മു​സ്ത​ഫ

മുസ്തഫയുടെ ബാങ്കൊലി നിലച്ചു

അമ്പലപ്പുഴ: നാലുപതിറ്റാണ്ടോളം നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന മുസ്തഫയുടെ ബാങ്കൊലി ശബ്ദം നിലച്ചു. കമ്പിവളപ്പ് നിവാസികള്‍ക്ക് അഞ്ചുനേരവും നമസ്കാരസമയം അറിയിച്ചിരുന്നത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12ാം വാർഡ് സീതുപാറലിൽ മുസ്തഫ (95)യായിരുന്നു.

ജലാശയങ്ങളാൽ ചുറ്റപ്പെട്ട കാക്കാഴം കമ്പിവളപ്പ് പ്രദേശത്ത് 1979ലാണ് മദ്റസയും പിന്നീട് പള്ളിയും നിർമിക്കുന്നത്. പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക് മതപഠനത്തിനായി തോടുകളടക്കമുള്ള ജലാശയങ്ങൾ താണ്ടി ഏറെ ദൂരം പോകേണ്ടി വന്നിരുന്ന ദുരവസ്ഥയിലാണ് മുസ്തഫ അടക്കം പ്രദേശത്തെ സാധാരണക്കാരായ ഒരുകൂട്ടം ചെറുപ്പക്കാർ ഒരുമിച്ചുകൂടി മദ്റസത്തുൽ ഖാദിരിയ്യ എന്ന പേരിൽ മദ്റസ നിർമിക്കുന്നത്.

വൈകാതെ തന്നെ മദ്റസയോട് ചേർന്ന് പള്ളിയും നിർമിച്ചു. പള്ളി നിർമാണ സംഘത്തിലൊരാളായിരുന്ന ഇദ്ദേഹം തുടക്കം മുതൽ ബാങ്കുവിളി ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ഒരിക്കൽ പോലും പ്രതിഫലവും വാങ്ങിയിരുന്നില്ല. ആദ്യനാളുകളിൽ ബാങ്കുവിളിക്കായി മൈക്കോ മറ്റു സംവിധാനങ്ങളോ പള്ളിയിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ പള്ളിയുടെ കട്ടളപ്പടിയിൽനിന്ന് അത്യുച്ചത്തിലായിരുന്നു ബാങ്കുവിളി.

പള്ളി പരിപാലിക്കുന്നതിലും മുന്നിൽ തന്നെയായിരുന്നു മുസ്തഫ. കൂലിപ്പണിക്കാരനായിരുന്നെങ്കിലും അഞ്ചുനേരവും കൃത്യമായെത്തി ബാങ്കുവിളിക്കുന്ന കാര്യത്തിൽ ഒരു മുടക്കവും വരുത്തിയില്ല. കാലവർഷത്തിൽ പള്ളിയടക്കം പ്രദേശം വെള്ളക്കെട്ടിലാകുമ്പോഴും സുബ്ഹ് ബാങ്കുവിളിക്കാനായി പുലര്‍ച്ച രണ്ടോടെ വെള്ളക്കെട്ടുകള്‍ താണ്ടി പള്ളിയിലെത്തുന്ന ഇദ്ദേഹം കുളിച്ച് തഹ്‌ജുദ് നമസ്കരിച്ച് ദിക്റുകളും സ്വലാത്തുകളുമുരുവിട്ട് സുബ്ഹിന്റെ സമയം വരെ ഉറങ്ങാതെ ഇരിക്കും.

പഴയ കാലത്ത് പള്ളിയിലെത്താൻ റോഡുകളും സുഗമമായ വഴികളോ ഉണ്ടായിരുന്നില്ല. 30ഓളം മീറ്റർ വരുന്ന ഒരു തോട് നീന്തിക്കടന്നാണ് മുസ്തഫ പാതിരാത്രി പള്ളിയിലെത്തിയിരുന്നത്.പതിറ്റാണ്ടുകളായി മുടങ്ങാതെ ബാങ്കുവിളിച്ചിരുന്ന ഇദ്ദേഹം പ്രായം സമ്മാനിച്ച അസ്വസ്ഥതകളെ തുടർന്ന് ഏതാനും മാസങ്ങളായി പള്ളിയിലെത്തിയിരുന്നില്ല.

മുസ്തഫയുടെ മരണവാർത്തയറിഞ്ഞ് ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് എത്തിയത്. തിങ്കളാഴ്ച കാക്കാഴം മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് നിരവധിയാളുകളാണ് പള്ളിയിൽ ഒരുമിച്ചു കൂടിയത്. 

Tags:    
News Summary - Forty years of service; Mustafa left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.