ന്യൂഡൽഹി: ഹജ്ജ് യാത്രയിൽ ഉപകാരപ്രദമായ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ച ഹജ്ജ് സുവിധ ആപ് 2.0 ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പുറത്തിറക്കി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനശിലയാണ് ഹജ്ജെന്ന് റിജിജു വ്യക്തമാക്കി.
വിവേചനാധികാര ക്വോട്ട നീക്കം ചെയ്യൽ, ഹജ്ജ് സുവിധ ആപ്പിലൂടെ സാങ്കേതിക വിദ്യയുടെ സംയോജനം, മെഹ്റം ഇല്ലാതെ സ്ത്രീ തീർഥാടകർക്ക് സൗകര്യമൊരുക്കൽ തുടങ്ങി വിപ്ലവകരമായ മാറ്റങ്ങളാണ് ഹജ്ജ് യാത്രയിൽ കൊണ്ടുവരാനായതെന്നും റിജിജു പറഞ്ഞു.
അസീസിയക്ക് പുറമെ ഹറമിന് സമീപ പ്രദേശങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള കൂടുതൽ കെട്ടിടങ്ങൾ സജ്ജീകരിക്കാൻ പദ്ധതിയുണ്ടെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
2024ൽ പുറത്തിറക്കിയ ഹജ്ജ് സുവിധ ആപ് 1.0 ന്റെ പരിഷ്കരിച്ച പതിപ്പാണ് 2.0. വിവിധ നടപടിക്രമങ്ങൾ, ബോർഡിങ് പാസ്, വിമാന യാത്രാ വിശദാംശങ്ങൾ, മിന മാപ്പുകളുള്ള നാവിഗേഷൻ സംവിധാനം, തീർഥാടകരുടെ ആരോഗ്യവിവരങ്ങൾ പരിഹരിച്ച് നിർദേശങ്ങൾ തുടങ്ങിയ സവിശേഷതകൾ പുതിയ പതിപ്പിൽ ലഭ്യമാവുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹജ്ജ് കമ്മിറ്റി ചെയർപേഴ്സന്മാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് പുതുക്കിയ സുവിധ ആപ് പുറത്തിറക്കിയത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിയും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.