പ്രവാചകന്മാരുടെ കാൽപാദം പതിഞ്ഞ മൺതരികളെ പെറുക്കിയെടുത്ത് ആസ്വാദ്യകരമായി മാപ്പിളപ്പാട്ട് എന്ന കാവ്യത്തിലൂടെ പ്രശസ്തമാക്കിയ ഒട്ടേറെ എഴുത്തുകാരും പാട്ടുകാരുമുണ്ട്
ബലിപെരുന്നാൾ ഓർമകൾ മലയാളികളുടെ മനസ്സിലേക്കെത്തുമ്പോൾ മനോമുകുരത്തിൽ വിരിയുന്ന മാപ്പിളപ്പാട്ടാണ് ‘ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ’ എന്ന് തുടങ്ങുന്ന ഗാനം. വടകര കൃഷ്ണദാസ് ചിട്ടപ്പെടുത്തിയ ഈ മാപ്പിളപ്പാട്ട് എവിടെ നിന്നെങ്കിലും മൂളി കേൾക്കാതെ മലയാളക്കരയിൽ ബലിപെരുന്നാളിന് ഒരസ്തമയമുണ്ടാകാറില്ല എന്നു വേണമെങ്കിലും പറയാം.
‘ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്..’ ‘സുബഹിക്ക് മിനാരത്തിൽ വലം വെച്ച് പറക്കുന്ന ദിക്ർ പാടിക്കിളിയെ നീ കണ്ടോ’ എന്ന ഗാനവുമൊക്കെ ഒരു കാലത്ത് സമൂഹം ഒന്നടങ്കം ഏറ്റെടുത്ത മാപ്പിളപ്പാട്ടുകളായിരുന്നു. അക്കാലത്തെ പാട്ടുകൾക്കൊക്കെയും ബലിപെരുന്നാളിന്റെയും, ഇബ്രാഹിമി പാരമ്പര്യത്തിന്റെയും ത്യാഗനിർഭരമായ ഹജ്ജിന്റെയുമൊക്കെ പ്രാധാന്യം ഹൃദയങ്ങളിലേക്ക് പകർന്നു കൊടുക്കാൻ കഴിവുണ്ടായിരുന്നു.
പ്രവാചകന്മാരുടെ കാൽപാദം പതിഞ്ഞ മൺതരികളെ പെറുക്കിയെടുത്ത് ആസ്വാദ്യകരമായി മാപ്പിളപ്പാട്ട് എന്ന കാവ്യത്തിലൂടെ പ്രശസ്തമാക്കിയ ഒട്ടേറെ എഴുത്തുകാരും പാട്ടുകാരുമുണ്ട്. അവരിൽ പലരും ഇന്ന് നമുക്കൊപ്പമില്ല. എങ്കിലും അവർ പാടിയും പറഞ്ഞും പോയ ചരിത്രങ്ങൾ അതേപടി ഇന്നും വേദികൾ ഏറ്റുപാടുന്നത് എത്രമാത്രം ആഹ്ലാദകരമാണ്. ആകെയുള്ള ജീവിതത്തിൽ വലിയ വിസ്മയങ്ങൾ ഒന്നും കാണിക്കാൻ ശ്രമിച്ചിട്ടല്ല, ഹൃദയം തുറന്ന് എഴുതിയ അവരുടെ കാവ്യശകലങ്ങൾക്ക് അത്രയും ശക്തിയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇന്നും അത്തരം പാട്ടുകൾ.
കവി പി.ടി. അബ്ദുറഹിമാൻ രചിച്ച മാപ്പിളപ്പാട്ടുകൾ ആസ്വാദകരുടെ മനം കവരുന്നതായിരുന്നു. ‘കാഫ് മല കണ്ട പൂങ്കാറ്റേ, കാണിക്ക നീ കൊണ്ടു വന്നാട്ടേ’ എന്ന ഗാനരചനയിലൂടെ പി.ടിയാണ് മലയാളി മനസ്സുകളെ മക്കയിലേക്കും മദീനയിലേക്കും നടത്തിക്കൊണ്ടു പോയത് എന്ന് നിസ്സംശയം പറയാം. മക്കയിലേക്ക് കാൽനടയായി പോകുന്ന കച്ചവടസംഘങ്ങൾ തമ്പടിക്കുന്ന അതിർത്തി പ്രദേശമായിരുന്നു പുരാതന കാലഘട്ടത്തിലെ കാഫ് മല എന്ന് അറിയുന്നവർ വിരളമായിരിക്കും. എന്നാൽ, പ്രവാചകൻ ലോകത്ത് അറിവിന്റെ പ്രകാശം വിരിയിച്ച പുണ്യഭൂമിയെയും നബിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ നാടിനെയും കാഫ് മല എന്ന കവാടത്തിലൂടെ വർണിക്കുകയായിരുന്നു പി.ടി. അബ്ദുറഹിമാന്റെ കാവ്യഭാവന.
മാപ്പിളപ്പാട്ടിന്റെ പാരമ്പര്യം എന്നത് വിശാലമായ ഒരേടാണ്. ചരിത്രം പറയാനും, പകർന്നു കൊടുക്കാനുമുള്ള മാധ്യമമായി മാപ്പിളപ്പാട്ട് എന്ന കലാ സൃഷ്ടിയെ ഉപയോഗപ്പെടുത്തിയ ഒട്ടേറെ കാലാകാരന്മാരുണ്ട്, ഖാദി മുഹമ്മദിൽ തുടങ്ങി മോയിൻകുട്ടി വൈദ്യരിലൂടെ, എ.വി. മുഹമ്മദ്, രാഘവൻ മാഷ്, പി. ഭാസ്കരൻ, കമ്പളത്ത് ഗോവിന്ദൻ നായർ, ടി. ഉബൈദ് മാഷ്, റംല ബീഗം, അയ്ഷ ബീഗം, ബാപ്പു വെള്ളിപ്പറമ്പ്, ഒ.എം. കരുവാരക്കുണ്ട്, പി.ടി. അബ്ദു റഹ്മാൻ, ഫൈസൽ എളേറ്റിൽ, വി.എം. കുട്ടി, വടകര കൃഷ്ണദാസ്, പീർ മുഹമ്മദ്, കെ.ജി. സത്താർ എരഞ്ഞോളി മൂസ, വി.ടി. മുരളി, വിളയിൽ ഫസീല, എം. കുഞ്ഞിമൂസ, എസ്.എ. ജമീൽ, കണ്ണൂർ ഷരീഫ്, എസ്.വി. ഉസ്മാൻ, ചാന്ദ് പാഷ, കോഴിക്കോട് അബൂബക്കർ തുടങ്ങി ഗാനരചനയിലും സംഗീത സംവിധാനത്തിലും മറ്റുമായി മാപ്പിളപ്പാട്ട് രംഗത്ത് ഒരുപാട് പ്രതിഭകൾ മൺമറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായി ഉണ്ട്.
സർവ സാധാരണയായി ബലിപെരുന്നാളിന്റെ സായാഹ്നങ്ങളിൽ ഇത്തരം ഗാനങ്ങൾ ക്രോഡീകരിച്ചു കൊണ്ടുള്ള ഗാനമേളകൾ ഗ്രാമങ്ങൾതോറും സംഘടിപ്പിക്കുന്നതും പ്രവാചകന്മാരുടെ ചരിത്രപശ്ചാത്തലമുള്ള ഗാനങ്ങളുമെല്ലാം ബലിപെരുന്നാൾ സംഗമങ്ങളിൽ പുനർജനി കൊള്ളും. ഗൃഹാതുരത്വമുണർത്തുന്ന മാപ്പിളപ്പാട്ടിന്റെ ശീലുകൾ അരങ്ങുണർന്ന് ഓർമകൾക്ക് നിറംപകരുന്ന ദിനങ്ങൾ കൂടിയാണ് നമുക്ക് ബലിപെരുന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.