വർണങ്ങളുടെ സമന്വയമായ വള്ളുവനാട്ടിലെ പൂരങ്ങള്‍ പൂത്തുലയുന്നത് ഓരോ ജാതി വിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ കൊട്ടിക്കയറുമ്പോഴാണ്. ഉച്ഛനീചത്ത്വം കലകളെയും ബാധിച്ചിരുന്ന കാലമുണ്ടായിരുന്നു. ചിലതരം മനുഷ് യരെ മാത്രമായിരുന്നില്ല തീണ്ടാപ്പാടകലെ നിർത്തിയിരുന്നത്; അവരുടെ കലകളെക്കൂടിയായിരുന്നു. കൊടിയ ദാരിദ്ര്യത്തി ൻെറ നാളുകളിൽ ഉള്ളിലെ നന്മയും നിസ്സഹായാവസ്ഥയും, രോഷവും, താള വാദ്യ കലാരൂപങ്ങളായി ആവിഷ്കരിച്ചപ്പോൾ അവരുടെ കല പിറവിയെടുത്തു.
ഉച്ഛനീചത്വങ്ങൾ തെല്ലൊരു പരിധി അകന്നെങ്കിലും, ദളിതന്റെ കലകള്‍ക്ക് പ്രാദേശികമായ അംഗീകാരങ് ങളും പ്രോത്‌സാഹനവും ലഭിച്ചിരുന്നില്ല. എങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഇന്നും വളരെ ചുരുക്കം ചിലര്‍ അവ കൊണ്ടു നടക്കുന്നു. അതില്‍ ശ്രദ്ധേയനായ കലാകാരനാണ് പാലക്കാട് ജില്ലയിലെ തൃത്താല കോട്ടപ്പാടത്ത് 38കാരനായ വെങ്കര ഹരിദാസന്‍ എന്ന 'മരം കൊട്ടുകാരന്‍'. വള്ളുവനാട്ടിലെ പ്രസിദ്ധമായ ചമ്മിണിക്കാവ്, ചിറങ്കര, ആര്യന്‍കാവ് എന്നിവിടങ്ങളിലെ പൂരങ്ങളില്‍ തൻെറ കഴിവിനാല്‍ ആസ്വാദക ഹൃദയം കവര്‍ന്ന കലാകാരന്‍.
പറയ സമുദായത്തിന്റെ വാദ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതെന്ന് വിശേഷിപ്പിക്കുന്നത് 'മര' വാദ്യത്തെയാണ്. അതുകൊണ്ടുതന്നെ മരങ്കൊട്ടില്ലാത്ത ചടങ്ങുകളില്ല വളളുവനാട്ടിലെ പറയ സമുദായക്കാര്‍ക്ക്. മൂന്ന് മരവും രണ്ട് ചെണ്ട വലന്തലയുമാണ് പതിവ്. ഒരു കുഴല്‍ കൂടിയുണ്ടെങ്കില്‍ കൊട്ട് കൊഴുക്കും. കുഴല്‍ ചെറുതും അഞ്ച് സുഷിരങ്ങളോടു കൂടിയതുമാണ്. സുഷിരങ്ങള്‍ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. മദ്ദളം പോലെ ഉരുണ്ട് ഇരുഭാഗത്തും മൂരി കുട്ടിയുടെ തോലുകൊണ്ട് മൂടിയതാണ് ഉപകരണം. പേരു പോലെ പ്ലാവിൻെറ കട തുരന്നാണ് 'മര'മുണ്ടാക്കുന്നത്. കാലോചിതമായ പരിഷ്കാരങ്ങൾ മരത്തെയും പിടികൂടിയിട്ടുണ്ട്. കുറ്റി പി.വി.സി പൈപ്പിലും തോല് ഫൈബറിലും ആയികൊണ്ടിരിക്കുന്നു. എന്നിട്ടും ഹരിദാസന്‍ ഇപ്പോഴും പാരമ്പര്യരീതിയിലുള്ള മരമാണ് ഉപയോഗിക്കുന്നത്. അതിനൊരു കാരണവും പറയാനുണ്ട്. തോലില്‍ നിന്നുള്ള ശബ്ദത്തോളമൊക്കില്ലത്രെ ഫൈബറിന്. ഓരോ മുഖത്തേയും ഇടം കണ്ണി എന്നും വലം കണ്ണി എന്നുമാണ് പറയുക.
പ്രമാണം നിന്ന് ഒരാള്‍ കൊട്ടുകയും മറ്റെയാള്‍ അത് മറിച്ച് കൊട്ടുകയും അങ്ങിനെ മത്സരത്തോടെ 'അങ്ക'മായി പെരുക്കിക്കൊണ്ടു വരുന്നു. സംസാരിക്കുന്നതിനിടയില്‍ ഹരിദാസന്റെ മകന്‍ നാലാം ക്ലാസുക്കാരന്‍ വിഷ്ണു മരവുമായി വന്നു. 'ത ഇന്ത്, ഇന്ത് താം' ഹരിദാസന്‍ പതുക്കെ കൊട്ടി.
മലവഴിയാട്ടം, കരിംകുട്ടിയാട്ടം, ചെറുനീലിയാട്ടം, മുത്തപ്പനാട്ടം, തോറ്റം, വേലകെട്ടി പോവൽ, താലം വരവ്, എന്നിവക്കൊക്കെ മരം കൊട്ടാണ് പ്രധാനം. പ്രേത സംബന്ധ ചടങ്ങായ കൊട്ടിയാട്ടം ഇന്നൊരുവിധം അസ്തമിച്ചെങ്കിലും മരംകൊട്ട് അതിനും വേണം. പല തരത്തിലാണ് പ്രമാണി കൊട്ടുക. കൊട്ടിലെ മനോ ധര്‍മ്മങ്ങളില്‍ കലാകാരന്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നു. ഓരോ ചടങ്ങിനും ഓരോ താളത്തിലാണ് കൊട്ട്. വേലകെട്ടി പോകുമ്പോള്‍ ഒരുകൊട്ട് വേലേറ്റുക എന്നു പറയും, കാവിലെത്തിയാല്‍ മറ്റൊന്ന്, തിരികെ പോരുമ്പോള്‍ വേല മുടികുത്തിപോരുക എന്ന്. ചടങ്ങുകള്‍ക്കും താളം അതിനനുസരിച്ച് മാറികൊണ്ടിരിക്കും. കൊട്ടുവാന്‍ തുടങ്ങുന്നതിനു മുമ്പായി വാദ്യക്കാര്‍ പരസ്പരം കൈകൂപ്പി പിഴവുണ്ടെങ്കില്‍ പൊറുക്കണമെന്ന അര്‍ത്ഥത്തില്‍ വണങ്ങി ദേവിയെ ധ്യാനിച്ച് കൊട്ടി തുടങ്ങും. ഒരുപക്ഷേ, ചെണ്ടയിലെ ഗണപതികൈയ്യായി താരതമ്യം ചെയ്യാം. അങ്ങിനെ പതികാലത്തില്‍ തുടങ്ങി പെരുക്കി കൂട്ടി തീരോടുകൂടി കലാശിക്കും. മുറുകിയാല്‍ വലം കണ്ണിയിലും ഇടം കണ്ണിയിലും ഇരുകൈകള്‍ കൊണ്ടും കൊട്ടി താളം ദ്രുതമാക്കുന്നതാണ്. ഇടക്ക് പിഴച്ചാല്‍ വലംകണ്ണിയില്‍ പഴുത് നോക്കി രണ്ട് കൊട്ടി ഇടക്ക് കയറാവുന്നതാണ്. ഇപ്പോള്‍ സ്റ്റേജ് പരിപാടി കളുടെ കാലമായതിനാല്‍ പത്ത് മിനുട്ടുകൊണ്ടു കൊട്ടി തീര്‍ക്കാറുണ്ട്. സാധാരണ രണ്ട് മണിക്കൂര്‍ സമയം വേണ്ടിവരും.
ക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് പ്രവേശനമില്ലെങ്കിലും തീണ്ടാപ്പാടകലെ മരം കൊട്ടുന്നിടത്ത് ദേവിയുടെ അനുഗ്രഹത്താല്‍ തിരുമുറ്റമാകും എന്നാണ് വിശ്വാസം. ഈ ഒരു വിവേചനം അംഗീകാരത്തിലും പ്രോത്‌സാഹനത്തിലും പ്രകടമാണ്. സര്‍ക്കാരില്‍ നിന്നുള്ള ചില അംഗീകാരങ്ങളല്ലാതെ വളയോ പൊന്നാടകളോ ലഭിക്കാറില്ല. എങ്കിലും ഹരിദാസന് അതിലൊന്നും പരിഭവമില്ല. കാരണം താന്‍ പെരുക്കുന്ന താളത്തില്‍ ആസ്വദകര്‍ കൈകള്‍ കൊണ്ട് താളം പടിച്ച് നൃത്തം ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയിലും വലിയൊരംഗീകാരം ഇല്ലെന്നാണ് ഹരിദാസന്റ മതം. മകനേയും ഇപ്പോള്‍ കൊട്ട് പഠിപ്പിക്കുന്നുണ്ട്. ഇതിനെല്ലം പ്രേരണയായി സഹധര്‍മിണി സുജാതയും,'മരം' എടുക്കാറായാല്‍ രണ്ടാമത്തെ കുട്ടി ഒന്നാം ക്‌ളാസുകാരന്‍ വിശ്വദേവിനെയും പഠിപ്പിക്കണമെന്നുണ്ട് ഹരിദാസന്. പ്രസിദ്ധ മന്ത്രവാദിനിയായ വെങ്കരകാളിയുടെ പേരമകന് വാദ്യം മാത്രമല്ല. മുത്തശ്ശിയുടെ പാരമ്പര്യമായി മന്ത്രവാദവും ജ്യോത്സ്യവുമുണ്ട്. ഹൃദയത്തില്‍ നിന്നും വരുന്ന ആ മൊഴികള്‍ കേട്ടാലറിയാം ഏതു കഷ്ടതകളെയും പ്രതി ബന്ധങ്ങളെയും അതിജീവിക്കാനുളള ശക്തി ആ കലോപാസകനുണ്ടെന്ന്.
'… ച്ഛ ടിം ജ, ഡിം ജ ഡാം..' അരയില്‍ കെട്ടിയ മരത്തില്‍ നിന്നും ഹരിയുടെ കൈവിരുതിലൂടെ അവിടെയപ്പോൾ നാദ ധ്വനി മുഖരിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.