മദീന: പ്രവാചക ചരിത്രത്തോട് ബന്ധമുള്ള നിരവധി കിണറുകൾ മദീനയിലുണ്ട്. പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഇവിടെയുള്ള പൗരാണിക കിണർ ‘ബിഅ്ർ ഗർസ്’ (ഗർസ് കിണർ). മസ്ജിദുൽ നബവിയിൽനിന്ന് മൂന്നു കിലോമീറ്ററകലെയാണിത്. മദീനയിലെ ആദ്യ പള്ളിയായ മസ്ജിദുൽ ഖുബയുടെ വടക്കുകിഴക്ക് ഭാഗത്ത് ഒന്നര കിലോമീറ്റർ അകലെയുമാണ് ഈ കിണറുള്ളത്.
കുർബാൻ റോഡിൽ ഒരു സ്വകാര്യ സ്കൂളിനോട് ചേർന്നാണിത് സ്ഥിതിചെയ്യുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങളും വികസനവും പൂർത്തിയാക്കി സന്ദർശകർക്ക് ഈയടുത്താണ് അധികൃതർ പ്രവേശനം അനുവദിച്ചത്. മുഹമ്മദ് നബി തെൻറ മൃതദേഹം കുളിപ്പിക്കാൻ ‘ബിഅ്ർ ഗർസ്’ലെ വെള്ളം ഉപയോഗിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പിന്നീട് പ്രവാചകൻ മരണപ്പെട്ട സമയത്ത് അനുചരന്മാർ ഈ കിണറിലെ വെള്ളം ഉപയോഗിച്ച് മയ്യിത്ത് കുളിപ്പിക്കുകയും ചെയ്തെന്ന് ചരിത്രം പറയുന്നു.
നബിയുടെ അനുചരന്മാരിൽ പ്രമുഖനായ സഅദ് ബിൻ ഖൈസമ എന്നയാളുടേതായിരുന്നു ഈ കിണർ. മദീനയിലെത്തിയ പ്രവാചകൻ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നുവെന്നും അനുചരന്മാർക്ക് മതപഠനം നൽത്തിയിരുന്നത് ഇവിടെ വെച്ചായിരുന്നുവെന്നും ചരിത്രം പറയുന്നു.
ഈ വീടിനോടു ചേർന്നുണ്ടായിരുന്ന ഗർസ് കിണറിനെ ‘എന്റെ കിണർ’ എന്നും ‘സ്വർഗത്തിലെ കിണർ’ എന്നും പ്രവാചകൻ വിശേഷിപ്പിച്ചിരുന്നു. ഗർസ് എന്ന അറബി പദത്തിന് ചെടി, തൈ നടുക എന്നെല്ലാമാണ് അർഥം. ആദ്യകാലത്ത് മദീനയിലെ ആളുകൾ കുടിവെള്ളത്തിനും കൃഷിക്കും ഈ കിണറിനെ ആയിരുന്നു കൂടുതൽ ആശ്രയിച്ചിരുന്നത്.
പ്രവാചകെൻറ പിതൃസഹോദരനായ അബൂത്വാലിബിന്റെ പുത്രനും പ്രവാചക പുത്രി ഫാത്തിമയുടെ ഭർത്താവുമായ അലി ബിൻ അബീത്വാലിബിനോട് ഈ കിണറിനെ കുറിച്ച് പ്രവാചകൻ പ്രത്യേക വസീയത്ത് ചെയ്തതായും ചരിത്രത്തിൽ കാണാം.
ഗർസ് കിണർ പ്രദേശവാസികൾക്ക് വെള്ളമെടുക്കാൻ കൂടി സൗകര്യപ്പെടുത്തി അടുത്തിടെയാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. മദീന ഗവർണറും മദീന വികസന അതോറിറ്റി ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാനാണ് ഇതിെൻറ ഉദ്ഘാടനം നിർവഹിച്ചത്. തനത് വാസ്തുവിദ്യാ സ്വഭാവം നിലനിർത്തിയാണ് കിണറിന്റെ വികസനം പൂർത്തിയാക്കിയത്. കിണറിന്റെ വശങ്ങളിൽ ‘സാൾട്ട്’ കല്ലുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് കിണറിെൻറ മേൽക്കൂര ഇരുമ്പുകൊണ്ട് നിർമിച്ചിരിക്കുകയാണ്. കിണറോടുചേർന്നുള്ള പുരാതന പള്ളിയുടെ ശേഷിപ്പുകളും തനിമയോടെ തന്നെ ഇവിടെ സംരക്ഷിച്ചുവരുന്നു. കിണറിന് ചുറ്റുമുള്ള മുറ്റം പ്രകൃതിദത്തമായ കല്ലുകൾ പതിച്ച നിലയിൽ ആകർഷണീയമാക്കിയിട്ടുണ്ട്. രണ്ടു മീറ്റർ നീളവും ഉയരവുമുള്ള ചുറ്റുമതിലും ഗേറ്റും ഉണ്ട്.
പകൽ മാത്രമാണ് സന്ദർശനാനുമതി. കിണറിൽനിന്ന് വെള്ളമെടുക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗർസ് കിണറിന്റെ ചെറിയ ചരിത്രവും ഫോട്ടോകളും ഇവിടെ കുറിച്ചുവെച്ചതും ചരിത്രാന്വേഷകർക്ക് ഏറെ ഉപകാരപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.