ദുബൈ: ലോകകപ്പ് സമയത്ത് ഫുട്ബാൾ നിരീക്ഷണം നടത്തി സമൂഹമാധ്യമങ്ങളിൽ താരമായ വാഴക്കാട് തടായി വീട്ടിൽ സുബൈർ വാഴക്കാടിന് വീടൊരുക്കാൻ യു.എ.ഇ വ്യവസായി. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദാണ് സുബൈറിന് വീട് നിർമിച്ച് നൽകുന്നത്. ഇത്തവണ നാട്ടിലെത്തിയപ്പോൾ വീടിന്റെ കുറ്റിയടിക്കലും കഴിഞ്ഞാണ് അഫി മടങ്ങിയത്. നിർമാണത്തിനാവശ്യമായ ആദ്യ ഗഡുവും കൈമാറി.
മലബാർ ഭാഷയിൽ കളിപറയുന്ന അർജന്റീനൻ ആരാധകനായ സുബൈറിന്റെ വിഡിയോ വൈറലായിരുന്നു. നാടിനെ മുഴുവൻ സന്തോഷിപ്പിക്കുമ്പോഴും സുരക്ഷിതമായ വീടില്ലെന്ന ദുഃഖം സുബൈറിനെ അലട്ടിയിരുന്നു. നിലവിലെ പഴക്കം ചെന്ന വീട്ടിലായിരുന്നു താമസം. ഫുട്ബാൾ പ്രേമികളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെയാണ് വീട് നിർമാണം. രണ്ടു കിടപ്പുമുറികളുണ്ടാവും.
എട്ടുലക്ഷം രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. നാലുലക്ഷം രൂപ അഫി അഹ്മദ് കഴിഞ്ഞ ദിവസം കൈമാറി. ഒരാളുടെ സ്വപ്നം സഫലമാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു. ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ സൗദിയോട് അർജന്റീന പരാജയപ്പെട്ടപ്പോൾ നിറകണ്ണുകളുമായി നിന്ന നിബ്രാസിനെ ഖത്തറിലെത്തിച്ച് കളി കാണാൻ അവസരമൊരുക്കിയതും അഫി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.