''വളഞ്ഞുപുളഞ്ഞുപോകുന്ന ഒരു പാതയുടെ കവിളിൽ ഞാനൊരു കുഞ്ഞു വീട് പണിയും. ആ വീടിന് വതറിങ് ഹൈറ്റ്സ് എന്നു പേരിടും. പിറകിലെയും ഇരു വശത്തെയും അതിരുകൾ കാടായിരിക്കും. മുന്നിലൂടെ ഒരു അരുവി ഒഴുകുന്നുണ്ടാവും. അവിടെ എന്നും മാനുകൾ വെള്ളം കുടിക്കാൻ വരും. കുറച്ചകലെയായി ഒരു ഷെഡും ചില്ലുകൊണ്ട് മേൽക്കൂര തീർത്ത വലിയ മുറിയും പണിയും. ഷെഡിൽ അടക്കവും ഒതുക്കവുമില്ലാതെ പത്തമ്പതിനായിരം പുസ്തകങ്ങൾ കാണും. പറമ്പിൽ പലയിടത്തായി മുളങ്കസേരകൾ ഇട്ടിട്ടുണ്ടാവും. ചുറ്റിലും നിയോൺ വിളക്കുകളുടെ വെളിച്ചമുണ്ടാകും. അവിടെ ഒത്തിരി പേർ വായിക്കാൻ വരും. മണിക്കൂറുകളോളം അവർ പുസ്തകങ്ങൾക്ക് കൂട്ടിരിക്കും. കണ്ണ് കഴക്കുമ്പോൾ ആ വലിയ മുറിയിൽ പോയി അവർ കിടക്കും. പെട്ടെന്ന് ഉറങ്ങിപ്പോകുമെന്ന് തോന്നുമെങ്കിലും അവർക്ക് അതിന് സാധിക്കില്ല. അവരിൽ ചിലർ കരയുന്നുണ്ടാകും. ആകാശം നോക്കി നോക്കി ഒടുക്കമവർ ഉറങ്ങിപ്പോകും...''
ഇതൊരു ഫേസ്ബുക്ക് പോസ്റ്റാണ്. ചിന്തകൾ കാടു കയറി ആകാശത്തോളം വളർന്ന ദിവസം വാണിമേൽക്കാരനായ നസ്റുല്ല മാംബ്രോൽ എഴുതിയ പോസ്റ്റ്. ഏറെക്കാലമായി നസ്റുല്ല മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നമായിരുന്നു വരികളിലൂടെ ഇതൾ വിരിഞ്ഞത്. നഗരത്തിന്റെ തിരക്കിൽ നിന്നെല്ലാമകന്ന്, നിറയെ മരങ്ങളും പൂക്കളും അരുവിയും കോടമഞ്ഞും മാനും കൂട്ടിനുള്ള ഒരിടത്ത് ഇഷ്ടപ്പെട്ട പുസ്തകവുമായി ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകില്ലേ? അവിടെ മരങ്ങളിൽ രാപ്പാർക്കുന്ന പക്ഷികളുടെ സംഗീതം മനസ്സു തണുപ്പിക്കാനുണ്ടാകും. രാവെളുക്കുവോളം വായിച്ച് പ്രിയപ്പെട്ട പുസ്തകം നെഞ്ചിൽ ചേർത്ത് ആകാശം നോക്കിനോക്കി കിടന്നുറങ്ങണം... അധികം വൈകാതെ, നമ്മുടെ നാട്ടിൽ അതായത്, കുറ്റ്യാടി-വയനാട് ചുരത്തിലെ പന്ത്രണ്ടാം വളവിൽ ഇങ്ങനൊരു ലൈബ്രറിയുടെ പണി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കല്ലിക്കണ്ടി എൻ.എ.എം കോളജിലെ ഇംഗ്ലീഷ് അധ്യാപകനായ നസ്റുല്ല.
എമിലി ബ്രോണ്ടിയുടെ വതറിങ് ഹൈറ്റ്സ് എന്ന നോവൽ പി.ജിക്ക് പഠിക്കുമ്പോഴാണ് നസ്റുല്ല വായിക്കുന്നത്. ഗോഥിക് കഥാപശ്ചാത്തലത്തിൽ എഴുതിയ, പ്രണയവും പകയും മരണവുമെല്ലാം ഇതിവൃത്തമാകുന്ന നോവൽ.
ആദ്യ വായനയിൽ തന്നെ നോവൽ ഹൃദയം കവർന്നു. എത്രയോ തവണ ആ പുസ്തകം വായിച്ചു. ഒരു വീടുവെക്കുമ്പോൾ വതറിങ് ഹൈറ്റ്സ് എന്നു പേരിടണമെന്ന് അന്നേ മനസ്സിൽ കണക്കുകൂട്ടി. അവിടെ നിറയെ പുസ്തകങ്ങൾ വേണമെന്നും ആർക്കും എത്രനേരം വേണമെങ്കിലും ചെലവഴിക്കാൻ കഴിയണമെന്നും മനക്കോട്ട കെട്ടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫേസ്ബുക്കിൽ ഇതേകുറിച്ച് പങ്കുവെച്ചതോടെ സ്വപ്നത്തിന് ചിറക് മുളച്ചു. ഒക്ടോബർ ഏഴ് ആയപ്പോഴേക്കും നസ്റുല്ല ഭാവനയിൽ കണ്ടതിനേക്കാൾ കൂടുതൽ ദൈവം മുന്നിലെത്തിച്ചു. കുറ്റ്യാടി ചുരത്തിലെ മനോഹരമായ ആറേക്കർ ഭൂമിയാണ് ലൈബ്രറിക്കായി നസ്റുല്ല കണ്ടെത്തിയത്. ആർക്കും യഥേഷ്ടം ഇരുന്ന് പുസ്തകം വായിക്കാനുള്ള ഇടം. റെസിഡൻഷ്യൽ ഹട്ടുകൾ, പുസ്തക പ്രസാധകരുടെ ഔട് ലെറ്റുകൾ, സാംസ്കാരിക പരിപാടികൾ, ചർച്ചകൾ,സെമിനാറുകൾ എന്നിവക്കുള്ള സ്ഥലവും ഉണ്ടാകും. തടികൊണ്ടുള്ള ഇരിപ്പിടങ്ങളും നിയോൺ ലൈറ്റുകളുമൊക്കെ പുസ്തകപ്രമികൾക്ക് മനോഹാരിത തീർക്കും.
വനംവകുപ്പും കാവിലുംപാറ ഗ്രാമപഞ്ചായത്തും പദ്ധതിക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. അധ്യാപക സുഹൃത്തുക്കളും ഗവേഷകരും അവരുടെ പുസ്തകങ്ങൾ സംഭാവന നൽകി കൂടെയുണ്ട്. പദ്ധതിയുമായി സഹകരിക്കാൻ നാഷനൽ ഡിജിറ്റൽ ലൈബ്രറിയെയും സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനെയും സമീപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയെങ്കിലും പദ്ധതിക്ക് ചെലവാകും.
ലിറ്റററിനെസ്സ്.ഓർഗ്
2014ൽ ഇന്റർനെറ്റിൽ അത്ര ലളിതമായി ലഭിക്കാത്ത സ്റ്റഡിമെറ്റീരിയൽസ് പങ്കിടാൻ ഇംഗ്ലീഷ് ഓൺലൈൻ എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് ക്രിയേറ്റ് ചെയ്തു. കേരളത്തിലെ ഒരുപാട് അധ്യാപകരും ഗവേഷകരും ഉൾപ്പെട്ട 90 വാട്സ് ആപ് ഗ്രൂപ് ആയി ആ കമ്യൂണിറ്റി വളർന്നു. തന്റെ ആക്സസ് ഉപയോഗിച്ച് ഗവേഷകർക്കും അധ്യാപകർക്കും സഹായകമാകുന്ന ഡിജിറ്റൽ പുസ്തകങ്ങളും നോട്ടുകളുമാണ് കൂട്ടായ്മ വഴി സൗജന്യമായി നൽകുന്നത്.
ഇംഗ്ലീഷ് സാഹിത്യ വിമർശനവും നിരൂപണ പഠനങ്ങൾക്കും മാത്രമായി 2016 ൽ www.literariness.org എന്ന ബ്ലോഗ് തുടങ്ങി. ഒരു കോടിയിലധികം സന്ദർശകരുള്ള ഇടമായി ആ ബ്ലോഗ് മാറി. ഇന്റർനെറ്റിൽ പണം കൊടുത്തു മാത്രം വാങ്ങാൻ സാധിക്കുന്ന ജേണലുകളും നസ്റുല്ല ബ്ലോഗിലൂടെ വായനക്കാർക്ക് സൗജന്യമായി നൽകുന്നു. ലോകത്തിലെ പ്രശസ്തരായ അധ്യാപകരുടെ ക്ലാസുകളുടെ ഓഡിയോ ലെക്ചേഴ്സും ബ്ലോഗിൽ ലഭിക്കും. ഇരുനൂറിലധികം യൂനിവേഴ്സിറ്റികൾ റെക്കമെന്റ് ചെയ്ത പ്രസ്തുത ബ്ലോഗ് നിരവധി പഠനവകുപ്പുകളിലും ലൈബ്രറികളിലും ലിങ്ക് ചെയ്തിരിക്കുന്നു. എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്ന ഒരു ലൈബ്രറിയെക്കുറിച്ച് നസ്റുല്ല ആലോചിക്കുന്നതും ഇതേ സമയത്താണ്. നമ്മുടെ നാട്ടിലെ കോളജുകളിലെയും സ്കൂളുകളിലെയും ലൈബ്രറികൾക്ക് നിയന്ത്രണങ്ങൾ ഉണ്ട്. അതത് സ്കൂൾ,കോളജ് വിദ്യാർഥികൾക്ക് മാത്രമേ ആ സൗകര്യം ഉപയോഗിക്കാൻ കഴിയൂ. കോളജുകളിൽ നിന്നും റിട്ടയർ ആയിട്ടുള്ള ഒരാൾക്ക് ലൈബ്രറി ഉപയോഗിക്കാനും പരിമിതിയുണ്ട്. അവിടെയെല്ലാം സമയനിഷ്കർഷയും ഉണ്ട്. നല്ലൊരു വൈബ് ഉള്ള, നിലവിലെ ലൈബ്രറി പോലെ സ്ട്രക്ചേഡ് അല്ലാത്ത സ്ഥലത്ത് ആർക്കും സ്വതന്ത്രമായിരുന്ന് വായിക്കാനുള്ള സൗകര്യം എന്നത് നസ്റുല്ല വലിയ സ്വപ്നമായി മനസ്സിൽകൊണ്ടുനടന്നു.
ഗവേഷണം വലിയ ചെലവേറിയ കാര്യമാണ്. മിടുക്കരായ നിരവധി ഗവേഷകർക്ക് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാകുന്നില്ല. ചില പുസ്തകങ്ങൾക്ക് പതിനായിരക്കണക്കിന് രൂപ വിലയാണ്. ഈ സാഹചര്യത്തിൽ ആളുകൾ എങ്ങനെയാണ് ഗവേഷണം ചെയ്യുക എന്ന് നസ്റുല്ല ആലോചിച്ചു. ടെക്നോളജിയുടെ സൗകര്യം ആളുകൾക്ക് വേണ്ട രീതിയിൽ ഉപയോഗിക്കാനും പറ്റുന്നില്ല. എബ്സ്കോ, പ്രൊക്വെസ്റ്റ്റ് പോലുള്ള മികച്ച ഡിജിറ്റൽ റെപോസിറ്ററികൾ ഉപയോഗിക്കാൻ ലക്ഷങ്ങൾ മുടക്കണം. പ്രതിവർഷം 50 ലക്ഷം വരെ നൽകേണ്ട വെബ്സൈറ്റുകളുണ്ട്. ഇന്ത്യയിൽ തന്നെ ഇതിനു സൗകര്യം നൽകുന്ന യൂനിവേഴ്സിറ്റികളുമില്ല. പുറംരാജ്യങ്ങളിൽ 'എ' ക്ലാസ് കാറ്റഗറിയിലുള്ള യൂനിവേഴ്സിറ്റികൾ മാത്രമെ ഇത്തരം സൗകര്യം നൽകുന്നുള്ളൂ. അതിനാൽ നമ്മുടെ നാട്ടിലെ ആളുകൾ കാലഹരണപ്പെട്ട തിയറികളും പഴയ പുസ്തകങ്ങളും വായിച്ച് തൃപ്തരാകേണ്ടി വരുന്നു. അങ്ങനെയാകുമ്പോൾ മറ്റ് രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് വിജ്ഞാനത്തിന്റെ കാര്യത്തിൽ നമ്മുടെ വിദ്യാർഥികൾ ഒരുപാട് പിന്നിലായിപ്പോകും.
ആ ഫേസ്ബുക്ക് പോസ്റ്റാണ് സ്വപ്നസാക്ഷാത്കാരത്തിന്റെ വാതിലായത് എന്നു പറയാം. കുറ്റ്യാടി-വയനാട് ഹൈവേയിൽ ഒരു കോടീശ്വരന്റെ ഉടമസ്ഥതയിൽ ഒരു റിസോർട്ട് ഉണ്ട്. കുട്ടിക്കാലത്ത് ചുരം കയറുമ്പോൾ നസ്റുല്ല കയറിനോക്കാൻ ആഗ്രഹിച്ചയിടം. വതറിങ് ഹൈറ്റ്സിനെ അന്വർഥമാക്കുന്ന സ്ഥലം. വയനാട് ചുരത്തിൽ, ഇടത്തും വലത്തും പിറകിലും കാടുള്ള, കരിങ്കൽ മതിലുകളുള്ള ഒരു ഗോഥിക് പ്ലോട്ട്. കുറ്റ്യാടി-വയനാട് ഹൈവേയിലെ ഏറ്റവും ഉയർന്ന സ്ഥലമാണത്. ഫോറസ്റ്റ് ലൈബ്രറിക്ക് ഏറ്റവും അനുയോജ്യമായ ഇടവും. അത് കൈമാറി മറ്റൊരാളുടെ കൈയിലെത്തി. ഒടുവിലത് നിയോഗം പോലെ നസ്റുല്ലയുടെ കൈവശം എത്തിപ്പെട്ടു.
ലൈബ്രറിക്കായി മലയാളത്തിലെ എല്ലാ പ്രസിദ്ധീകരണ ശാലകളുടെയും പുസ്തകങ്ങൾക്ക് ഓർഡർ നൽകിക്കൊണ്ടിരിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള കോളജുകളിലെ അധ്യാപകരും എഴുത്തുകാരും കുറെയേറെ പുസ്തകങ്ങൾ തന്നുകഴിഞ്ഞു. പുസ്തകങ്ങൾക്കൊപ്പം ഡിജിറ്റൽ ലൈബ്രറിയും ലഭ്യമാക്കും. അതിനായി www.library.care എന്ന ഡൊമൈൻ വാങ്ങിച്ചു.
ലോകത്തിലെ ഉന്നത സർവകലാശാലകൾ നൽകുന്ന അതേ സൗകര്യം ഇവിടെ ലഭിക്കും. കോടയും മഞ്ഞും കുളിരുമുള്ള ആറേക്കർ സ്ഥലത്ത് വൈഫൈ സൗകര്യവുമൊരുക്കും. ആർക്കും എപ്പോഴും ഇവിടേക്ക് വരാം. എമിലി ബ്രോണ്ടിയുടെ 174ാം ചരമദിനമായ ഡിസംബർ 19ന് ലൈബ്രറി തുറക്കും.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.