ബേപ്പൂർ: നൂറു രൂപ കുറവിൽ മീൻ ചോദിച്ചാൽ ലഭിക്കാൻ പ്രയാസമുള്ള നാട്ടിൽ ശിവരാമൻ 20 രൂപക്കും മീൻ നൽകും. തനിക്ക് ലാഭം കിട്ടിയില്ലെങ്കിലും വീടുകളിൽ മീൻകറി വെക്കണമെന്നാണ് ശിവരാമന്റെ പക്ഷം. 73 വയസ്സ് പിന്നിട്ട പാറ്റയിൽ ശിവരാമൻ ഇപ്പോഴും 10 കിലോമീറ്റർ സൈക്കിൾ ചവിട്ടി മീൻകച്ചവടം ചെയ്യും.
തന്നെ തേടിയെത്തുന്നവർക്ക് കൈയിലുള്ള കാശിന് അദ്ദേഹം മീൻ നൽകും. ചെമ്മീനും കൂന്തളുമടക്കം വിലയുള്ള മീനുകൾ മുതൽ വിലകുറഞ്ഞ അയല, മത്തി, പരൽ തുടങ്ങിയവയെല്ലാം രണ്ട് കുട്ടകളിൽ നിറച്ച് സൈക്കിളിൽ വിൽപന നടത്തുന്ന ശിവരാമനിൽനിന്ന് കൈയിലുള്ളത് കൊടുത്ത് മീൻ വാങ്ങാൻ പറ്റുന്നത് നാട്ടുകാർക്ക് ഏറെ ആശ്വാസമാണ്.
ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തുനിന്ന് മൊത്തവിലയിൽ മത്സ്യം വാങ്ങി ശിവരാമൻ സൈക്കിളിൽ അതിരാവിലെ കൃത്യം ആറ് മണിക്ക് ബേപ്പൂർ കയർ ഫാക്ടറിക്ക് സമീപമെത്തുമ്പോൾ ജനം തടിച്ചുകൂടും.
ഒരു മണിക്കൂറിലെ വിൽപനയിൽതന്നെ പകുതിയോളം മീൻ കാലിയാകും. മാറാട് തന്റെ വീട്ടിലേക്ക് എത്തുന്നതുവരെ ഇതുപോലെ അരമണിക്കൂറുകൾ നിർത്തുന്ന ‘പോയന്റു’കൾ ഉണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീകളടക്കം ശിവരാമനെ കൃത്യസമയത്ത് കാത്തുനിൽക്കും.
പതിനഞ്ചാം വയസ്സിൽ തുടങ്ങിയ മീൻകച്ചവടത്തിൽ ശിവരാമന് ഭാരമുള്ള അധ്വാനത്തിന്റെ കഥയാണ് പറയാനുള്ളത്. അക്കാലത്ത് ഒരു വികസനവുമില്ലാതിരുന്ന മാറാട് കടപ്പുറത്ത് നിന്ന് പതിനഞ്ചാം വയസ്സിൽ മീൻ കച്ചവടം പഠിച്ച ശിവരാമൻ വെള്ളയിൽ കടപ്പുറത്ത് നിന്ന് മീനെടുത്ത് കുട്ടയും തലയിൽ കയറ്റി പത്ത് കിലോമീറ്റർ നടന്ന് മാറാട് വരെ വിൽപന നടത്തും. ഭാര്യയും വിവാഹിതരായ രണ്ട് ആൺമക്കളും ഒരു മകളുമുണ്ട് ശിവരാമന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.