മാറ്റിവെക്കുന്നവർക്ക് ബജറ്റ് ടൂറിസത്തിന്റെ മാതൃക കൂടിയാണ് ഈ അധ്യാപകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.