വിശ്വാസവും സ്വഭാവവും

വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ് നല്ല സ്വഭാവപെരുമാറ്റങ്ങള്‍. ഒരാള്‍ വിശ്വാസിയായിരിക്കുകയും ചീത്ത സ്വഭാവപെരുമാറ്റങ്ങള്‍ക്ക് ഉടമയായിരിക്കുകയും ചെയ്യുക എന്ന ത് അസംഭവ്യമാണ്. ഈമാന്‍ പൂര്‍ണമാവുന്നത് ഉല്‍കൃഷ്ടമായ സ്വഭാവപെരുമാറ്റങ്ങളിലൂടെയാണെന്ന് മുഹമ്മദ് നബി പഠിപ്പിക്കുന്നു. നമ്മുടെ സ്വഭാവപെരുമാറ്റങ്ങളെക്കുറിച്ച് നാം വെച്ചു പുലര്‍ത്തുന്ന സംതൃപ്തി നമ്മെ വഞ്ചിതരാക്കും. അടുത്തിടപഴകുന്നവര്‍ നമ്മെ എങ്ങനെ വിലയിരുത്തുന്നു എന്നതുതന്നെയാണ് നമ്മുടെ സ്വഭാവപെരുമാറ്റങ്ങളുടെ നന്മകളെയും വൈകൃതങ്ങളെയും വിലയിരുത്താനുള്ള മികച്ച അളവുകോല്‍. ദമ്പതികള്‍, മാതാപിതാക്കള്‍, കുട്ടികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കീഴുദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരോട് ധൈര്യസമേതം അതേക്കുറിച്ച് ചോദിക്കുന്നവനേ തന്നെ തിരുത്താനും ഉദാത്തമായ സ്വഭാവഗുണങ്ങളിലെത്താനും പറ്റൂ.

ദൈവഭക്തിയാണല്ലോ റമദാന്‍ വ്രതത്തിന്റെ ലക്ഷ്യം. ദൈവഭക്തിയുടെ ഭാഗമാണ് നല്ല സ്വഭാവഗുണങ്ങള്‍. മരണാനന്തരം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ അധികപേരും ദൈവഭക്തികാരണവും സൽസ്വഭാവം കാരണവുമായിരിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ വികാരവിക്ഷോഭങ്ങളുടെ കയറ്റിറക്കങ്ങളില്‍ ദൈവത്തെ ഭയന്നും അവനില്‍നിന്നുള്ള പ്രീതി പ്രതീക്ഷിച്ചും ഉന്നതമായ സ്വഭാവപെരുമാറ്റങ്ങള്‍ കാഴ്ചവെക്കുന്നവരാണ് സ്വര്‍ഗപ്രവേശനത്തിനര്‍ഹര്‍ എന്നര്‍ഥം. ജീവിതം പരീക്ഷണമാണ്. അനേകം പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും വ്യക്തിയും കുടുംബവും സമൂഹവും അഭിമുഖീകരിക്കേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഉജ്ജ്വലമായ സ്വഭാവപെരുമാറ്റങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കേ അവയെ അതിജയിക്കാനാവൂ. വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ച മുഹമ്മദ് നബി അവയെ സാധ്യതകളാക്കി പരിവര്‍ത്തിപ്പിച്ച് വിജയിച്ചതിനുള്ള കാരണമായി ഖുര്‍ആന്‍ പറയുന്നത്, അദ്ദേഹം മഹത്തായ സ്വഭാവങ്ങള്‍ക്ക് ഉടമയായിരുന്നു എന്നാണ്. തന്റെ പത്‌നി ആയിശ(റ) അദ്ദേഹത്തെ വിശേഷിപ്പിച്ചതാവട്ടെ അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു എന്നാണ്.

ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്ന മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരുന്നു മുഹമ്മദ് നബിയുടെ ദൗത്യം. ഖുര്‍ആനിലുടനീളം അതിനുതകുന്ന പ്രചോദനങ്ങളാണുള്ളത്. മഹിതമായ സ്വഭാവമര്യാദകളുടെ പരിശീലനവും പാഠശാലയുമാണ് വ്രതാനുഷ്ഠാനം. പകലില്‍ അന്നപാനീയങ്ങളുപേക്ഷിക്കലാണല്ലോ പ്രത്യക്ഷത്തില്‍ നോമ്പ്. എന്നാല്‍, എല്ലാ പട്ടിണിയും നോമ്പല്ല. ദൈവപ്രീതി കാംക്ഷിച്ച് നല്ലതല്ലാത്ത വര്‍ത്തമാനങ്ങളും തദനുസൃതമായ പ്രവര്‍ത്തനവും കൂടി ജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്തുമ്പോഴേ പ്രതിഫലദായകമായ വ്രതാനുഷ്ഠാനമായി അത് പരിണമിക്കൂ. അല്ലാത്ത വ്രതാനുഷ്ഠാനം അല്ലാഹുവിന് ആവശ്യമില്ലെന്നും നബി പഠിപ്പിക്കുന്നു. ആരെയും കൊതിപ്പിക്കുന്ന സ്വഭാവവും പെരുമാറ്റവും മര്യാദകളും ഇടപഴകലുകളുമെല്ലാമുള്ള വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും കുറിച്ച് ഒന്നാലോചിച്ചു നോക്കൂ, എന്തൊരു സൗന്ദര്യമുള്ള ഭാവനയായിരിക്കുമത്. അത് അസാധ്യമൊന്നുമല്ല. ചരിത്രത്തില്‍ പലതവണ ആവര്‍ത്തിച്ചതാണ്. നമുക്കൊരു തീരുമാനം വേണം, മാറാനും മാറ്റാനും.

Tags:    
News Summary - Belief and character

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.